നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday 13 November 2012

ക്ഷേത്ര ദര്‍ശനം



ഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക്‌ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.

വഴിപാടുകളുടെ പ്രാധാന്യം

നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വച്ച് ചെയ്യുന്ന ത്യാഗാമാണതെന്നും ഒരു വിശ്വാസമുണ്ട്.

വഴിപാട് യാഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണമായോ ഭാഗമാക്കി തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. ഭക്തി നിര്‍ഭരമായ മനസ് ദേവനില്‍തന്നെ കേന്ദ്രികരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണഫലം നല്‍കുക തന്നെ ചെയ്യുമെന്ന് എത്രയോ അനുഭവങ്ങളാല്‍ ബോധ്യമായിടുണ്ട്.‌ വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടിഫലം വഴിപാടുകള്‍ കഴിച്ചു കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവേ നടത്തപെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തിരിക്കാം അര്‍ച്ചന, അഭിഷേകം, ചന്ദനം ചാര്‍ത്ത്, നിവേദ്യം, വിളക്ക് മറ്റുള്ളവ അങ്ങിനെയാണ് ആ വിഭാജനം.

അര്‍ച്ചന :

മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവതയ്ക്ക് പൂജാപുഷ്പങ്ങളാല്‍ അര്‍ച്ചനയും, പുഷ്പാഞ്ജലിയും നടത്തുന്ന വഴിപാടാണിത്. അഷ്ടോത്തരശത(108) നാമാര്‍ച്ചന, ത്രിശതി(300) നാമാര്‍ച്ചന, ചതുശതി(400) നാമാര്‍ച്ചന, സഹസ്ര(1000) നാമാര്‍ച്ചന, ഭാഗ്യസൂക്തം, പുരുഷസൂക്തം, ഐകമത്യസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ ജപിച്ചു കൊണ്ടുള്ള അര്‍ച്ചനകള്‍ അന്നിവയൊക്കെ ഇതില്‍ ഉള്‍പെടും.

അഭിഷേകം :

ദാരു, കടുശര്‍ക്കര ബിംബങ്ങള്‍ക്ക് ഒഴിച്ച് മറ്റുള്ളവയ്ക്ക് എല്ലാം അഭിഷേകം പതിവാണ് ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവ എല്ലാം അതാതു ദേവതകള്‍ക്ക് അനുസരണമായി അഭിഷേകത്തിനു ഉപയോഗിക്കുന്നു.

ചന്ദനം ചാര്‍ത്തല്‍ :

ദേവബിംബങ്ങളില്‍ മുഖം മാത്രമായോ, പൂര്‍ണമായോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണിത്.

നിവേദ്യം :

പവിത്രമായ നിവേദ്യങ്ങള്‍ ഓരോരോ ദേവതാ സങ്കല്‍പം അനുസരിച്ച് വ്യത്യാസപെട്ടിരിക്കുന്നു. തിരുമധുരം, വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പായസം, നെയ്‌പായസം, കൂട്ട്പായസം, കടുംപായസം എന്നിങ്ങനെ പല വിതത്തിലുണ്ട്.

വിളക്ക് :

നെയ്‌വിളക്ക്- വിളക്കുകളില്‍ പ്രധാനമാണ് ഇതു പൊതുവേ ശ്രീ കോവിലിനു ഉള്ളിലാണ് തെളിക്കാറുള്ളത്. എള്ളെണ്ണ വെളിച്ചെണ്ണ തുടങ്ങിയവയും അകത്തും, പുറത്തും ( വിളക്കുമാടം തുടങ്ങിയ ഭാഗങ്ങളില്‍ ) വിളക്കിനായി ഉപയോഗിക്കുന്നു . നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുമുണ്ട് .

ഗണപതി ഹോമം
നാളികേരമടിക്കല്‍
വെടിവഴിപാട്
തുലാഭാരം
കറുകഹോമം
മൃത്യുഞ്ജയ ഹോമം
പുഷ്പാഞ്ജലി ( അയൂരാരോഗ്യങ്ങള്‍ക്ക്)
രേക്ത പുഷ്പാഞ്ജലി ( ശത്രു ദോഷശമനം , അഷ്ടസിദ്ധി എന്നിവയ്ക്ക് )
സ്വയം വരാര്‍ചന ( മംഗല്യ സിദ്ധിക്ക് )
സഹസ്ര നാമാര്‍ച്ചന ( ഐശ്വര്യത്തിന് )
ഭഗവതിസേവ ( ദുരിത നിവാരണത്തിന് )
നെയ്‌വിളക്ക് ( നേത്രോഗ ശമനത്തിന്, അഷ്ടസിദ്ധിക്കും )
ധാര ( രോഗ ശാന്തിക്ക് )
നിറപറ ( ഐശ്വര്യത്തിന് )
അന്നദാനം ( ഐശ്വര്യത്തിന്, ദാരിദ്രദുഖ ശമനത്തിന്, രോഗശാന്തിക്ക് )
നിറമാല ( അഷ്ടസിദ്ധിക്ക് )
ചുറ്റുവിളക്ക് ( മനശാന്തിക്ക് )

എന്നിങ്ങനെ വഴിപാടുകളും , അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്‌. തീവ്രമായ ഭക്തിയോടെ വഴിപാടുകള്‍ നടത്തുമ്പോള്‍ ഭക്തനില്‍തന്നെ കാര്യ സാധ്യത്തിനായി ഒരു ഇച്ചാശക്തി വളരുന്നു

മണിപൂരകം



മണിപൂരകം എന്നത്‌ മനസ്സിന്റെ ജാഗ്രതാവസ്ഥയാകുന്നു. ആയത്‌ മണി എന്നത്‌ മനസ്സ്‌ പൂരകം എന്നത്‌ നിറക്കുന്നത്‌. അപ്പോള്‍ മണിയായിരിക്കുന്ന മനസ്സ്‌ വേറൊന്നും ഇല്ലാതെ ജീവനോടുകൂടി താനായിനിറഞ്ഞു. അപ്പോള്‍ അവിടെ അതിപ്രകാശം ജ്വലിക്കുന്നു. വീടിന്റെ അകത്തേക്ക്‌ ചെല്ലുമ്പോള്‍ ആദ്യം ഇരുട്ടായും അവിടെ കുറച്ചുസമയമിരിക്കുമ്പോള്‍ നല്ല പ്രകാശമായും അവിടെയുള്ള എല്ലാ അവസ്ഥകളും സുഖമായി അറിയുകയും കാണുകയം ചെയ്യുന്നു. ഇത്‌ ലോകത്തില്‍ ജനങ്ങള്‍ക്ക്‌ അനുഭവമായിട്ടുള്ളതാണ്‌. അത്പ്രകാരം മനസ്സ്‌ സ്വസ്ഥാനത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ഇരുട്ടായിത്തോന്നുകയും ആ മനസ്സ്‌ പുറത്തിനുള്ളില്‍ പോകാതെ തന്റെ സ്വസ്ഥാനത്തില്‍ അടങ്ങിനിറഞ്ഞപ്പോള്‍ അവിടം നല്ല സുഖമായി വെളിപ്പെട്ടുകാണുകയും അറിയുകയും ചെയ്യും. ഇത്‌ മനസ്സിന്റെ ജാഗ്രതയാകുന്നു. ഇതാണ്‌ മണിപൂരകം എന്ന അവസ്ഥ.

അനാഹത ....... അനാഹതം- എന്നത്‌ അനാ +ഹതം. അന= അഗ്നി, ഹതം= നാശം. അതായത്‌ അഗ്നിസ്വരുപമായിപ്രകാശിച്ചുകൊണ്ടിരിക്കുന്ന മനസ്സ്‌ തന്റെ ഉത്ഭവസ്ഥാനമായ ജീവനില്‍ ലയിക്കുന്നത്‌. അപ്പോള്‍ അത്‌ ജീവന്‌ സ്വപ്നമാകുന്നു. എങ്ങനെയെന്നാല്‍, പ്രകാശമായിരിക്കുന്ന മനസ്സ്‌ ജീവനില്‍ ലയിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന ശോഭ അതായത്‌ പ്രകാശം ഇന്നതെന്നറിയുവാന്‍ സാദ്ധ്യമില്ലാതെ സ്വപ്നതുല്യമായിരിക്കും. ഇത്‌ ജീവന്റെ സ്വപ്നാവസ്ഥ തുല്യമായിരിക്കും. ഇത്‌ ജീവന്റെ സ്വപ്നാവസ്ഥ. ഇതിന്‌ അനാഹതം എന്ന്‌ പേര്‍.

വിശുദ്ധി ......... വിശുദ്ധി-എന്ന്‌ പറയുന്നത്‌ വി+ ശുദ്ധി, വി= വിശേഷം അതായത്‌ അറിവ്‌, ശുദ്ധി= നിര്‍മലം അതായത്‌ അറിവ്‌ നിര്‍മലമാകുന്നത്‌. അപ്പോള്‍ ഒന്നും അറിയാത്തവിധത്തില്‍ യാതൊരു അറിവും ഇല്ലാതെ നിശ്ചലമായി ജീവന്‍ മാത്രമിരിക്കുന്ന അവസ്ഥ. ആ അവസ്ഥ ജീവന്റെ സുഷുപ്തി. ആ ജീവനില്‍നിന്നുത്ഭവിച്ച മനസ്സില്‍നിനുണ്ടായ എല്ലാ കന്മഷങ്ങളും നാശമായി ജീവനില്‍ മനസ്സ്‌ ലയിച്ചു. ആ ജീവന്‍ മാത്രമായി ഒന്നും അറിയാതെയിരിക്കുന്ന അവസ്ഥയാണ്‌ സുഷുപ്തി. ഇതാണ്‌ വിശുദ്ധി എന്ന അവസ്ഥ.

ആജ്ഞ ....... ആജ്ഞ എന്നത്‌ ജീവന്‍ ശിവനായി ഉത്ഭവസ്ഥാനമായിരിക്കുന്ന ആനന്ദത്തില്‍ലയിച്ചു മറ്റൊന്നില്ലാതെ ആനന്ദിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. അത്‌ ജീവന്റെ ജാഗ്രത്ത്‌. അതിനാണ്‌ ആജ്ഞ എന്ന്‌ പേര്‍. ഈ പ്രകാരത്തിലാണ്‌ ഷഡാധാരങ്ങളുടെ സ്ഥിതി. ഇത്‌ ഇന്നതെന്ന്‌ ബ്രഹ്മാനന്ദം. എന്നാല്‍ ബ്രഹ്മാനന്ദം ഇന്നെതന്ന്‌ പറഞ്ഞറിയാക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലയെന്നും അതായത്‌ പാല്‍പ്പായസം കഴിച്ചവര്‍ക്ക്‌ അതിന്റെ രുചിയറിയുന്നതല്ലാതെ അത്‌ കഴിക്കാത്തവര്‍ക്ക്‌ അതിന്റെ രുചിയറിയുവാനോ അറിയിക്കുവാനോ സാദ്ധ്യമില്ലെന്നും വേദാന്തികള്‍ പറഞ്ഞുവരുന്നു. എന്നാല്‍, ബ്രഹ്മാനന്ദത്തെ പറഞ്ഞറിയിക്കുവാന്‍ സാധിക്കും.അതെങ്ങനെയെന്നാല്‍, സര്‍വജീവികളും ബ്രഹ്മാനന്ദം എന്നത്‌ അനുഭവിച്ചുവരുന്നു. അതായത്‌ താന്‍ സദാ ഉപജീവനം ചെയ്ത്‌ ജീവിച്ചിരിക്കുവാന്‍ വേണ്ടിയുള്ള തന്റെ സ്വന്തം സ്വത്തിനെ താന്‍തന്നെ കളവുചെയ്ത്‌ നശിപ്പിക്കുന്നു. അതെങ്ങനെയെന്നാല്‍, ആ സ്വത്തിനെ കളവുചെയ്യുവാന്‍ പോയി അതിനെതൊടുന്ന സമയത്തിലുണ്ടാകുന്ന അവസ്ഥയാണ്‌ ബ്രഹ്മാനന്ദം.

Saturday 3 November 2012

അതിഥിദേവോ ഭവ


ഗൃഹത്തിലെത്തുന്ന അതിഥികളെ യഥാവിധി സല്‍ക്കരിക്കുന്നതില്‍ നാം ഒരുപടി മുന്നില്‍ തന്നെയാണ്...അതിഥിദേവോ ഭവ എന്നതാണല്ലോ ആര്‍ഷഭാരത സംസ്കാരം..അതിഥിയും ഈശ്വരതുല്യനാണ് ..ഈശ്വരനപ്പോലെ പൂജനീയനാണ്...

മുന്നറിയിപ്പില്ലാതെ ഗൃഹത്തില്‍ വരുന്ന അതിഥിയെ ദേവതുല്യനായി കരുതി സ്വീകരിച് യഥാശക്തി സല്‍ക്കരിക്കുക. ഇഷ്ടദാനത്താല്‍ സംതൃപ്ത്തരാകുക . ബ്രഹ്മചാരി, വാനപ്രസ്ഥന്‍, സന്യാസി,,ആചാര്യന്‍,,ദരിദ്രന്‍,വികലാംഗന്‍, ദുര്‍ബലവിഭാവങ്ങള്‍ ഇവരെയൊക്കെ സമന്‍മാരായി കരുതി സേവ ചെയ്യുന്നത് ഈശ്വര സേവയാനെന്നു കരുതണം...മാനവസേവ തന്നെയാണ് മാധവസേവ...

അതിഥിയാകാനുള്ള യോഗ്യതയെ കുറിച്ചും പ്രത്യേകം പറയുന്നുണ്ട്...തിഥി നോക്കാതെ ഗൃഹത്തില്‍ എത്തിച്ചേര്‍ന്നവന്‍ ,ഒരു തിഥിയില്‍ അധികം ആതിഥേയഗൃഹത്തില്‍ താമസിക്കാത്തവന്‍ ,പതിനഞ്ചു ദിവസത്തിനുള്ളില്‍ വരാത്തവര്‍ ഇവരെയൊക്കെ അതിഥികളുടെ ഗണത്തില്‍പ്പെടുന്നു...ഗൃഹസ്ഥന്റെ തന്നെ ഗ്രാമത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവനും ഒരു രാത്രിയില്‍ കൂടുതല്‍ ആതിഥേയഗൃഹത്തില്‍ താമസിക്കുന്നവരും അതിഥിയുടെ ഗണത്തില്‍പ്പെടുന്നില്ല ...

ഗൃഹത്തില്‍ വരുന്ന അതിഥി ആരുതന്നെയായാലും അവരെ നിരാശരാക്കി മടക്കി അയക്കരുതെന്നാണ് പുരാണ മതം...അതിഥി ആരുടെ ഗൃഹത്തില്‍ നിന്ന് ആണോ നിരാശയോടെ മടങ്ങുന്നത് ആ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങള്‍ ലഭിക്കുവാനിടവരും..എന്നാല്‍ ആതിഥിക്കോ ,ഗൃഹസ്ഥന്‍ ആര്‍ജിച്ച പുണ്യങ്ങള്‍ ലഭിക്കുകയും ചെയ്യും...ഒരുവന്റെ ശക്തിക്കനുസരിച്ചു അതിഥിയെ സല്‍ക്കരിക്കുക..സ്നേഹത്തോടും,സന്തോഷത്തോടും കൂടി അതിഥിയെ സ്വീകരിക്കുക...

വ്യക്തികളുടെ വലിപ്പചെറുപ്പത്തിനനുസരിച്ചുള്ള സ്വീകരണം നല്‍കുന്നവരുണ്ട്..വാക്കിലും പ്രവര്‍ത്തിയിലും എപ്പോളും മറ്റുള്ളവരോട് മാന്യത പുലര്‍ത്തുന്നതാണ് ഉത്തമം...നല്ല സംസ്കാരത്തിന്റെ ലക്ഷണവുമതാണ് ...


Tuesday 23 October 2012

മഹാഗണപതിയെ ഉപാസിക്കുമ്പോള്‍


അറിവ് മന്ത്രോപദേശത്തിലൂടെ ആചാര്യന്‍ നല്‍കിയതുകൊണ്ടു മാത്രം ദിവ്യലോകങ്ങള്‍ സാക്ഷാത്കരിക്കാമെന്നു കരുതരുത്. പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികളെ സ്വശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന് പ്രാചീനര്‍ വിശ്വസിച്ചിരുന്നു. ഈ ദേവതാപ്രസാദം കൊണ്ടാണ് ഇഷ്ടദേവതയെ അഥവാ ഉപാസനാമൂര്‍ത്തിയെ ഒരു സാധകന്‍ സാക്ഷാത്കരിക്കുന്നത്. പുരോഗതിയുടെ നാള്‍വഴിയിലേക്ക് ഒരു ഉപാസകന്‍ സഞ്ചരിക്കണമെങ്കില്‍ അന്തഃകരണത്തില്‍ തടസ്സമുണ്ടാകരുത്. അന്തഃകരണ ശുദ്ധിക്ക് ഏറ്റവും തടസ്സമായി വരുന്നത് ആസുരചിന്തകളും അശുഭവൃത്തികളുമാണ്.
ആര്‍ക്കു വേണമെങ്കിലും ഉപാസന ആരംഭിക്കാം. എന്നാല്‍ ഇഷ്ടദേവതാപ്രസാദം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ശരീരാന്തര്‍ഗതമായ ദേവതകള്‍ അഥവാ ദിവ്യശക്തികള്‍ നമുക്ക് അനുഗുണമല്ലെങ്കില്‍ ഒരടി നാം മുമ്പോട്ടു പോവില്ല. ഇങ്ങനെ അന്തഃകരണ ശുദ്ധിക്കു വേണ്ടിയാണ് മഹാഗണപതിയെ ഉപാസിക്കുന്നത്. തന്റെ ഇന്ദ്രിയങ്ങളെ വേണ്ടരീതിയില്‍ നിയന്ത്രിച്ച് മനസ്സും ചിത്തവും ബുദ്ധിയും ഞാന്‍ എന്ന സത്തയും പരിഷ്‌കരിക്കുന്ന വിദ്യ യജുര്‍വേദം ചൂണ്ടിക്കാണിക്കുന്നുണ്ട്. യജുര്‍വേദത്തില്‍ ഗണപതി ദേവതയായ ഒരു മന്ത്രമുണ്ട്.

പ്രതൂര്‌വേന്നഹ്യവക്രാമന്നശസ്തീ
രുദ്രസ്യ ഗാണപത്യം മയോഭൂരേഹി
ഉര്‌വന്തരിക്ഷം വീഹി സ്വസ്തിഗവ്യൂതിരഭയാനി
കൃണ്വന്‍ പൂഷ്ണാ സയുജാ സഹ
(യജുര്‍വേദം 11. 19)
മനസ്സ്, ബുദ്ധി, ചിത്തം, ഞാനെന്ന ബോധം എന്നിവയില്‍ ദിവ്യഗുണങ്ങളുണര്‍ത്തുന്ന തപസ്സിന്റെ വഴിയാണ് മന്ത്രത്തിലെ പ്രതിപാദ്യം. അശുഭങ്ങളായ സമസ്ത ദോഷങ്ങളെയും മഹാഗണപതി ഭഗവാന്‍ ചവുട്ടിയരയ്ക്കട്ടെ. ഭഗവാന്‍ എല്ലാ ആസുരവൃത്തികളെയും സദാ ഹിംസിച്ചു കളയട്ടെ. ആസുരികവും അശുഭങ്ങളുമായ സമസ്ത കര്‍മങ്ങളെയും പാടെ വിപാടനം ചെയ്ത് ഭഗവാന്‍ നമ്മെ മുന്നോട്ടു നയിക്കട്ടെ. അതോടെ അഭയവരദായിയായ മഹാഗണപതി ഉപാസകനില്‍ മംഗള ഭാവനകളെ ഉണര്‍ത്തും. 'അഭയാനികൃണ്വന്‍' എന്നാണ് യജുര്‍വേദം പറയുന്നത്. അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും അഞ്ചു പ്രാണനുകളും 11 രുദ്രന്മാരും 12 ആദിത്യന്മാരും അടങ്ങുന്ന സകലതും ഗണപതി ഉപാസകനില്‍ പരിപൂര്‍ണ ശക്തിയോടെ വിരാജിക്കാന്‍ ആരംഭിക്കും. പ്രിയന്മാരില്‍ ഏറ്റവും പ്രിയപ്പെട്ടവനായി ഉപാസകന്‍ പരിണമിക്കുമെന്ന് മറ്റൊരു യജുര്‍വേദമന്ത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഗണാനാം ത്വാ ഗണപതിങ് ഹവാമഹേ
പ്രിയാണാം ത്വാ പ്രിയപതിങ് ഹവാമഹേ
നിധീനാം ത്വാ നിധിപതിങ് ഹവാമഹേ
വസോ മമ. ആഹമജാനി ഗര്ഭധമാ
ത്വമജാസി ഗര്ഭധമ്.
(യജുര്‍വേദം 23.19)
നിധികളുടെ പതിയായ നിധിപതിയായി ഉപാസകനെ മഹാഗണപതി മാറ്റിയെടുക്കുന്നു. സകല അറിവുകളെയും തന്റെ ഗര്‍ഭത്തില്‍ ചുമക്കുന്നവനാണ് മഹാഗണപതി. ആ ഗണപതിയെ ഉപാസിക്കുന്നവനും അറിവുകളുടെ മഹാമസ്തകമുള്ളവനായിത്തീരും. ഇതാണ് ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു എ പ്രസ്താവത്തിന്റെ നേരായ ഭാവവും. അങ്ങനെ നവരാത്രിയിലൂടെയും വിജയദശമിയിലൂടെയും അന്തഃകരണത്തെ ശുദ്ധമാക്കി മഹാഗണപതിയെ സ്വഹൃദയത്തില്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിയണം.


ആചാര്യ എം.ആര്‍. രാജേഷ്‌


ആയുധപൂജയുടെ രഹസ്യലോകം


നവരാത്രിയിലെ പ്രത്യേകതകളില്‍ ഒന്ന് ആയുധപൂജയാണ്. എന്താണ് ആയുധപൂജയുടെ രഹസ്യം? തത്ത്വചിന്താപരമായ കേവലകാഴ്ചപ്പാട് മാത്രമല്ല ആയുധപൂജ. മറിച്ച്, ഭാവനയും വിശ്വാസവും കര്‍മമേഖലയില്‍ അത്യുന്നതമായ സിദ്ധികൈവരിക്കുന്നതിന് എങ്ങനെ പ്രായോഗികമായി വിനിയോഗിക്കാമെന്നതിന്റെ നേര്‍ചിത്രമാണത്.

ഏതുജോലിയും തപസ്സായി കാണുന്നവരാണ് പ്രാചീന ഋഷിമാര്‍. എഴുത്തും വായനയും നൃത്തവും സംഗീതവുമെല്ലാം സാധനയാണ്. താന്‍ ഏര്‍പ്പെടുന്ന കര്‍മലോകത്തെ ജഗദീശ്വരനിലേക്ക് അനുപ്രവേശിക്കാനുള്ള സാധനാമാര്‍ഗമായി അവര്‍ കണ്ടു. ഏത് കര്‍മമേഖലയില്‍പ്പെട്ടവനും തപസ്സുചെയ്യാം. തന്റെ കര്‍മമണ്ഡലത്തിലൂടെതന്നെ മോക്ഷം പ്രാപിക്കുകയും ചെയ്യാം. മുക്തിനേടാന്‍ കര്‍മം വെടിയേണ്ട ആവശ്യമേയില്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞപോലെ കര്‍മംചെയ്യാതെ ഒരുനിമിഷംപോലും ആര്‍ക്കും നില്‍ക്കാനാവില്ല. അതിനാല്‍ കര്‍മത്തില്‍ മുഴുകിത്തന്നെ പരമഗതി പ്രാപിക്കുന്നതിനുള്ള വഴി തേടണം.

കര്‍മമേഖലയും അവിടത്തെ ദിവ്യഭാവങ്ങളും സ്വശരീരാന്തര്‍ഗതങ്ങളായ ദേവതകളും അവയ്ക്കിടയിലുള്ള ആയുധങ്ങളും ഉപകരണങ്ങളുമെല്ലാം ചേര്‍ന്നുള്ള അദൃശ്യമായ പാരസ്പര്യമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഋഷിമാര്‍ കണ്ടെത്തി. നര്‍ത്തകിക്ക് നാദവുമായുള്ള പരസ്പരബന്ധം പൂര്‍ണമാകുന്നത് ചിലങ്കയിലൂടെയാണ്. എഴുത്തുകാരന്റെ പാരസ്പര്യം പൂര്‍ണമാകുന്നത് തൂലികയിലൂടെയും പുസ്തകത്തിലൂടെയുമാണ്. മന്ത്രസാധകന്റെ പാരസ്പര്യം മന്ത്രവും മരംവെട്ടുകാരന്റേത് മഴുവുമാണ്.

വിജയകരമായ കര്‍മസിദ്ധിക്ക് തന്റെ ആയുധങ്ങളും ഉപകരണങ്ങളും തമ്മില്‍ ഒരു പാരസ്പര്യം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ഋഷിമാര്‍ കണ്ടെത്തി. ഈ വിശേഷമായ പാരസ്പര്യം ആര്‍ക്കുണ്ടോ അവര്‍ കര്‍മ കുശലന്മാരായിരിക്കും. കവികളും ക്രാന്തദര്‍ശികളും കര്‍മശ്രേഷ്ഠരുമെല്ലാം ഈ സാമരസ്യം അറിഞ്ഞവരാണ്. ഇതിനെ ദേവതാപ്രസാദമെന്ന് അവര്‍ വിളിച്ചു. ഉടമയുടെ അനുവാദമില്ലാതെ ഉപകരണങ്ങളിലൊന്നും തൊടുകപോലും ചെയ്യരുതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനം ഈ സാമരസ്യമാണ്. കാളിദാസന്‍പോലും തൂലിക കൈമാറരുതെന്ന് ഓര്‍മിപ്പിച്ചത് കാണുക.

ഈദൃശമായ ദേവതാപ്രസാദത്തെ അനുഭൂതിതലത്തില്‍ സാക്ഷാത്കരിക്കലാണ് നവരാത്രിയിലെ ആയുധപൂജ. പണിയായുധങ്ങളും ഉപകരണങ്ങളുമെല്ലാം പരമേശ്വരിക്കായി സമര്‍പ്പിച്ച് അവയുടെ ദിവ്യത തന്റെ കര്‍മമണ്ഡലത്തെ ദീപ്തമാക്കുമെന്ന അടിയുറച്ച അനുഭൂതിയാണ് ആയുധപൂജയിലൂടെ നാം നേടുന്നത്.

ഈ പൂജാസമര്‍പ്പണത്തിലൂടെ ശരീരാന്തര്‍ഗതങ്ങളായ ദിവ്യകലാവിശേഷങ്ങളും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവതമ്മിലുള്ള അതിസൂക്ഷ്മമായ ദേവതാ പ്രസാദവും ഉറവയെടുക്കുമെന്നറിയുക. സൂക്ഷാതിസൂക്ഷ്മമായ ദേവതാപ്രസാദത്തെ അവര്‍ സരസ്വതി എന്നുവിളിച്ചു. വരദയായ, സര്‍വാഭീഷ്ടങ്ങളെയും സാധിപ്പിച്ചിട്ടുതരുന്ന സരസ്വതിയെ വിദ്യാരംഭത്തില്‍ സ്മരിക്കുകയാണ് ഭക്തന്‍. ആ സരസ്വതി സര്‍വസിദ്ധികളും കര്‍മമണ്ഡലത്തില്‍ നമുക്കായി പ്രദാനംചെയ്യും.


ആചാര്യ എം.ആര്‍. രാജേഷ്‌

നവരാത്രി ചിന്തകള്‍


നവരാത്രി ആഘോഷം കേവലം ഒരു ആചരണം മാത്രമല്ല. ഒരു കാലയളവില്‍ ആധിഭൗതികമായ രാഷ്ട്രോപാസനയും ആധിദൈവികമായ പ്രപഞ്ചോപാസനയും ആധ്യാത്മികമായ അക്ഷരോപാസനയും ഒരുപോലെ പ്രാധാന്യത്തോടെ കൊണ്ടാടിയിരുന്നു. രാജാക്കന്മാര്‍ തങ്ങളുടെ ആയുധങ്ങളെല്ലാം പരാശക്തിക്കു മുന്‍പില്‍ സമര്‍പ്പിച്ച് രാഷ്ട്രശക്തി പോഷിപ്പിക്കുക എന്ന സങ്കല്പത്തിലൂടെ കടന്നുപോയി. ദസറ പോലുള്ള ആഘോഷങ്ങള്‍ക്ക് നവരാത്രിയിലുണ്ടായ സ്വാധീനം അതാണ്. പ്രപഞ്ചോപാസകര്‍ പ്രപഞ്ചത്തിലെ കര്‍മലോകത്ത് തങ്ങളുടെ അറിവാകുന്ന ബോധമണ്ഡലം ഉണര്‍ത്തുന്നതിനും കലാരൂപങ്ങളുടെ സാക്ഷാത്കാരത്തിനും നവരാത്രികാലം വിനിയോഗിച്ചു. ആധ്യാത്മികോന്നതി കൈവരിക്കാന്‍ ആഗ്രഹിക്കുന്നവരും നവരാത്രിയില്‍ മന്ത്രോപാസനയില്‍ മുഴുകി.

നവരാത്രിയിലൂടെ രാഷ്ട്രവും സമൂഹവും വ്യക്തിയുമെല്ലാം സവിശേഷമായ ശക്തി കൈവരിക്കാന്‍ പരിശ്രമിച്ചുപോരുന്നു. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ജഗദീശ്വരിയായ വാഗ്‌ദേവി സ്വയം ഉപാസകന് കൊടുക്കുന്ന ഒരു ഉപദേശമുണ്ട്. ഏറേ ശ്രദ്ധേയമായ ഈ ശാക്തേയ ഉപദേശം പ്രാചീനകാലത്തെ മന്ത്രസാധനയുടെ തെളിവായി നമുക്ക് കാണാം. ഈ ദേവീസൂക്തം നവരാത്രികാലത്ത് ഉപാസിച്ചു പോരാറുമുണ്ട്. അതീവ രഹസ്യമായ ഈ സൂക്തത്തിലെ ആദ്യമന്ത്രം ഇങ്ങനെയാണ്.

ഓം അഹം രുദ്രേഭിര്‌വസുഭിശ്ചരാമ്യഹമാദി-
തൈ്യരുത വിശ്വദേവൈഃ.
അഹം മിത്രാവരുണോഭാ ബിഭര്മ്യഹ
മിന്ദ്രാഗ്‌നീ അഹമശ്വിനോഭാ.
(ഋഗ്വേദം 10.125.1)

ദേവി പറയുകയാണ്: ''ഞാന്‍, ഉപാസകനായ നിന്റെ ശക്തിയാണ്. നിന്റെ പ്രാണനോടൊപ്പം ശരീരത്തിലെ ധാതുക്കളായ വസുക്കളോടൊപ്പം, ആദാനശക്തികളോടൊപ്പം, സമസ്ത ഇന്ദ്രിയങ്ങളോടൊപ്പം ഞാന്‍ ചലിച്ചുകൊണ്ടിരിക്കുന്നു''. നമ്മുടെ ശരീരത്തിലെ ഈപറഞ്ഞവയുടെയെല്ലാം ആധാരശക്തിയായി നിലകൊള്ളുന്നത് ഈ ദേവി തന്നെയാണ്. ഈ ശരീരത്തിലെ ദേവതാസങ്കല്പത്തെക്കുറിച്ചാണ് ലളിതാസഹസ്രനാമത്തില്‍ ഡാകിനി, ഹാകിനി, ലാകിനി എന്നൊക്കെ വിളിക്കുന്നത്. നമ്മുടെ ശരീരത്തിലെ ആഗേ്‌നയവും സോമവുമായ ശക്തികളെയെല്ലാം ദേവി ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് ഈ വേദമന്ത്രത്തില്‍ ഭഗവതി തന്നെ സ്വയം പറയുന്നു. ശരീരത്തില്‍ ഇന്ദ്രശക്തിയുണ്ട്. ജീവന്‍ വിദ്യുത്തിനെയും ശരീരത്തിന്റെ ഉഷ്ണത്തിനെയും 'കായ'മാക്കിയിരിക്കുന്നു. ഭഗവതി പറയുകയാണ്- ''ഞാന്‍ തന്നെയാണ് ഉപാസകന്റെ അശ്വനികളായ പ്രാണനേയും അപാനനെയും സഞ്ചാലനം ചെയ്യിപ്പിക്കുന്ന ശക്തി'' എന്ന്.

രാഷ്ട്രത്തില്‍ ഇതേ ഭഗവതി തന്നെയാണ് രാഷ്ട്ര ശക്തിയായി വീരന്മാരോടും ധനികരോടും വിദ്വാന്മാരോടും സകല ജ്ഞാനികളോടും ഒപ്പം നിവസിക്കുന്നതെന്ന് ഓര്‍മപ്പെടുത്തുകയാണ് നവരാത്രി ആഘോഷം. സുഹൃത്തുക്കളെയും ശ്രേഷ്ഠരെയും ശൂരവീരന്മാരെയും അശ്വനീകുമാരന്മാരായ വൈദ്യന്മാരെയും ഈ രാഷ്ട്രത്തില്‍ ഏകഭാവത്തോടെ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ ശക്തിയും ഞാന്‍ തന്നെയാണെന്ന് ദേവി ഈ മന്ത്രത്തില്‍ ആധിഭൗതികമായി പറഞ്ഞുതരുന്നു. നവരാത്രികാലത്ത് ഈ ദേവിയെ രാഷ്ട്രശക്തിയായി ഉപാസിച്ചുപോരുന്നതിന്റെ പൊരുളും മറ്റൊന്നല്ല.


കടപ്പാട്  : ആചാര്യ എം.ആര്‍. രാജേഷ്‌




Saturday 6 October 2012

പാല് കാച്ചും വാസ്തു ബലിയും!


ഗ്രഹപ്രവേശത്തിന്റെ ആദ്യ ചടങ്ങാണ് പാലുകാച്ച്. വെള്ള നിറത്തിലുള്ള പാല്‍ സത്വഗുണസ്വരൂപിയും ശുദ്ധ വിദ്യയുമാകുന്ന പ്രപഞ്ച തത്ത്വമാണ്. പാലില്‍ തൈരും, വെണ്ണയും, നെയ്യും അടങ്ങിയിരിക്കുന്നതുപോലെ പ്രപഞ്ചത്തിലും ഈശ്വര ചൈതന്യം അടങ്ങിയിരിക്കുന്നു. പാല് തിളപ്പിച്ച് തണുപ്പിക്കുകയും പുളിക്കുകയും ചെയ്യുമ്പോള്‍ തൈരാകുന്നു. അത് കടഞ്ഞ് വെണ്ണ ഉണ്ടാക്കുന്നു..വെണ്ണ ഉരുക്കിയാല്‍ നെയ്യാകുന്നു. ഇപ്രകാരം ഈശ്വരനെ കണ്ടെത്താനുള്ള സന്ദേശമാണ് ഭവന ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം പാല് കാച്ചുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.


ഹൈന്ദവ ജീവിത രീതിയില്‍ നാല് ആശ്രമങ്ങള്‍ ഉണ്ട്. ഒന്ന് - ബ്രഹ്മചര്യം, രണ്ട് - ഗാര്‍ഹസ്ഥ്യം, മൂന്ന് - വാനപ്രസ്ഥം, നാല് - സന്യാസം. ഈ നാലും ആരംഭിക്കുന്ന സ്ഥലം സ്വഭവനം തന്നെ. ജനിച്ചതിനു ശേഷം വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നത് വരെ ബ്രഹ്മചര്യാവസ്ഥ. കല്യാണം കഴിക്കുന്നതോടുകൂടി ഗാര്‍ഹസ്ഥ്യം സ്വീകരിക്കുന്നു. അതിനുശേഷം തീര്‍ത്ഥയാത്രയില്‍ കൂടി ആത്മാനുഭൂതി കൈവരിക്കുന്നു. ഇത് വാനപ്രസ്ഥം. സന്യാസിയാകട്ടെ, ബ്രഹ്മചര്യാവസ്ഥയില്‍ നിന്നും തുടര്‍ന്ന് ഭവനത്തെ ഉപേക്ഷിച്ച് ദൈവീക ജ്ഞാനത്തില്‍ ലയിക്കുന്നു. അതിനായി ഒരു സന്യാസി സ്വന്തം ജന്മഗ്രഹത്തില്‍ വരെ വന്ന് ഭിക്ഷ സ്വീകരിക്കണമെന്ന് വിധിയുണ്ട്. അപ്പോഴും ഭവനം സന്യാസാശ്രമവുമായും ബന്ധപ്പെട്ടിരിക്കുന്നതായി കാണാം.

പാല് ഈ നാല് ആശ്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രഹ്മചാരിയായിരിക്കുമ്പോള്‍ ഹോമാദികര്‍മ്മങ്ങള്‍ക്ക് നെയ്യ് ആവശ്യമുണ്ട്. ഗാര്‍ഹസ്ഥത്തില്‍ ഗ്രഹസ്ഥന് പാല്‍ നിത്യോപയോഗ വസ്തുവാണ്.തൈര് കടഞ്ഞ് വെണ്ണയുണ്ടാക്കുന്നതിനെ വാനപ്രസ്ഥാനത്തോട് ഉപമിക്കാം.സന്യാസമാകട്ടെ സര്‍വ്വലോകത്തെയും ക്ഷീരസാഗരമായി കണ്ട് അതില്‍ തന്‍റെ ആത്മാവിനെ സാഗരശായിയായ വിഷ്ണുവായി കാണുന്ന അദ്വൈതാവസ്തയുമാണ്. അപ്പോള്‍ പാല് കാച്ചല്‍ എന്ന ചടങ്ങ് ഈ നാല് ആശ്രമങ്ങളുടെ തത്വങ്ങള്‍ ഉള്‍ക്കൊണ്ടതും അത് അനുഷ്ടിക്കേണ്ടതും പരിപാലിക്കേണ്ടതുമാണന്ന ബോധം ഉളവാക്കുകയും ചെയ്യാന്‍ വേണ്ടിയാണ് എന്ന് സാരം.
പാല് ചൂടാക്കുന്നതിനു അഗ്നി ആവശ്യമാണ്. പാല് തിളച്ച് മറിഞ്ഞ് വീണ്ടും അഗ്നിയില്‍ തന്നെ പതിക്കുന്നു. അങ്ങനെ ഏതു അഗ്നിയാണോ പാലില്‍ നിന്ന് നെയ്യിനെ വേര്‍തിരിക്കുന്നത്, ആ നെയ്യ് വീണ്ടും അഗ്നിയായി തന്നെ മാറുന്നു. എന്നുവച്ചാല്‍ ജീവാത്മാവ് പരമാത്മാവില്‍ ചേര്‍ന്ന് ഒന്നായി തീരുന്നു എന്നര്‍ത്ഥം.
പാല്‍ ചൂടാക്കല്‍, പുളിപ്പിക്കല്‍, കടയല്‍, ഉരുക്കല്‍ എന്നീ പ്രക്രിയകള്‍ കൊണ്ട് മനസ്സിലാക്കുന്നത് നമ്മുടെ ജീവിതത്തിലെ ധര്‍മം, കര്‍മ്മം, യോഗം, ജ്ഞാനം എന്നീ ജീവിത രീതികളെയാണ്.

വാസ്തുബലി ഒരുതരം പൂജയാണ്. വാസ്തു ശാസ്ത്രമനുസരിച്ച് ഒരു ഗ്രഹം വാസ്തു പുരുഷന്‍റെ ശരീരമായിട്ടാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്‌. ഇവിടെ ആത്മീയത്തെക്കാള്‍ ഏറെ ദേവതാപ്രീതിയാണ് ലക്ഷ്യം. നവഗ്രഹങ്ങള്‍, വാസ്തുപുരുഷന്‍, അഷ്ടദിക്പാലകര്‍, അഷ്ടമാത്രുക്കള്‍, കുലദേവത, ഋഷീശ്വരന്മാര്‍ ഇവരെ ആരാധിക്കുകയും, ജോതിഷം, തച്ച്, തന്ത്രം , വാസ്തു ധര്‍മം തുടങ്ങി ശാസ്ത്രങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതോടുകൂടി ശാന്തിയും, സമാധാനവും, സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കാനിട വരികയും ചെയ്യുന്നതാണ്..

ക്ഷേത്രങ്ങളിലെ വസ്ത്ര നിയമം.


പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ മേല്‍ വസ്ത്രം ധരിക്കരുത് എന്നാണ് വിധി. സ്ത്രീകള്‍ക്ക് വസ്ത്ര നിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരമാകുന്നു. പണ്ട് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സ്ത്രീയുടെ ശരീരം തുറന്നു കാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിച്ചു എന്നതാണ് വാസ്തവം.
ശരീരത്തിന്റെ കപട ആവരണമാണ് വസ്ത്രം. ഉടുപ്പ് (മേല്‍വസ്ത്രം) ക്ഷേത്രത്തിലെ മതിലായിട്ടാണ് സങ്കല്പം. അപ്പോള്‍ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കുന്ന ഭക്തന് ഈശ്വരന്റെ ദിവ്യ തേജസ്സ്‌ തന്റെ ശരീരം എറ്റുവാങ്ങണമെങ്കില്‍ അവിടെ ഒരു മറ ആവശ്യമില്ല. ജീവാത്മാവും പരമാത്മാവും ഒന്നിച്ചു യോജിക്കുന്ന അവസ്ഥയാണ് ഇതില്‍ നിന്നും പ്രകടമാകുന്നത്. "അഹം ബ്രഹ്മാസ്മി"! ഞാന്‍ തന്നെ ഈശ്വരനുമാകുന്നു

എന്ന ജ്ഞാനം ഉണ്ടാകുന്നതിനും ഈ ആചാരം സഹായിക്കും. അത് മാത്രമല്ല, ഭ
ക്തന്‍ ഈശ്വരന്റെ ദാസനാണല്ലോ. അതുകൊണ്ട് മേല്‍വസ്ത്രം മുഴുവന്‍ ഊരി അരയില്‍ കെട്ടണം. അതെ സമയം അരയ്ക്കുതാഴെ വസ്ത്രം നഗ്നതയെ മറയ്ക്കുകയും വേണം. നഗ്നം എന്നാല്‍ തുറന്നത് എന്നര്‍ത്ഥം. തുറന്നതെന്തും സത്യമെന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ സത്യം (സൃഷ്ടി) ഇപ്പോഴും ഈ പ്രപഞ്ചത്തില്‍ മറഞ്ഞാണ്‌ ഇരിക്കുന്നത്. അപ്രകാരം നാം പുരുഷനോ സ്ത്രീയോ എന്ന് വേര്‍തിരിക്കുന്ന ഇന്ദ്രിയം തന്നെയാകുന്നു ശരീരത്തിന്റെ യാഥാര്‍ത്ഥ്യവും . അതുപോലെ പ്രസ്തുത ഇന്ദ്രിയം കൊണ്ട് ചെയ്യുന്ന സൃഷ്ടിക്രിയയും പ്രപഞ്ച സൃഷ്ടിപോലെ ഗൂഡഃമാകുകയാല്‍ ആ ഭാഗം മറയേണ്ടതുതന്നെ. .

പ്രഭാതത്തില്‍ (ബ്രാഹ്മ മുഹൂര്‍ത്തം ) ഈറനോടെയുള്ള ക്ഷേത്ര ദര്‍ശനം സൌഭാഗ്യകരമാണ്. ജലാംശം ശരീരത്തിലുള്ളപ്പോള്‍ ക്ഷേത്രാന്തരീക്ഷത്തിലെ ഈശ്വര ചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി നമ്മുടെ ശരീരത്തില്‍ കുടിയേറാന്‍ കൂടുതല്‍ സഹായിക്കും.....

Wednesday 3 October 2012

കൈ കൂപ്പുന്നത് എന്തിന്?


തന്നെക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈ കൂപ്പുന്നത് . കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്ത് പിടിച്ച് ‘നമസ്തേ’ എന്ന്‍ അഭിവാദ്യം ചെയ്യുന്നു . നമസ്തേ എന്ന പദത്തില്‍ ‘തേ’ എന്നാല്‍ താങ്കളെ എന്നും, ‘മ’ എന്നാല്‍ മമ അഥവാ എന്റെ എന്നും ‘ന’ എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ നമസ്തേ എന്നാല്‍ "എന്റേതല്ല , സര്‍വ്വതും ഈശ്വര സമമായ അങ്ങയുടെത്" എന്നാണ് . ഇവിടെ ‘ഞാന്‍’, ‘എന്റേത്’ എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന്‍ വ്യക്തം .

ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന, വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരാം തിരിക്കാം . ഒന്ന് ഊര്‍ദ്ധ്വം , രണ്ട് മദ്ധ്യം , മൂന്ന് ബാഹ്യം .കൈപ്പത്തികളും അഞ്ചു വിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളില്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വ നമസ്തേ .ഇതു സാധാരണ ഗുരു സന്ദര്‍ശനത്തില്‍, സ്രാദ്ധത്തില്‍ , ബലികര്‍മ്മങ്ങളില്‍ , യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണഗതിയും പൂര്‍ണ്ണ വിധേയ ഭാവവും ആണ് ഇതോടൊപ്പം ‘നമോ നമ’ ശബ്ദമാണ് ഉപയോഗിക്കേണ്ടത്.

മധ്യ നമസ്തേ എന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്ത് നെഞ്ചോട്‌ തൊട്ടു വെക്കണം . ഇതു ഈശ്വര ദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗി ദര്‍ശനം
എന്നിവയ്ക്ക് ഉപയോഗിക്കുന്നു . ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യ ബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ് . ‘നമാമി’ ശബ്ധമാണ് ഇവിടെ ഉപയോഗിക്കേണ്ടത് .

ബാഹ്യ നമസ്തേ എന്നാല്‍ കൈപ്പത്തിയും അഞ്ചു വിരലുകളും ഒരു താമരമൊട്ടുപോലെ ആകൃതി വരുത്തി നെഞ്ചോടു ചേര്‍ത്ത് വെക്കണം .(ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്പ്പിച്ചിട്ടുള്ളത് .അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചു ചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്). ഇത് ദേവ പൂജ, സ്വയം പൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഇതിന്റെ ശാസ്ത്രീയത ഇപ്രകാരമാണ് .വലതു കൈയ്യിന്റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതു കൈയ്യിന്റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട് ,പിംഗള നാഡി രജോ ഗുണത്തിന്റെയും ഇഡാ നാഡി തമോ ഗുണത്തിന്റെയും പ്രതീകമാണ് .കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു .അങ്ങനെ ഞ്ജാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാന്‍ എന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും....

ചന്ദനം

വൈഷ്ണവമായതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്ടെ അംശം നെറ്റിതടത്തില്‍ നിന്നും ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാന്‍ സാധിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടന്ന് കൊപിഷ്ഠരാകുന്നതിനാല്‍ ഭ്രുമദ്ധ്യം പെട്ടെന്ന് ചൂടുപിടിക്കുന്നു. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്ടെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു....

ദാന-ദക്ഷിണാദികള്‍ കൊടുക്കുന്നതെന്തിന് ?


ദക്ഷിണ എന്ന ശബ്ദം 'ദക്ഷിണം ' എന്ന പദത്തില്‍ നിന്നുമാണ് . ദക്ഷിണം എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം . ദക്ഷിണ ഭാഗം സത്കര്‍മ്മങ്ങളുടെ (ദേവന്മാരുടെ) ആസ്ഥാനമാണ്‌.. അപ്പോള്‍ ദക്ഷിണ എന്നത് സത്കര്‍മ്മങ്ങള്‍ സംബൂര്‍ണമാകുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു . ഏത് കര്‍മ്മവും നമുക്കായി മറ്റൊരാള്‍ ചെയ്യുമ്പോള്‍ ചെയ്തു തീരുന്ന നിമിഷം വരെ ആ ആളില്‍ത്തന്നെ അതിന്റെ പുണ്യശക്തി കുടികൊള്ളുന്നു . ദക്ഷിണ കൊടുത്ത് കര്‍മ്മപുണ്യം പൂജകന്റെ പക്കല്‍ നിന്നും തങ്ങളിലോട്ട് മാറ്റം ചെയ്യപ്പെടുന്നു . അങ്ങിനെയാണ് പൂജാകര്‍മ്മങ്ങളുടെ പൂര്‍ണഫലം നമുക്ക് ലഭിക്കുന്നത്.

ദോഷ നിവാരണിക്കും സുകൃതത്തിനും വേണ്ടിയാണല്ലോ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ പ്രതിഫല ഇച്ഛയാണ് ഇവിടെ പ്രകടിപ്പിക്കുന്നത് . ഇത് പാപമാണ്. അതുപോലെ പൂജിച്ച ആളിന് ദാനം നല്‍കുന്നതും പാപമാണ്. ദാനത്തിന്റെ പാപം മാറ്റാന്‍ ധനത്തിന്റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം.ഈ ദക്ഷിണ കൊടുക്കുന്നതിലുണ്ടായ പാപം മാറാന്‍ സര്‍വ്വ പാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം . അങ്ങനെയാണ് ദാന-ദക്ഷിണ-സമര്‍പ്പണാദി ചടങ്ങുകള്‍ മുഖ്യമായത് .

വെറ്റില അടയ്ക്കാ മുതലായവയോടുകൂടി വേണം ദക്ഷിണ നല്‍കാന്‍ .വെറ്റില സത്വ ഗുണത്തിന്റെയും, അടയ്ക്കാ രജോ ഗുണത്തിന്റെയും പ്രതീകമാണ്.വെറ്റിലയുടെ അഗ്രം ദക്ഷിണ കൊടുക്കുന്ന ആളിന്റെ നേരെ വെച്ച് ദക്ഷിണ നല്‍കണം. എന്നാല്‍ ദേവ കാര്യാര്‍ത്ഥം അഥവാ ഗുരു, ആശ്രമം, ക്ഷേത്രം എന്നീ കാര്യങ്ങള്‍ക്ക് ദക്ഷിണ നല്‍കുമ്പോള്‍ വെറ്റിലയുടെ അഗ്രം കൊടുക്കേണ്ട ആളിന്റെ നേരെ ആയിരിക്കണം . ഇത് നമ്മില്‍ നിന്നും കര്‍മ്മ സമര്‍പ്പണം അവിടേക്ക് ചെല്ലുന്നു എന്ന്‍ സൂചന.

ദാനം എന്നാല്‍ ത്യാഗം എന്നും, ദക്ഷിണ എന്നാല്‍ ധനാര്‍പ്പണം എന്നും, സമര്‍പ്പണം എന്നാല്‍ പ്രതിഫലേച്ഛ കൂടാതെ സര്‍വ്വവും ഈശ്വരന് സമര്‍പ്പിക്കുന്നത് എന്നും വ്യക്തം. ദാനം ആര്‍ക്കും എപ്പോഴും ചെയ്യാവുന്നതാണ് . ദക്ഷിണയാകട്ടെ ദേവനും, ഗുരുവിനും,ദൈവീകകാര്യങ്ങള്‍ക്കും, ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമേ അര്‍ഹതയുള്ളൂ . സമര്‍പ്പണം ഈശ്വരനോട് മാത്രം പാടുള്ളതാണ്

Monday 1 October 2012

ഗംഗാമാഹാത്മ്യം ..... സ്വാമി പരമേശ്വരാനന്ദ


ആദിഭൗതികം, ആദ്ധ്യാത്മികം, ആദിദൈവികം – എന്നീ ത്രീവിധ വീക്ഷണത്തോടുകൂടിയാണ് ഹിന്ദുക്കളുടെ ജലതീര്‍ത്ഥ സങ്കല്പവും. ഭാരതപുണ്യഭൂമിയില്‍ ഒഴുകി കിഴക്കേക്കടവില്‍ ചെന്നുപതിക്കുന്ന പുഴകളെ നദികളെന്നും മറ്റു ദിക്കുകളിലേക്കൊഴുകന്നവയെ നദങ്ങളെന്നും വിശേഷിപ്പിച്ചിരിക്കുന്നു. കൂടാതെ ഭാരതത്തിലുടനീളം തീര്‍ത്ഥസ്‌നാനങ്ങളായ തടാകങ്ങളും കുണ്ഡങ്ങളും ഉണ്ട്. സര്‍വ്വപ്രധാനതീര്‍ത്ഥം ഗംഗയാണെന്നത് ശ്രുതി യുക്ത്യാനുഭവ സിദ്ധമാകുന്നു. ഗംഗയോളം പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു പുണ്യനദി വിശ്വത്തില്‍ മറ്റെവിടെയും ദര്‍ശിക്കാനാവില്ല.
പ്രത്യക്ഷത്തില്‍, സമുദ്രനിരപ്പില്‍നിന്ന് പന്തീരായിരം അടി ഉയരത്തില്‍ ഹിമശിഖരങ്ങളില്‍ നിന്നുല്‍ഭവിച്ച് 2500കിലോമീറ്റര്‍ ഒഴുകി ഗംഗാസാഗരത്തില്‍ പതിക്കുന്ന ഗംഗാനദിയുടെ ഇരുകരകളിലും അനേകം അനേകം തീര്‍ത്ഥഘട്ടങ്ങളും ക്ഷേത്രങ്ങളും ഉണ്ട്. ഭൗതിക ദൃഷ്ട്യാ ഗംഗാ ജല സമ്പര്‍ക്കത്താല്‍ ചുറ്റുപ്രദേശങ്ങളെല്ലാം സസ്യശ്യാമളവും ഫലഭൂയിഷ്ടവുമാണ്. വീതരാഗയോഗികളായ ഈശ്വരോന്മുഖരായി ജീവിത സാധന നയിക്കുന്ന പുണ്യാത്മക്കള്‍ക്കെല്ലാം മുഖ്യാശ്രയമാണ് ഗംഗ. ചുരുക്കിപ്പറഞ്ഞാല്‍ ഗംഗ, ഗായത്രി, ഗീത, ഗോവ്, ഗുരു ഈ പഞ്ചരാഗങ്ങളും ഗംഗയെ ആശ്രയിച്ച് സ്ഥിതിചെയ്യുന്നു. ആദി ഭൗതിക ആദ്ധ്യാത്മിക ആവശ്യങ്ങളുടെ ഉറവിടമാണ് ഗംഗയെന്ന് താല്‍പര്യം. വീതരാഗയോഗികളെയും ഋഷിമുനിമാരെയും സംബന്ധിച്ചിടത്തോളം ആദി ദൈവിക പ്രചോദന സ്രോതവുമാണ്. ഹരിദ്വാരം മുതല്‍ വടക്കോട്ട് ഹിമാലയത്തില്‍ പോഷകനദികള്‍ സന്ധിക്കുന്ന സ്ഥാനങ്ങള്‍ ഉള്‍പ്പടെ ഗംഗോത്രി, ഗോമുഖംവരെ ഗംഗോല്‍ഭവ സംങ്കല്‍പങ്ങള്‍ ദൃശ്യമാണ്. ഗോമുഖത്തിനപ്പുറം എവിടെനിന്നു ഗംഗ ഉല്‍ഭവിക്കുന്നു എന്ന് തീര്‍ത്തുപറയുവാന്‍ ഇതേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഗംഗയുടെ യഥാര്‍ത്ഥ ഉല്‍ഭവോസ്ഥാനം ഇന്നും അദൃശ്യംതന്നെ. അതിനാല്‍ ഗംഗ സമുദ്രത്തില്‍ ചേരുന്ന ഗംഗാസാഗരംതൊട്ട് ഗംഗാദ്വാരമെന്നറിയപ്പെടുന്ന ഋഷികേശംവരെ ഗംഗയുടെ ആദിഭൗതിക സ്വരൂപവും, അവിടെനിന്നു ഗോമുഖംവരെ ആദ്ധ്യാത്മികസ്വരൂപവും, ഗോമുഖത്തിനപ്പുറം ആദി ദൈവികസ്വരൂപവും ദര്‍ശിക്കാം. ഗംഗയെ ദേവിയായി ആവാഹിച്ച് ഉപാസിക്കുമ്പോള്‍ അഭയവും അമരത്വവും നല്‍കുന്ന തൃക്കൈകളില്‍ അമൃതകുംഭവവും താമരപുഷ്പവും ധരിച്ചുകൊണ്ട് മകരമത്സ്യവാഹനാരൂഢയായി വിരാജിക്കുന്നു. ഭക്തജനങ്ങള്‍ക്ക് അഭീഷ്ടപ്രദയായ ദേവി ശ്വേതവര്‍ണ്ണ സ്വരൂപിണിയാണ്. സ്വര്‍ഗംഗ, ആകാശഗംഗ, ഹൈമവതി, ജാഹ്നവി, ഭാഗീരഥി, പാതാളഗംഗ ഇത്യാദി നാമശതങ്ങളാല്‍ പ്രതീകീര്‍ത്തിക്കപ്പെടുന്ന ഗംഗ ശൈവ – വൈഷ്ണവ സ്വരൂപിണിയാണ്. ആദി ദൈവികസത്തയുടെ സ്വരൂപമാണല്ലോ ആദിഭൗതിക ജഗത്. ശ്രീ വിഷ്ണുഭഗവാന്റെ പാദകമലങ്ങളില്‍ നിന്നുത്ഭവിച്ച് ശ്രീശുകഭഗവാന്റെ ജടാമകുടത്തില്‍വന്നു തങ്ങുന്ന ഗംഗയെ ഭഗീരഥന്റെ കഠിനതപസ്സുകൊണ്ട് ഭൂമണ്ഡലത്തിലേക്ക് പ്രവഹിക്കുന്നതായിട്ടാണ് പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. ഹിമവാന്റെ ഉച്ചി ഹിമാവൃതമായിരിക്കുന്ന ശ്രീനാരായണ പര്‍വ്വതത്തിന്റെ അന്തര്‍ഭാഗത്ത് ചരണഭാഗത്ത് നിന്നുത്ഭവിക്കുന്ന അളകനന്ദ ബദരീനാഥംവഴിക്ക് ഒഴുകുന്നതുപോലെ ദൃശ്യമല്ലെങ്കില്‍ നാരായണപര്‍വ്വതത്തിന്റെ ചരണഭാഗത്തുകൂടി അന്തര്‍ധാരയായി പ്രവഹിക്കുന്ന ഗംഗ മാനവസുമേരു എന്നറിയപ്പെടുന്ന സ്വര്‍ണപര്‍വ്വതത്തിലൂടെ ശിവലിംഗീ കൊടുമുടിയില്‍ വന്നുചേരുന്നു. ഈ പര്‍വ്വതശിഖിരം ഗോമുഖത്തിന്റെ തെക്കുഭാഗത്താണ്. അവിടെനിന്നും തെക്കോട്ട് ഗോമുഖത്തിലൂടെ ശക്തിയായി പ്രവഹിക്കുന്ന രൂപത്തിലാണ് നമുക്ക് ആദ്യം ദൃഷ്ടിഗോചരമാകുന്ന ഗംഗോത്ഭവം. ഗംഗോത്തരിയില്‍നിന്ന് ഇരുപത്തിയഞ്ചുകിലോമീറ്റര്‍ ദൂരമുള്ളയാത്ര അതികഠിനമാണ്. ഏതുസമയവും പാറപോലെയുള്ള മഞ്ഞിന്‍കട്ടകള്‍ അടര്‍ന്നുവീണുകൊണ്ടിരിക്കും. എന്നാല്‍ അനുഭവപ്പെടുന്ന പ്രകൃതിദൃശ്യങ്ങള്‍ അതീവ മനോഹരവും നിര്‍വൃതിദായകവുമാണ്. ഭൂമുഖത്തില്‍നിന്നു തിരിയുന്ന ഗംഗയില്‍ പത്തുകിലോമീറ്റര്‍ ദൂരംവരുമ്പോള്‍ ദേവനദി വന്നുലയിക്കുന്നു. വീണ്ടും പത്തുകിലോമീറ്റര്‍വരണം ഗംഗോത്തരിയിലേക്ക്. സാധാരണ നിലയില്‍ സാഹസികരായ യാത്രക്കാര്‍പോലും ഈ ഗംഗോത്തരിവരെപോയി ഗംഗോത്സവം ദര്‍ശിച്ച് കൃതാര്‍ത്ഥരാകുന്നു. ദേവതാരു വൃക്ഷങ്ങളാലാവൃതമായ ഗംഗോത്തരിയില്‍ ശ്രീശങ്കരപാദരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശ്രീഗംഗാക്ഷേത്രമുണ്ട്. കൂടാതെ യമുന, സരസ്വതി, ഭഗീരഥന്‍, ശ്രീശങ്കരഭഗവത്പാദര്‍ എന്നീ മൂര്‍ത്തികളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭൈരവനാദമന്ദീര്‍ എന്ന ഒരു പ്രത്യേകക്ഷേത്രവും തീര്‍ത്ഥാടകര്‍ക്കു തങ്ങാനുളള ധര്‍മ്മശാലയുമുണ്ട്. ഗംഗോത്തരിയില്‍ സൂര്യകുണ്ഡം, വിഷ്ണുകുണ്ഡം, ബ്രഹ്മകുണ്ഡം തുടങ്ങിയ തീര്‍ത്ഥങ്ങളും ഭാഗീരഥന്‍ തപസ്സുചെയ്തിരുന്ന ഭാഗീരഥശിലയുമുണ്ട്. ഗംഗോത്തരിയില്‍ മഞ്ഞുകട്ടികൊണ്ടുമൂടുന്ന കാലങ്ങളില്‍ മൂന്നുകിലോമീറ്റര്‍ താഴെ മാര്‍ണ്ഡേയ മഹര്‍ഷി തപസ്സുചെയ്തിരുന്ന സ്ഥലത്തേക്ക് ദേവമൂര്‍ത്തികളെ ആവാഹിച്ച് പൂജാദികര്‍മ്മങ്ങള്‍ നടത്തപ്പെടുന്നു. ഇവിടെനിന്നും കുറച്ചകലെയായി കേദാരഗംഗ എന്ന നദി ഗംഗയോടു ചേരുന്നു. ഇതിനടുത്തുതന്നെ ഗംഗ ശിവലിംഗത്തിലേക്ക് ധാരയായി ഒഴുകുന്ന ഗൗരികുണ്ഡം. പിന്നെഇങ്ങോട്ട് അളകനന്ദ, മന്ദാകിനി, വരുണ്‍, അസി, യമുന, സരസ്വതി, ബ്രഹ്മപുത്ര തുടങ്ങിയ അനേകം പോഷകനദികള്‍ ഗംഗയില്‍ ലയിക്കുന്നുണ്ട്. ഗംഗാതീര്‍ത്ഥത്തിലെ അനേകം പുണ്യതീര്‍ത്ഥ സങ്കേതങ്ങളില്‍ ഉത്തരകാശി ഋഷികേശം ഹരിദ്വാരം, പ്രയാഗ, വാരാണാസി, നവദ്വീപം, ഗംഗാസാഗരം മുതലായവ പ്രസിദ്ധങ്ങളാണല്ലോ. പ്രാദേശികവും അന്താരാഷ്ട്രീയവുമായ പലപല പ്രധാനപുഴകളുള്ളതില്‍ പുണ്യനദികളും ഉള്‍പ്പെടും. എന്നാല്‍ പലകാരണങ്ങളാല്‍ ഗംഗ പുണ്യനദികളുടെയെല്ലാം മാതാവാകുന്നു. വേദഋഷികളുടെ തപോഭൂമിയാണ് ഗംഗാതീരത്തിന്റെ പൂര്‍വ്വാര്‍ഥം മുഴുവന്‍. വേദങ്ങളിലും, ഇതിഹാസപുരാണങ്ങളിലെല്ലാം ഗംഗാമാഹാത്മ്യം വെളിവാക്കിയിട്ടുണ്ട്. യജ്ഞപുരുഷനും ത്രിവിക്രമസ്വരൂപനും ആയ സാക്ഷാല്‍ യഞ്ജപുരുഷനും ത്രിവിക്രമ സ്വരൂപനുമായ സാക്ഷാല്‍ വിഷ്ണുഭഗവാന്റെ ത്രിലോകത്തെയും അതിക്രമിച്ച വാമപാദാംഗുഷ്ഠത്തില്‍ നിന്നുല്‍ഭവിച്ച് ഭഗവത് പാദപങ്കജത്തെ പ്രക്ഷാളനം ചെയ്തുകൊണ്ട് ഗംഗാഭഗവതി ജഗത്പാപ നിവാരണാര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍നിന്നും ഹിമാലയബ്രഹ്മസദനത്തില്‍ അപഹരിച്ചു. അവിടെനിന്നും ദേവി, സീതാ, അളകനന്ദ, ചക്ഷു, ഭദ്ര ഇത്യാദിനാമങ്ങളില്‍ നാനാദിക്കുകളിലേക്കും പ്രവഹിച്ചു. എന്ന് മഹാഭാരതത്തില്‍ പറയുന്നു. ഗംഗ എന്നപേരോടുകൂടി ദ്രവരൂപത്തില്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത് സാക്ഷാല്‍ പരബ്രഹ്മംതന്നെ. മഹാപാതകികളെപ്പോലും സമുദ്ധരിക്കാന്‍വേണ്ടി കൃപാനിധിയായ പരമാത്മാവ് തന്നെ പുണ്യതമമായ പാഥോരൂപത്തില്‍ പൃഥ്യിയില്‍ അവതരിച്ചിരിക്കുന്നു. ഗംഗ എന്നത് സമുദ്രജലംപോലെയോ തടാകജലംപോലെയോ ഉള്ള വെറും ജലമല്ല. അവള്‍ സര്‍വാന്തര്യാമിയായി സര്‍വ്വാധിഷ്ഠാനമായ സാക്ഷാല്‍ പരബ്രഹ്മവസ്തുതന്നെ. എന്നാല്‍ ഭാഗീരഥി വെറുംവെള്ളമല്ലെന്നും സര്‍വ്വത്ര പരിപൂര്‍ണ്ണമായ പരമാത്മാവസ്തുതന്നെ എന്നുള്ളതിന് എന്തൊരു പ്രമാണമാണുള്ളതെന്ന് വല്ലവരും പ്രശ്‌നംചെയ്യുന്നപക്ഷം ശ്രദ്ധ എന്നുമാത്രമാണ് ഒരു ഭാഗീരഥിവ്യക്തന്‍ അതിനുത്തരംപറയുക. ആദ്ധ്യാത്മിക കാര്യങ്ങളില്‍ ബുദ്ധിശക്തിയിലധികം ശ്രദ്ധയാകുന്നു പ്രാധാന്യമെന്നുള്ളത് സര്‍വ്വമതങ്ങളും സര്‍വാചാര്യന്മാരും സമുദ്‌ഘോഷിക്കുന്ന ഒരു തത്വമാകുന്നു.

വിദ്യാരംഭവും ഗുരുപരമ്പര മഹത്വവും


ഓം ഗുരുബ്രഹ്മ ഗുരു വിഷ്ണുര്‍ ഗുരുദേവോ മഹേശ്വര
ഗുരു സാക്ഷാല്‍ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ :"

ആര്‍ഷ ഭാരത സംസ്കാരത്തില്‍ ഗുരു പരമ്പരക്കുള്ള സ്ഥാനം ദൈവതുല്യമോ അതിലുപരിയോ ആകുന്നു. "മാതാ പിതാ ഗുരു ദൈവം" എന്ന മഹത്തായ സന്ദേശം ഉദ്ധരിക്കുമ്പോള്‍, ഭൂമിയില്‍ ജന്മം തന്ന മാതാവ് പ്രഥമ സ്ഥാനത്തിലും, മാതാവിലൂടെ കുട്ടി മനസ്സിലാക്കിയ പിതാവ് രണ്ടാമതും , മാതാ പിതാക്കള്‍ വിദ്യാരംഭ ത്തിലൂടെ കുട്ടിയെ ഏല്‍പ്പിക്കുന്ന ഗുരുക്കന്മാര്‍ മൂന്നാമതും, ഗുരുവിലൂടെ ദൈവ സങ്കല്‍പ്പവും ആത്മബോധവും ഗ്രഹിക്കുന്ന കുട്ടിയുടെ ജീവിതത്തില്‍ ദൈവം നാലാമതും കടന്നു വരുന്നു. മാതാപിതാക്കളെ പ്രദക്ഷിണം ചെയ്യുക വഴി സകല ലോകങ്ങളെയും ചുറ്റിവന്നു അഥവാ സര്‍വ്വ ലോകങ്ങലേക്കാളും മഹത്വമാണ് മാതാപിതാക്കള്‍ക്കുള്ളത് എന്ന് നമ്മെ പഠിപ്പിക്കുന്ന ഗണേശഭഗവാന്‍റെ കഥയും, എന്റെ മുന്നില്‍ ഗുരുവും ദൈവവും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടാല്‍ ആദ്യം ഞാന്‍ ഗുരുവിനെ പ്രണമിക്കും എന്ന് പറഞ്ഞു തന്ന മഹത് വചനങ്ങളും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും മഹിമ നമുക്ക് മനസ്സിലാക്കി തരുന്നു. ഇവിടെ ദൈവം എന്നത് ആത്മജ്ഞാനവും പരമമായ അറിവും, ബോധവും ആകുന്നു.

ഹിന്ദു ധര്‍മ്മമനുസരിച്ച് വിദ്യാരംഭ ദിവസം വിശിഷ്ടമാകുന്നത് മാതാവും പിതാവും ഗുരുവും ദൈവവും ഒന്ന് ചേരുന്ന പവിത്രമായ മുഹൂര്‍ത്തമായതുകൊണ്ട് തന്നെ. ഒരു കുട്ടിയുടെ ഭൌതികവും ആത്മീയവും ആയ വളര്‍ച്ചക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങള്‍ കുട്ടിയിലേക്ക് ആദ്യമായി വന്നു ചേരുന്നതോ തുടക്കം കുറിക്കുന്നതോ ആയ മുഹൂര്‍ത്തമായതിനാല്‍ വിദ്യാരംഭം പരമപ്രധാന്യമര്‍ഹിക്കുന്നു. ഗുരുവിന്‍റെ പ്രാധാന്യവും ഗുരുത്വത്തിന്‍റെ മഹത്വവും കുട്ടിയിലേക്ക് പകര്‍ന്നു കൊടുക്കുന്ന വിദ്യാരംഭ ദിവസം ഹിന്ദു പുരാണങ്ങള്‍ പ്രകാരം ഏറ്റവും വിശിഷ്യമായ ദിവസമാകുന്നു.

മഹിഷാസുര മര്‍ദ്ദിനിയായ ദേവി സര്‍വ്വലോകഹിതാര്‍ത്ഥം അസുരനെ നിഗ്രഹിക്കുകയും വിജയദശമി നാളില്‍ സകലഭക്തര്‍ക്കും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു . ദേവന്മാരാല്‍ അസാധ്യമായ മഹിഷാസുരനിഗ്രഹത്തിലൂടെ അശാന്തിയില്‍ നിന്നും ശാന്തിയിലേക്കും , തമസ്സില്‍ നിന്നും പ്രകാശത്തിലേക്കും, അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിലേക്കും ഭക്തരെ നയിച്ച പരാശക്തിയായ ജഗന്മാതാവ് സകല വിദ്യാ വിലാസിനിയായി സരസ്വതി ദേവിയായി പദ്മ ദളങ്ങളില്‍ അനുഗ്രഹം നല്‍കി വിരാജിക്കുന്നു.സകല വിഘ്നങ്ങളും അകറ്റുവാന്‍ ഗണപതി ഭഗവാനേയും, വാണീശ്വരിയേയും, ഐശ്വര്യ ദായിനിയായ ലക്ഷ്മി ദേവിയും മനസ്സില്‍ ധ്യാനിച്ച്‌ ഗുരു സമക്ഷത്തില്‍ കുട്ടികള്‍ വിദ്യാരംഭം കുറിക്കുമ്പോള്‍, ഗുരുശിഷ്യ ബന്ധത്തിന്‍റെ ഉദാത്ത സങ്കല്‍പ്പമായ ഗുരുദക്ഷിണയിലൂടെ അറിവിന്‍റെ തുടക്കം കുറിക്കുന്ന ശിഷ്യന്‍റെ ജീവിത യാത്രയില്‍ താങ്ങും തണലുമായി ഗുരുവിന്‍റെ ഉപദേശങ്ങള്‍ എന്നും വഴികാട്ടുന്നു.

സംസ്കൃതഭാഷയില്‍ അന്ധകാരമെന്ന അര്‍ഥം വരുന്ന 'ഗു' എന്ന പദവും, അകറ്റുന്ന എന്ന അര്‍ഥം വരുന്ന 'രു' എന്ന പദവും കൂടിച്ചേരുമ്പോള്‍ ഗുരു എന്നതു മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്‍റെ വെളിച്ചം പകരുന്ന അഥവാ പരമ മായ സത്യം മനസ്സിലാക്കി തരുന്ന സാക്ഷാല്‍ ദൈവം തന്നെയാകുന്നു. "ഗുരു ബ്രഹ്മ ഗുരുര്‍ വിഷ്ണു " എന്ന് തുടങ്ങുന്ന ശ്ലോകം ഗുരു സാക്ഷാല്‍ പരബ്രഹ്മം തന്നെയാണെന്ന് ഉദ്ധരിക്കുന്നു. ഗുരുവിലൂടെ അല്ലാതെ, ഗുരുവിന്‍റെ അനുഗ്രഹത്തിലൂടെ അല്ലാതെ ഭഗവാന്‍റെ കൃപ നമ്മളിലേക്ക് എത്തുന്നത്‌ അസാധ്യം തന്നെ.

ലോകത്തിന്‍റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാന്‍ നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ഈ മഹത്തായ സംസ്കാരം കാലാകാലങ്ങളില്‍ ജീവിച്ചിരുന്ന ഗുരുപരമ്പരകളിലൂടെ ശിഷ്യരിലേക്കും, മറ്റുള്ളവരിലേക്കും കൈമാറി വന്നവതന്നെയാണ്. വസിഷ്ടാശ്രമവും, സാന്ദീപിനി ആശ്രമവും രാമനും കൃഷ്ണനും ആത്മോപദേശമേകിയെങ്കില്‍ സ്വാമി വിവേകാനന്ദനും, ചട്ടമ്പിസ്വാമികളും, ശ്രീ നാരായണ ഗുരുവും, മാതാ അമൃതാനന്ദമയി ദേവിയും മറ്റു ഗുരുക്കന്മാരും ഇന്നും നമ്മളിലേക്ക് ആ അറിവിന്‍റെ ഗംഗാ പ്രവാഹം എത്തിച്ചുതരുന്നു.

ഈ സനാതനമായ മഹത്തായ പാരമ്പര്യവും അതിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ സംസ്കാരവും അറിവും തികച്ചും ഈശ്വരീയമാണ്. അതുകൊണ്ട് തന്നെ വിദ്യാരംഭത്തിന്‍റെ പ്രാധാന്യവും ഗുരുപരമ്പര മഹത്വവും കാലാധിവര്‍ത്തിയായി ഈ മണ്ണില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. പ്രണാമം .

ലേഖകന്‍ : രഞ്ജിത്ത് ഭദ്രന്‍

ദക്ഷിണ


പുണ്യകർമങ്ങൾക്കു മുമ്പോ ശേഷമോ കാർമികത്വം വഹിക്കുന്ന വ്യക്തിക്കു നല്കുന്ന ഔപചാരിക പ്രതിഫലമാണ് ദക്ഷിണ. വൈദിക-താന്ത്രിക-മാന്ത്രിക കർമങ്ങൾ, ബ്രാഹ്മണരുടെ ഷോഡശക്രിയകൾ തുടങ്ങിയവയ്ക്കാണ് സാധാരണയായി ദക്ഷിണ നല്കപ്പെടുന്നത്.

വെറ്റില, പാക്ക്, പണം എന്നിവയാണ് ദക്ഷിണയ്ക്ക് പതിവ്. ഇവ വെള്ളം, ചന്ദനം, പൂവ് എന്നിവയോടൊപ്പം വലതുകൈയിൽ എടുത്ത് 'ഓം തത്സത്' എന്ന മന്ത്രം ചൊല്ലിയാണ് നല്കേണ്ടത്. ശ്രാദ്ധം പോലെയുള്ള ചടങ്ങുകളിൽ വസ്ത്രം, നാളികേരം തുടങ്ങിയവയും ദക്ഷിണയായി നല്കാറുണ്ട്.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാഭ്യാസം പൂർത്തിയായതിനുശേഷം ഗുരുദക്ഷിണ നല്കുന്ന പതിവ് നിലനിന്നിരുന്നു. പണം, ഭൂമി, ധാന്യം, വസ്ത്രം, ഗോക്കൾ തുടങ്ങി ഗുരു എന്ത് ഇച്ഛിക്കുന്നുവോ അത് ശിഷ്യൻ എത്തിച്ചുകൊടുക്കണമെന്ന് ഭവിഷ്യത് പുരാണത്തിൽ പറയുന്നു. ഗുരുക്കന്മാർ ആവശ്യപ്പെട്ട ദക്ഷിണ നല്കുന്നതിനായി ശിഷ്യന്മാർ അനുഭവിച്ച ക്ലേശങ്ങളെയും അനുഷ്ഠിച്ച ത്യാഗങ്ങളെയും കുറിച്ചുള്ള കഥകൾ പുരാണങ്ങളിൽ നിരവധിയുണ്ട്.

വിഷ്ണുപുരാണത്തിലും ദേവീഭാഗവതത്തിലും 'ദക്ഷിണ' എന്നു പേരുള്ള ദേവിയെക്കുറിച്ച് പരാമർശമുണ്ട്. രുചിപ്രജാപതിക്ക് ആകൂതി എന്ന ഭാര്യയിൽ ജനിച്ച പുത്രിയാണ് ദക്ഷിണ. ദക്ഷിണാദേവിയും ഭർത്താവായ യജ്ഞപുരുഷനും പുത്രനായ ഫലദനുമാണ് കർമഫലങ്ങൾ വിതരണം ചെയ്യുന്നത് എന്നാണ് വിശ്വാസം. യജ്ഞാവസാനം നടത്തുന്ന ദാനത്തിനും ദക്ഷിണ എന്നു പേരുണ്ട്. നായികമാരിൽ ഒരു വിഭാഗവും ദക്ഷിണ എന്ന് വ്യവഹരിക്കപ്പെടുന്നു. ദക്ഷിണദിക്ക് എന്നു വിശേഷിപ്പിക്കുമ്പോൾ തെക്ക് എന്ന അർഥവും ദക്ഷിണയ്ക്കുണ്ട്.


Saturday 15 September 2012

സൂര്യ നമസ്കാരം


ധ്യാനശ്ലോകം

ധ്യേയഃ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തി
നാരായണഃ സരസിജാസന സന്നിവിഷ്ടഃ
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്രഃ

അര്‍ത്ഥം 

കിരണങ്ങളുതിരുന്ന ഹിരണ്മയശരീരത്തില്‍ മകരകുണ്ഡലങ്ങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങ്ങള്‍ ധരിച്ച് സവിതൃമണ്ഡലത്തിന്‍ടെ മദ്ധ്യത്തില്‍ എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു.

ശ്വാസക്രമം 

സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.

സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.

ശ്വാസക്രമം:-

സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.

ഐതിഹ്യം:-

ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.

ശാസ്ത്രീയം:-

സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം,ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു.


രീതി:-

നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി. സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.

നിരുക്തം:-

നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തില്‍ ഇന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് നമസ്കാരം ആയത് അര്‍ത്ഥം തലകുനിക്കല്‍, ആദരവ് പ്രകടിപ്പിക്കല്‍ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തില്‍ നിസ്കാരം മായിത്തീര്‍ന്നിട്ടുണ്ട്ട്.


നാല് വിധ നമസ്കാരങ്ങള്‍-:
നമസ്കാരങ്ങള്‍ നാല് വിധമുണ്ട്.സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിങ്ങനെ.
സൂര്യ നമസ്കാരം
സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.
സാഷ്ടാംഗ നമസ്കാരം
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാല്‍മുട്ട്,കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.
ദണ്ഡ നമസ്കാരം
ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍(വടി പോലെ) കിടക്കുന്നതാകുന്നു.
പാദ നമസ്കാരം
ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി(വജ്രാസനം)ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.
ആശ്രയം,ശരണം,രക്ഷ,അഭയം,ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ,ദണ്ഡമോ,സൂര്യമോ ചെയ്യാന്‍ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ഠാംഗ നമസ്കാരത്തെ അനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല,സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകള്‍ ആചരിക്കാവു

ശാസ്ത്രീയ തത്വം:-

കുനിഞ്ഞ് നമസ്കരിക്കുമ്പോള്‍ വാസ്തവത്തില്‍ നമ്മുടെ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വര്‍ദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെ ഭാരം വര്‍ദ്ധിച്ച നാം ആ ഭാരത്താല്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കല്‍ ഒടിഞ്ഞുവീഴാനിടയാകും. എന്നാല്‍ കുനിഞ്ഞുനില്‍ക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താല്‍ നേടുന്ന ഉയര്‍ച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമര്‍പ്പിക്കുമ്പോഴാണ്. സമര്‍പ്പണത്താല്‍ നാം ഭാരത്തില്‍ നിന്നും മുക്തമാകും.

ഗുണഫലങ്ങള്‍:- 

ഇന്ദ്രിയങ്ങള്‍ നിറഞ്ഞ മുന് വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരുമ്പോള്‍,അതായത് മുന്നോട്ട് കുനിയുമ്പോള്‍ നാം അസത്യത്തില്‍ നിന്നും പിന്‍ വാങ്ങുകയാണ്‍ എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാല്‍ ശിരസ്സ് ഭൂമിയെ സ്പര്‍ശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാല്‍ ശിരസ്സിനുള്ളിലെ മനോബുദ്ധികളില്‍ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ദുഷ്ടഗുണങ്ങള്‍ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങള്‍ ലഭിക്കും എന്നാണ്‍ സങ്കല്പം


ദേവന്‍മാരുടെ വിശേഷദിവസങ്ങള്‍


വിഷ്ണു:

ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും( ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും( കുചേല ദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നത്വരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷമാകുന്നു.

ശിവന്‍:

ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.

ഗണപതി:

ചിങ്ങമാസത്തിലെ വിനായക ചതുര്ത്ഥിയും, തലാമാസത്തില്‍ തിരുവോണം ഗണപതിയും മീന മാസത്തിലെ പൂരം ഗണപതിയും മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്.

ശാസ്താവ്:

വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവ പ്രധാനമാണ്.

സുബ്രഹ്മണ്യന്‍:

കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം( പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവ പ്രധാനമാണ്.

ശ്രീരാമന്‍:

മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശിതിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.

ദേവിമാരുടെ പ്രധാനദിവസങ്ങള്‍


ഭഗവതി: (ദുര്‍ഗ്ഗ)

ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വാ, വെള്ളി ദിവസങ്ങളും പ്രധാനമാണ്.

സരസ്വതി:

കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം( വിജയദശമി) എന്നിവ പ്രധാനമാണ്.

ഭദ്രകാളി:

ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരചൊവ്വയും( മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്.

ആഴ്ചവ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍"


വ്രതമെടുക്കുന്നവര്‍ വ്രതദിനത്തിലും തലേദിവസം മുതല്‍ ശുദ്ധി, പ്രത്യേകിച്ചും അന്ന - ശരീരശുദ്ധി പാലിക്കണം. വ്രതദിനത്തിലും ഇതാവശ്യമാണ്. വ്രതദിനത്തിന് പിറ്റേദിവസം വരെയും അതുപാലിക്കുകയും വേണം.

ആഴ്ചതോറും വ്രതമെടുക്കാന്‍ കഴിയാത്തവര്‍ മലയാളമാസത്തിലെ ആദ്യം വരുന്ന ആഴ്ചകളില്‍ വ്രതമനുഷ്ഠിക്കണം. ഈ ആഴ്ചകളെ മുപ്പെട്ടു ഞായര്‍, മുപ്പെട്ടു തിങ്കള്‍, മുപ്പെട്ടു ചൊവ്വ, മുപ്പെട്ടു ബുധന്‍, മുപ്പെട്ടു വ്യാഴം, മുപ്പെട്ടു വെള്ളി, മുപ്പെട്ടു ശനി എന്നു വിളിക്കുന്നു. ദശാദോഷമനുഭവിക്കുന്നവര്‍ മുടങ്ങാതെ വിധിപ്രകാരമുള്ള വ്രതമനുഷ്ഠിച്ചാല്‍ ദോഷഫലത്തിനു ശമനമുണ്ടാകുന്നതാണ്.അക്ഷതങ്ങളെക്കൊണ്ട് വിഷ്ണുവിനെയും തുളസീദളംകൊണ്ട് വിഘ്നെശ്വരനെയും അര്‍ച്ചിക്കരുത്.

"ഞായറാഴ്ച വ്രതം"

ആദിത്യദശാദോഷപരിഹാരത്തിനും സര്‍വ്വപാപനാശനത്തിനും സര്‍വൈശ്വര്യസിദ്ധിക്കും ഞായറാഴ്ച വ്രതമാണ് ഉപദേശിക്കുന്നത്.

ശനിയാഴ്ച ഒരിക്കലുണ്ട് ഞായറാഴ്ച വ്രതമെടുക്കണം. രാവിലെ കുളിച്ച് നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പൂക്കളാല്‍ സൂര്യന് അര്‍ച്ചന കഴിക്കുക. ഗായത്രീമന്ത്രം, ആദിത്യഹൃദയമന്ത്രം, സൂര്യസ്തോത്രങ്ങള്‍ ഇവ ഭക്തിപൂര്‍വ്വം ജപിക്കണം. ഞായറാഴ്ചയും ഒരിക്കലൂണ് മാത്രം. ഉപ്പ്, എണ്ണ ഇവ വ്രതദിനത്തില്‍ ഉപേക്ഷിക്കുന്നത് ഉത്തമം. അസ്തമയത്തിനു മുന്‍പ് കുളിച്ച് ആദിത്യഭജനം നടത്തണം. അസ്തമയശേഷം ഭജനം അരുത്.

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ ശിവക്ഷേത്രദര്‍ശനം നടത്തുക. ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് അര്‍ച്ചന, പുറകില്‍വിളക്ക് എന്നീ വഴിപാടുകള്‍ നടത്തുക.

ചര്‍മരോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവയുടെ ശമനവും ഫലശ്രുതിയില്‍ പറഞ്ഞിരിക്കുന്നു.

"തിങ്കളാഴ്ച വ്രതം"

സ്ത്രീകളാണ് സാധാരണയായി ഈ വ്രതം അനുഷ്ഠിക്കുന്നത്. ചന്ദ്രദശാദോഷമനുഭവിക്കുന്നവരും ഈ വ്രതം അനുഷ്ഠിക്കുന്നു.

മംഗല്യസിദ്ധി, വൈധവ്യദോഷപരിഹാരം, ദീര്‍ഘമംഗല്യം, ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം കുടുംബശ്രേയസ്സും ഐശ്വര്യവും തിങ്കളാഴ്ചവ്രതത്തിന്റെ ഫലങ്ങളാണ്.

പ്രഭാതത്തില്‍ കുളിച്ച്, ശിവക്ഷേത്രദര്‍ശനം, ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് മാലയും അര്‍ച്ചനയും, പുറകില്‍വിളക്ക് മുതലായ വഴിപാടുകള്‍, ശിവപുരാണപാരായണം, പഞ്ചാക്ഷരീനാമജപം എന്നിവ നടത്തുക. ഒരിക്കലൂണ് മാത്രം. ഞായറാഴ്ച മുതല്‍ വ്രതശുദ്ധി പാലിക്കണം.

"ചൊവ്വാഴ്ച വ്രതം"

ദേവീപ്രീതിക്കും ഹനുമല്‍പ്രീതിക്കും ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നു. ജാതകത്തില്‍ കുജദോഷമുള്ളവര്‍ ഈ വ്രതം അനുഷ്ഠിക്കുന്നത് ദോഷകാഠിന്യമകറ്റാന്‍ നല്ലതാണ്. ചൊവ്വാദോഷംകൊണ്ട് വിവാഹത്തിനു പ്രതിബന്ധം നേരിടുന്നവരും പാപസാമ്യമില്ലാത്തതുമൂലം ചൊവ്വയുടെ അനിഷ്ടഫലമനുഭവിക്കുന്നവരും ചൊവ്വാഴ്ച വ്രതമനുഷ്ഠിക്കണം.

പ്രഭാതസ്നാനം നടത്തി ഹനുമല്‍ക്ഷേത്രത്തിലും ദേവീക്ഷേത്രത്തിലും ദര്‍ശനവും വഴിപാടുകളും കഴിക്കുക. സിന്ദൂരം, രക്തചന്ദനം, മഞ്ഞള്‍പ്പൊടി, ചുവന്ന പുഷ്പങ്ങള്‍ എന്നിവകൊണ്ടുള്ള പൂജ. ശര്‍ക്കരയും നെയ്യും ചേര്‍ത്ത കടുംപായസം, ഹനുമാന് കുങ്കുമം, അവില്‍ എന്നിവ വഴിപാടായി കഴിക്കാം. ചൊവ്വാഴ്ച ഒരിക്കലൂണ്. രാത്രി ലഘുഭക്ഷണം. അതില്‍ ഉപ്പു ചേര്‍ക്കരുത്.


"ബുധനാഴ്ച വ്രതം"

ബുധദശാദോഷപരിഹാരം, സര്‍വാഭീഷ്ടസിദ്ധി ഇവ ഫലശ്രുതിയില്‍ പറയുന്നു. പ്രഭാതസ്നാനം, നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം, ബുധപൂജ ഇവ നടത്തുക. മഹാവിഷ്ണുക്ഷേത്രത്തിലോ ശ്രീകൃഷ്ണക്ഷേത്രത്തിലോ ദര്‍ശനം നടത്തി തുളസിമാല വഴിപാടായി നല്‍കുന്നതും മോക്ഷദായകമാണ്. ഒരിക്കലൂണ്. രാത്രി ലഘുഭക്ഷണം - പൂര്‍ണ ഉപവാസമായാല്‍ ശ്രേഷ്ഠം.

"വ്യാഴാഴ്ച വ്രതം"

മഹാവിഷ്ണുപ്രീതികരമാണ് വ്യാഴാഴ്ചവ്രതം. വ്യാഴദശാകാലമുള്ളവരും ചാരവശാല്‍ വ്യാഴം അനിഷ്ടസ്ഥാനത്തുസഞ്ചരിക്കുന്നവരും ഈ വ്രതം അനുഷ്ഠിച്ചാല്‍ ദോഷകാഠിന്യം കുറയും. പ്രഭാതസ്നാനം, നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്യാഴത്തിന് മഞ്ഞപ്പൂക്കള്‍കൊണ്ട് അര്‍ച്ചന കഴിക്കുക. ഒരിക്കലൂണ്. ഉപവാസവുമാകാം.

ശ്രീരാമന്റെയും ബ്രുഹസ്പതിയുടെയും പ്രീതി ഈ വ്രതാനുഷ്ഠാനംകൊണ്ട് ലഭിക്കുന്നു. മഹാവിഷ്ണുവിന്റെ അവതാരകീര്‍ത്തനം, രാമായണം ഇവയുടെ പാരായണം ഇവയും ചെയ്യുക.

"വെള്ളിയാഴ്ച വ്രതം"

അന്നപൂര്‍ണേശ്വരീദേവി,മഹാലക്ഷ്മി,സന്തോഷീമാതാക്കള്‍ ഇവര്‍ വെള്ളിയാഴ്ചവ്രതമനുഷ്ഠിക്കുന്നവരില്‍ പ്രസാദിക്കും. ശുക്രദശാകാലമനുഭവിക്കുന്നവര്‍ ഈ വ്രതമനുഷ്ഠിക്കുന്നു. പൊതുവേ ഐശ്വര്യത്തിന് ദശാകാലഭേദമില്ലാതെ ഈ വ്രതമനുഷ്ഠിക്കാം.

മംഗല്യസിദ്ധിക്ക് സ്ത്രീകള്‍ക്ക് വെള്ളിയാഴ്ച വ്രതം ഉത്തമം. ധനധാന്യസമൃദ്ധിയും വ്രതാനുഷ്ഠാനഫലമാണ്.

"ശനിയാഴ്ച വ്രതം"

ശനിദശാകാലദോഷങ്ങള്‍ അകലാന്‍ ഈ വ്രതമനുഷ്ഠിക്കണം. ശാസ്താപ്രീതികരമാണ് ഈ വ്രതം.

പുലര്‍ച്ചെ കുളിച്ച് ശാസ്തക്ഷേത്രദര്‍ശനം നടത്തണം. ശാസ്തസ്തുതികള്‍, ശനീശ്വരകീര്‍ത്തനങ്ങള്‍ ഇവ പാരായണം ചെയ്യുക. ശാസ്താവിന് നീരാഞ്ജനം വഴിപാടു കഴിക്കുക. തേങ്ങയുടച്ച് രണ്ടു മുറികളിലും എണ്ണയൊഴിച്ച് എള്ളുകിഴികെട്ടിയ തിരികത്തിച്ച് ശാസ്താവിന്റെ തിരുനടയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്.

നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ശനിക്ക്‌ കറുത്ത എള്ള്, ഉഴുന്ന്, എണ്ണ ഇവ വഴിപാടായി നല്‍കുക. കറുത്ത വസ്ത്രവും ശനിക്ക്‌ പ്രിയംകരമാണ്. ശനീശ്വരപൂജയും കഴിക്കുക. ഉപവാസം നന്ന്. ഒരിക്കലൂണ് ആകാം.

Thursday 13 September 2012

ഗദ്യപ്രാർത്ഥന - രചന:ശ്രീനാരായണഗുരു


കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവിൽ നിന്നുമുണ്ടായി അതിൽത്തന്നെ ലയിക്കുന്നുതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നശിപ്പിക്കുന്ന - വറുത്തുകളയുന്ന - പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിയിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാൻ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നിൽ ഉണ്ടാകേണമേ! അല്ലയോ ദൈവമേ! കണ്ണുകൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീർക്കുമിളപോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുൻപിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടു തന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാൻ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കുമാറാകേണമേ! നീ എന്റെ സകല പാപങ്ങളെയും കവർന്നെടുത്തുകൊണ്ടു് എനിക്ക് നിന്റെ പരമാനന്ദം നല്കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടു കൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവിൽ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നിൽ ഉണ്ടാകണമേ!

ശ്രീ ഗണേശനാമാഷ്ടകം ... വിശിഷ്ടവും ലഘുതരവുമായ ഒരു മഹാമന്ത്രം



ആസ്തികരായ ഹിന്ദുക്കള്‍ നിയമേന ഒരു ഇഷ്ടദേവതയെ ഉപാസിക്കുകയും നിത്യവും തദ്ദേവതാകമായ ഒരു മന്ത്രം ജപിച്ചു പരിശീലിക്കുകയും ചെയ്തുവരേണ്ടത് അവശ്യം ആവശ്യമത്രേ. ബഹുകാര്യവ്യഗ്രമായ കുടുംബജീവിതത്തില്‍ പെട്ടുഴലുന്നവര്‍ പ്രത്യേകിച്ചും കുരങ്ങുപോലെ ചപലപ്രകൃതിയായ മനസ്സിനെ തെല്ലെങ്കിലും പിടിച്ചുനിര്‍ത്തി ഏകാഗ്രമാക്കുവാനും, ശാന്തിയും സമാധാനവും കൈവരുത്തുവാനും ഇത്തരം ഉപാസനയും ജപാനുഷ്ഠാനവും ഉപകരിക്കുമെന്നുള്ളതില്‍ തര്‍ക്കമില്ല. മനശ്ശാന്തിയില്ലെങ്കില്‍ സുഖമെവിടെ? ‘അശാന്തസ്യ കുതഃ സുഖ’ എന്ന ഗീതാവചനം നോക്കുക!

മനോനിഗ്രഹംകൊണ്ടേ ശാന്തി സിദ്ധിക്കയുള്ളൂ. മനോനിഗ്രഹത്തിനോ, അഭ്യാസവും വൈരാഗ്യവുമാണ് രണ്ടുപായങ്ങള്‍. അതില്‍ ഗൃഹസ്ഥനു അഭ്യാസ (പരിശീലനം)മാണ് പ്രയോഗക്ഷമമായിത്തീരുന്നത്.

ഒരു ദിവസം 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചാലും ജീവിതനിര്‍വ്വഹണം ശ്രമസാധ്യമായിത്തീര്‍ന്നിരിക്കുന്ന ഈ കാലയളവില്‍ പരിമിതമായ സമയം മാത്രമേ ധ്യാനാദികള്‍ക്ക് വിനിയോഗിക്കുവാന്‍ സാധാരണക്കാരനു നിവൃത്തിയുള്ളൂ. അതിനുതക്കവണ്ണം മിതവും സാരവുമായ ഒരു മന്ത്രമായിരിക്കണം നിത്യജപത്തിനു തെരഞ്ഞെടുക്കേണ്ടത്. ശ്രീഗണേശനാമാഷ്ടകം ആ വിഷയത്തില്‍ ഏവര്‍ക്കും സ്വീകാര്യമായ ഒരു ദിവ്യമന്ത്രമാണെന്നു നിസ്സംശയംപറയാം. ഏതു കര്‍മ്മത്തിന്റെ സഫലതയ്ക്കും വിഘ്‌നേശ്വരനെ ഇഷ്ടദേവതയായി ആരാധിക്കുന്നതില്‍ ആര്‍ക്കും വൈമുഖ്യം കാണുകയില്ല.
അഷ്ടാദശപുരാണങ്ങളില്‍ അന്യതമമായ ബ്രഹ്മവൈവര്‍ത്തത്തിലാണ് ആ മന്ത്രം ഉപദേശിക്കപ്പെട്ടിരിക്കുന്നത്. പ്രവക്താവാകട്ടെ, സാക്ഷാത്മഹാവിഷ്ണു. മന്ത്രോപദേശത്തിന് അധിഷ്ഠാനഭൂതമായ ഒരു പൂരാണകഥയുണ്ട്.
ഒരിക്കല്‍ പരശുരാമന്‍ തന്റെ വന്ദ്യഗുരുനാഥനായ ശ്രീ പരമേശ്വരനെ ദര്‍ശിച്ചു വന്ദിയ്ക്കുവാന്‍ കൈലാസത്തിലെത്തിച്ചേര്‍ന്നു. വാതുക്കല്‍ മഹാഗണപതി കാവല്‍ നില്‍ക്കുകയാണ്.
‘ഇപ്പോള്‍ അനവസരമാണ്. അകത്തു കടക്കുന്നത് ശരിയല്ല.’
എന്നു ആഗതനെ വിനയപൂര്‍വ്വം ഗണപതി അറിയിച്ചു. പരശുരാമന്‍ ആ വാക്ക് അത്ര കാര്യമാക്കിയില്ല. മുന്നോട്ടേക്കുതന്നെ നടന്നു. ഗണപതി തടഞ്ഞു. നിര്‍ബ്ബന്ധമാണെങ്കില്‍, അകത്തുചെന്ന് അറിയിക്കാം: കല്പനയുണ്ടെങ്കില്‍ കടത്തിവിടാം. എന്നു വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
‘ശ്രീ മഹേശ്വരന്റെ പ്രിയശിഷ്യനാണു ഞാന്‍. എനിക്കു അവസരം നോക്കേണ്ട ആവശ്യമില്ല. ശ്രീ പാര്‍വ്വതിക്കുപോലുമില്ലാത്ത സ്വാതന്ത്ര്യം എനിക്ക് എന്റെ ഗുരുനാഥനോടുണ്ട്. എന്നു പരശുരാമന്‍ കയര്‍ത്തുപറഞ്ഞു. ഗണപതി അതിലും വഴങ്ങിയില്ല. ‘അതു നിങ്ങള്‍ തമ്മിലുള്ളകാര്യം, എന്തായാലും എന്റെ കര്‍ത്തവ്യം എന്റെ ഗുരുവിന്റെ ആജ്ഞ അകഷരം പ്രതി പാലിക്കുക എന്നുള്ളതാണ്. അതു തെറ്റിക്കുക വയ്യ’. എന്നു തീര്‍ത്തു പറഞ്ഞുകൊണ്ട് വഴി ചെറുത്തു നിലകൊണ്ടു. എന്തിന്? വാഗ്വാദം മുത്തു രണ്ടുപേരും തമ്മില്‍ പോരാട്ടമായി. ഉദ്ധതനായ ഭാര്‍ഗ്ഗവരാമനും ആജ്ഞാപാലവ്യഗ്രനായ ഗണപതിയും തമ്മിലുള്ള ആ സംഘട്ടനം അതിരൂക്ഷമായ ഒരു മഹായുദ്ധത്തില്‍ കലാശിച്ചു. ലോകമാകെ ഇളകിമറിഞ്ഞു. ദേവകള്‍ അമ്പരന്നു, ഒടുവില്‍ വയോവൃദ്ധനും തപോധിധിയുമായ പരശുരാമന്റെ പരശുവിനെ ബഹുമാനിച്ചു മഹാഗണപതി തന്റെ ഒരു കൊമ്പു ആദിവ്യായുധത്തിന് ബലിയായി സമര്‍പ്പിച്ചു. വെളിയില്‍ നടന്ന ഈ കോലാഹലങ്ങളറിഞ്ഞ് തന്റെ പുത്രനു സംഭവിച്ചു മാനഹാനിയില്‍ പുത്രവത്സലയായ മഹാശക്തികോപിഷ്ഠയായിതീര്‍ന്നു പരശുരാമനെ സംഹരിക്കുവാന്‍തന്നെ സന്നദ്ധയായി.

ഈ വിപല്‍ക്കരമായ ദുരന്തത്തെ ഒഴിവാക്കുന്നതിനുവേണ്ടി മഹാവിഷ്ണുപെട്ടെന്ന് ഒരു ബ്രാഹ്മണകുമാരന്റെ രൂപത്തില്‍ അവിടെ പ്രത്യക്ഷീഭവിച്ചു. അതിഥിയായ ബ്രഹ്മചാരിയെ മഹേശ്വരന്‍ യഥാവിധി സല്‍കരിച്ചു. ഗണപതിയുടെ നേരെ പരശുവുമോങ്ങി നില്‍കുന്ന ജാമദഗ്‌ന്യനോട് ബ്രഹ്മചാരി ശ്രീ പാര്‍വ്വതിയുടേയും മഹാഗണപതിയുടേയും മഹിമയെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. മാത്രമല്ല, പ്രഥമകോപത്തില്‍ പ്രവര്‍ത്തിച്ചുപോയ അകൃത്യത്തില്‍ പശ്ചാത്തപിച്ചു അവരെ പ്രശ്രയപൂര്‍വ്വം ആരാധിച്ചു പ്രസാദിപ്പിക്കാന്‍ ഉപദേശിച്ചു മറയുകയും ചെയ്തു. അക്കൂട്ടത്തില്‍ ബ്രാഹ്മണബാലനായിവന്ന തന്തിരുവടിയെ മഹാഗണപതിയുടെ മഹത്വത്തെ പ്രകീര്‍ത്തിച്ച് ദേവിയെ സാന്ത്വനിപ്പിക്കുകയുണ്ടായി. ആപ്രകരണത്തില്‍ ഗണപതിപ്രസാദജനകമായ ശ്രീ.ഗണേശനാമാഷ്ടകത്തെ അവിടുന്ന് വെളിപ്പെടുത്തി, ലോകഹിതത്തെ കരുതി.

മഹാമന്ത്രമിതാണ്
1. ഓം ഗണേശായ നമഃ
2. ഓം ഏകദന്തായ നമഃ
3. ഓം ഹേരംബായ നമഃ
4. ഓം വിഘ്‌നായകായ നമഃ
5. ഓം ലംബോദരായ നമഃ
6. ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ
7. ഓം ഗജവക്ത്രായ നമഃ
8. ഓം ഗുഹാഗ്രജായ നമഃ

ഈ നാമങ്ങള്‍ ഓര്‍മ്മിക്കാനുള്ള പദ്യംകൂടി കുറിക്കാം.
ഗണേശമേകദന്തം ഗൃഹരംബം വിഘ്‌നായകം
ലംബോദരം ശൂര്‍പ്പകര്‍ണ്ണം ഗജവക്ത്രം ഗുഹാഗ്രജം
അര്‍ത്ഥം ഗ്രഹിച്ച് മന്ത്രം ജപിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. അതുകൊണ്ട് ഓരോ നാമത്തിന്റേയും അര്‍ത്ഥം കൂടി ചുരുക്കത്തില്‍ പ്രതിപാദിക്കാം.

1. ഗണേശായ നമഃ
ജ്ഞാനാര്‍ത്ഥവാചകമോ ഗശ്ചണശ്ച നിര്‍വാണവാചകഃ
തയോരീശം പരം ബ്രഹ്മ ഗണേശം പ്രണമാമൃഹം
‘ഗജ്ഞാനാര്‍ത്ഥത്തേയും ‘ണ’ മോക്ഷത്തേയും വചിക്കുന്നു. അതിനു രണ്ടിനുമീശനാണ് ഗണേശന്‍. ജ്ഞാനത്തേയും മോക്ഷത്തേയും നല്‍കാന്‍ കഴിവുള്ളവന്‍.

2. ഏകദന്തായ നമഃ
ഏകശബ്ദഃ പ്രധാനാര്‍ത്ഥോ ദന്തശ്ച ബലവാചകഃ
ബലം പ്രധാനം സര്‍വ്വസ്മാദേകദന്തം നമാമൃഹം,
ഏകമായ പ്രധാനമായ, എല്ലാത്തിലുമുപരിയായ ദന്തത്തോടു ബലത്തോടുകൂടിയവന്‍,

3. ഹേരംബായ നമഃ
ദീനാര്‍ത്ഥവാചകോ ഹേശ്ച രംബഃ ചാലകവാചകഃ
പാലകം ദീനലോകാനാം ഹേരംബം പ്രണമാമൃഹം
ദീനന്‍ എന്നര്‍ത്ഥത്തെ കുറിക്കുന്നു ‘ഹേ!’ എന്ന ശബ്ദം, ‘രംബഃ’ എന്നതിനു പാലകന്‍ എന്നര്‍ത്ഥം, ദീനന്മാരെ രക്ഷിക്കുന്നവന്‍ എന്ന് ഹേരംബപദത്തിന് അര്‍ത്ഥമാണ്.

4. വിഘ്‌നനായകായ നമഃ
വിപത്തിവാചകോ വിഘ്‌നോ നായകഃ ഖണ്ഡനാര്‍ത്ഥകഃ
വിപത് ഖണ്ഡനകാരം തം പ്രണമേ വിഘ്‌നനായകം.
വിഘ്‌നം എന്നാല്‍ വിപത്ത്, നായകന്‍ എന്നാല്‍ ഖണ്ഡിക്കുന്നവന്‍ (നശിപ്പിക്കുവാന്‍) ആപത്തുകളെ ധ്വാസിക്കുന്നവന്‍. വിഘ്‌നനായകന്‍.

5. ലംബോദരായ നമഃ
വിഷ്ണുദത്തൈശ്ചനൈവേദൈ്യയ്യസ്യ ലംബം പുരോദരം പിത്രാ ദത്തൈശ്ച വിവിധൈര്‍വന്ദേ ലംബോദരം ച തം.
വിഷ്ണവും ശിവനും പ്രസാദമായി അര്‍പ്പിച്ച നൈവേദ്യവിഭവങ്ങളെ കണക്കിലധികം ഭക്ഷിച്ചതുകൊണ്ട് ലംഭമായ ഉദരത്തോടു (കുടവയറോടു) കൂടിയവന്‍,

6. ശൂര്‍പ്പകര്‍ണ്ണായ നമഃ
ശൂര്‍പ്പാകാരൌ ചയത് കര്‍ണ്ണൗ വിഘ്‌നവാരണകാരകൗ സമ്പദൗ ജ്ഞാനരൂപൗ ച ശൂര്‍പ്പകര്‍ണ്ണം നമാമൃഹം.
ഗണപതിയുടെ ചെവികള്‍ മുറം (ശൂര്‍പ്പം) പോലെയുള്ളവയും വിഘ്‌നങ്ങളെ തടുക്കുന്നവയുമാണ്. അവ സമ്പത്തു നല്‍കുന്നവയും ജ്ഞാനസ്വരൂപങ്ങളുമാകുന്നു.

7. ഗജവക്ത്രായ നമഃ
വിഷ്ണുപ്രസാദം മുനിനാ ദത്തം യന്മൂര്‍ദ്ധ്‌നി പുഷ്പകം
തം ഗജേന്ദ്രമുഖം കാന്തം ഗജവക്ത്രം നമാമൃഹം
ഐരാവതത്തില്‍ കയറിസഞ്ചരിച്ചുകൊണ്ടിരുന്ന ഇന്ദ്രനു ദുര്‍വാസാവ് വിഷ്ണുപ്രസാദമായി ലഭിച്ച പാരിജാതം കാഴ്ച വച്ചു. ഗര്‍വ്വിഷ്ഠനായ ഇന്ദ്രന്‍ അതു ഐരാവതത്തിന്റെ മസ്തകത്തില്‍ നിക്ഷേപിച്ചു. പാരിജാതസഹചാരിണിയായ ലക്ഷ്മിദേവി ഐരാവതിശിരസ്സില്‍ അതോടൊപ്പം വാസമുറപ്പിച്ചു. ആ പാരമ്പര്യക്രമത്തില്‍ ഗജസന്തതികള്‍ക്ക് പാരിജാതചൂഡത്വം ലഭിക്കുകുയം ചെയ്തു. ഉത്തമഗജങ്ങളുടെ മസ്തകത്തില്‍ പാരിജാതമുണ്ടെന്നാണ് വിശ്വാസം. ഈ ദിവ്യവൈഭത്തിന്റെ സൂചകമാണ് ഗണപതിക്ക് ഗജമുഖത്വം കല്പിക്കപ്പെട്ടിരിക്കുന്നത്.

8. ഗുഹാഗ്രജായ നമഃ
ഗുഹസ്യാഗ്രേ ച ജാതോ യമാവിര്‍ഭൂതോ ഹരാലയേ
വന്ദേ ഗുഹാഗ്രജം ദേവം സര്‍വദേവാഗ്രപൂജിതം.
സുബ്രഹ്മണ്യന്റെ ജ്യോഷ്ഠനായതുകൊണ്ട് ഗുഹാഗ്രജനായി. മാത്രമല്ല എല്ലാ ദേവപൂജകളിലും അഗ്രപൂജയുള്ളവനുമാണ് ഗണപതി.
ഈ മന്ത്രത്തിന്റെ ഫലശ്രുതിയും മഹാവിഷ്ണു ദേവിയെ പറഞ്ഞു കേള്‍പ്പിക്കുന്നുണ്ട്.

‘പുത്രാഭിധാനം ദേവേഷു പശ്യ വത്സേ! വരാനനേ!
ഏകദന്ത ഇതിഖ്യാതം സര്‍വദേവനസ്‌കൃതം
പുത്രനാമാഷ്ടകം സ്‌ത്രോത്രം സാമവേദോക്തിമീശ്വരീ!
തൃണുഷ്വാവഹിതം മാതഃ! സര്‍വിഘ്‌നഹരം പരം.”

സര്‍വവിഘ്‌നങ്ങളേയും ഹരിച്ച് സര്‍വസമ്പത്തുകളേയും തരുന്ന ഈ മന്ത്രം പതിവായി ജപിക്കുന്നതില്‍ ഭക്തജനങ്ങള്‍ താല്പര്യം പ്രദര്‍ശിപ്പിക്കേണ്ടതാണ്. മന്ത്രജപത്തിനു മുമ്പ് മഹാഗണപതിയുടെ ഒരു ധ്യാനാശ്ലോകം ചൊല്ലി ആ രൂപധ്യാനത്തോടുകൂടി മന്ത്രോച്ഛാരണം ചെയ്യുവാന്‍ ശ്രദ്ധിക്കണം. വിഘ്‌നനിവാരണവും അഭീഷ്ടലാഭവും കൈവന്നുകൂടുമെന്നു പൂര്‍ണ്ണമായി വിശ്വസിക്കുക.

നാമജപം.


കലിയുഗത്തില്‍ മനുഷ്യമനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു. അതുകൊണ്ടാണ് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിയ്ക്കപ്പെടുന്നത്. കലിയുഗത്തിന്‍റെ ദുരിതങ്ങള്‍ തരണം ചെയ്യുവാനുള്ള മാര്‍ഗ്ഗമെന്താണെന്നാരാഞ്ഞ നാരദനോട് ഭഗവാന്‍ നാരായണന്‍റെ നാമം ജപിയ്ക്കുകയാണ് വേണ്ടതെന്ന് ബ്രഹ്മാവ്‌ ഉപദേശിച്ചു.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

ഇതാണ് ആ മന്ത്രം. ഈ പതിനാറ് നാമങ്ങള്‍ നിത്യവും ഭക്തിപൂര്‍വ്വം ജപിച്ചാല്‍ മാലിന്യങ്ങളകന്ന്‌ മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇത് ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതിനെ "സാലോക്യമോക്ഷം" എന്ന് പറയുന്നു. ഭഗവാന്‍റെ സമീപത്തുതന്നെ എത്തിചേരുന്നതാണ് "സാമീപ്യമോക്ഷം". ഭഗവാനില്‍ ലയിച്ച് ഭഗവാന്‍ തന്നെയായിത്തീരുന്നത് "സായൂജ്യമോക്ഷം". ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നമജപം കൊണ്ട് സിദ്ധിക്കുന്നു. മുന്‍ജന്മ പാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ ഗ്രഹപ്പിഴകളും ഒഴിവാകും.

ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതിനാല്‍ കീര്‍ത്തനമാണ് ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.

മഹാകാളി


ആദിമകാലങ്ങളിൽ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടേയും കാലക്രമേണ ഹിന്ദുക്കളുടേയും ആരാധനാമൂർത്തിയായിത്തീർന്ന ദേവതയാണ്‌ കാളി ..ഭദ്രകാളി സംഹാരത്തിന്റെ ദേവതയായാണ് അറിയപ്പെടുന്നത്. സൃഷ്ടിയുടെ കാരണം സ്ത്രീയാണ്‌ എന്ന കാഴ്ചപ്പാടിൽനിന്നാണ്‌ ശാക്തേയർ ശക്തിയുടെ പ്രതീകമായി കാളിയെ സ്വീകരിച്ചതെങ്കിലും പിന്നീട് അത് പാർ‌വ്വതിയുടെ പര്യായമായിത്തീരുകയായിരുന്നു.

സംഘകാലത്ത് മറവരുടെ ദൈവമായിരുന്നു കൊറ്റവൈ. ചേരരാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് കൊറ്റവൈക്ക് ബലി അർപ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. കൊറ്റവൈയാണ് പിന്നീട് കാളിയായി രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു ... ജൈനരുടെ ദേവതകളായ മംഗളാ ദേവിയും അംബികയും പലയിടങ്ങളിൽ കാളിയായും ദുർഗ്ഗയായും രൂപാന്തരപ്പെട്ടിട്ടുണ്ട്...

ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ മൂന്നാം‍ കണ്ണിൽ നിന്ന് ദേവി പിറന്നു.ഇന്ന് മേർഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേർഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കാർഷികഗ്രാമങ്ങളിൽ നിന്നാണ് ഇന്ത്യയിൽ ആദ്യമായി അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകൾ ലഭിക്കുന്നത്.

ദ്രാവിഡരുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്,(ശിവൻ‍) മാതാവ്(കാളി) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) ആര്യന്മാർക്ക് അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം. ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
ഋഗ്വേദത്തിൽ ദേവിമാർ പൊതുവിൽ ദേവന്മാരേക്കാൾ വളരെ പ്രാധാന്യം കുറഞ്ഞവരാണ്‌.മനുസ്മൃതിയിൽ മരണമടഞ്ഞ പിതാക്കന്മാർക്കായി ബലിയർപ്പിക്കേണ്ടതിനെപ്പറ്റി പറയുന്നു. നിത്യേനയുള്ള വൈശ്വദേവ ഭക്ഷണ തർപ്പണത്തെക്കുറിച്ച് പരാമർശിക്കുന്നതിൽ ഒരുരുള പിതൃബലിയായി പ്രത്യേകം നൽകണം. അവസനത്തെ ഉരുള മുജ്ജന്മ പാപത്താൽ മാറാരോഗം ബാധിച്ചവർക്കും മതഭ്രഷ്ടരായവർക്കും പട്ടികൾക്കും വേണ്ടി വെറും തറയിലാണ് വെക്കേണ്ടത്. എന്നാൽ ഇതിലെങ്ങും പിതൃക്കൾക്കൊപ്പം സഞ്ചരിക്കേണ്ട അമ്മമാരെപ്പറ്റി പരാമർശമില്ല. മാതൃദായകക്കാരായിരുന്ന ദ്രാവിഡരിൽ നിന്ന് പിതൃദായ സമ്പ്രദായത്തിലേക്കുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു. അമ്മമാർ വെറും ഭാര്യമാരാവാനായി നുഴഞ്ഞുകയറിയവർ മാത്രമായിത്തീരുന്നു. അഷ്ടകങ്ങൾ എന്നറിയപ്പെടുന്ന വാർഷികമായ ശ്രാദ്ധമൂട്ടിലും അമ്മമാർക്കവകാശമില്ല. വേദസമ്പ്രദായം അനുവദിക്കുന്നില്ലെങ്കിലും പിന്നീട് ബ്രാഹ്മണമതം ദേവിമാരെന്ന നിലയിൽ അമ്മമാർക്ക് വേണ്ടിയുള്ള ബലി തർപ്പണങ്ങൾ ഇന്ത്യയിലെ അനാര്യൻ അംശങ്ങളിൽ നിന്നും കടം കൊള്ളുന്നു. ഇത്തരത്തിൽ മുൻതലമുറയിലെ അമ്മമാരല്ലാത്ത മറ്റേതോ ദേവിമാർക്കായി (പൊതുവായ മാതൃത്വം-ത്രയംബക-മൂന്നുപേർ) വഴിയരികിൽ ശ്രാദ്ധമൂട്ടുന്ന രീതി പഴയകാലത്തെ ഇന്ത്യൻ സാഹിത്യകൃതികളിൽ കാണുന്നുണ്ട്..

മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു. .ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍

ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.

അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം.

ക്ഷേത്രങ്ങളും വിഗ്രാരാധനയും


ക്ഷേത്രം എന്ന വാക്കിന് സ്ഥലം എന്നാണര്‍ത്ഥം. സാധാരണ ഹൈന്ദവരുടെ ഇടയില്‍ ആരാധനകേന്ദ്രം എന്ന അര്‍ത്ഥത്തില്‍ അറിയപ്പെടുന്നവയാണ് ക്ഷേത്രങ്ങള്‍. അതിപുരാതനകാലംമുതല്‍ക്കേ ഭാരത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു ആരാധിച്ചുപോന്നിരുന്നു. അന്നെല്ലാം ഭരണാധികാരികള്‍ ക്ഷേത്രങ്ങളുടെ നിലനില്പിനുവേണ്ടി വളരെ അധികം ശ്രദ്ധിച്ചിരുന്നു. പക്ഷേ ക്ഷേത്രങ്ങളില്‍ പലതും നാട്ടുകാരുടേയോ വലിയ പ്രഭുക്കന്മാരുടേയോ വകയായിരുന്നു. ഒരു കരയ്ക്കു ഒന്നും അതിലധികവും ക്ഷേത്രങ്ങളുണ്ടായിരുന്നു. കലപ്രധാനിമാരുടേ ആജ്ഞാനുവര്‍ത്തികളായിരുന്ന കരക്കാര്‍ ക്ഷേത്രസങ്കേതങ്ങളെ കേന്ദ്രമാക്കി സംഘടിക്കുകയും അങ്ങിനെ മതപരമായും ആത്മീയപരമായുമുള്ള പുരോഗതിക്കുവേണ്ടി അനവരതം പ്രയന്തിച്ചുവരികയുമാണുണ്ടായിട്ടുള്ളത്. കേരളത്തിന്റെ സ്ഥിതിയും ഇതില്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ല. അഥവാ കേരളത്തിലുളഅളേടത്തോളം ക്ഷേത്രങ്ങള്‍ മറുനാടുകളില്‍ ഉണ്ടായിരുന്നില്ലെന്നു പറയുന്നതായിരിക്കും കുറേക്കൂടി ശരി.

ദക്ഷിണേന്‍ഡ്യയില്‍ ചേര, ചോള പാണ്ഡ്യരാജാക്കന്മാര്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അതീവതാല്പര്യവും പ്രകടിപ്പിച്ചുപോന്നിരുന്നു. അവിടെക്കാണുന്ന ക്ഷേത്രങ്ങള്‍ കലാനിലയങ്ങളായിരുന്നു. കല്ലിലും തടിയിലും ചെയ്തിട്ടുള്ള കൊത്തുപണികള്‍ അവരുടെ കലാവിരുതിന്റെ ഉറവിടങ്ങള്‍തന്നെയായിരുന്നു. ഉത്തരേന്‍ഡ്യയിലും ക്ഷേത്രനിര്‍മ്മാണത്തിലും ക്ഷേത്രസംരക്ഷണത്തിലും അന്നത്തെ ഭരണാധികാരികള്‍ ബന്ധശ്രദ്ധരായിരുന്നു. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് കുറവാണെങ്കിലും ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളും കലാശില്പങ്ങള്‍ തന്നെയായിരുന്നു. വിദേശിയാക്രമണം ഉത്തരേന്‍ഡ്യക്കാരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. കൂടാതെ മുഗള്‍ ഭരണകാലവും ക്ഷേത്രങ്ങളുടെ നില്‌നില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലും ടിപ്പുവിന്റെ ആക്രമണത്തോടെ ചില ക്ഷേത്രധ്വംസനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നുള്ളവര്‍ ആത്മീയമായും മാനസികമായും കലാപരമായും വിദ്യാഭ്യാസപരമായും ഉള്ള അഭ്യുന്നതിക്ക് ക്ഷേത്രങ്ങള്‍ അഭയംപ്രാപിച്ചുപോന്നു. ക്രൈസ്തവര്‍, മുസ്ലീങ്ങള്‍, ജൂതന്മാര്‍, സിക്കുക്കാര്‍, പാര്‍സികള്‍ തുടങ്ങി ഒട്ടധികം മതക്കാര്‍ അധിവസിക്കുന്ന ഭാരതത്തില്‍ ഏതെങ്കിലും മതക്കാരില്‍പ്പെട്ടവര്‍ തങ്ങളുടെ മതത്തേയോ ആരാധനാകേന്ദ്രങ്ങളേയോ ദുക്ഷിച്ചു സംസാരിച്ചതായി കേട്ടുകേള്‍വിപോലുമില്ല. അഭിപ്രായഭിന്നത എവിടയുണ്ടായകാം. അതു സ്വാഭാവികം മാത്രമാണ്. അവ നമ്മുടെ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു പരിഹരിക്കാവുന്നതേയുള്ളു. പരിഹരിക്കപ്പെടേണ്ടവയുമാണ്. അവിടെയാണ് നമ്മുടെ ക്ഷേത്രങ്ങളില്‍ പണ്ടുണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നതുമായ സംഘടനഹാരിത്യം സ്പഷ്ടമായി കാണുന്നത്. ക്ഷേത്രങ്ങളെ കേന്ദ്രമാക്കി സംഘടിച്ചിരുന്നുവെങ്കില്‍ ഒരു വ്യക്തിക്ക് ഇത്തം കാര്യങ്ങള്‍ പറയുവാന്‍: കാണുമായിരുന്നുവോ എന്ന് ഒന്നാലോചിച്ചു നോക്കണം.

നമ്മുടെ ഭരണത്തില്‍നിന്നും സര്‍ക്കാര്‍ അധീനതയില്‍ ചേര്‍ന്നപ്പോള്‍ ക്ഷേത്രങ്ങള്‍ നമ്മുടേതല്ലെന്നും നമുക്ക് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും ചിലരെങ്കിലും ധരിച്ചുകാണും. ഇപ്പോള്‍ ആ നില മാറി വീണ്ടും ക്ഷേത്രാഭരണം ഹിന്ദുക്കളുടെ കയ്യില്‍ നിക്ഷിപ്തമായിരിക്കുകയാണ്. അതിനാല്‍ ക്ഷേത്രത്തിന്റെ നിലനില്പിനും പരിശുദ്ധിക്കും വേണ്ടിയും ഹിന്ദുക്കളുടെ ആത്മീയവും കലാപരവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കുവേണ്ടിയും ഹിന്ദുക്കള്‍ ക്ഷേത്രങ്ങളെകേന്ദ്രമാക്കി സംഘടിക്കുകയും ക്ഷേത്രത്തിന്‍രെ പരിശുദ്ധിക്കോ നിലനില്പിനോ താന്താങ്ങളുടെ ഉന്നതിക്കോ ക്ഷേത്രങ്ങളില്‍ കാണുന്ന ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അപര്യപ്തമെന്നു കണ്ടാല്‍ ആ സംഘടനമൂലം അവയെ നിര്‍മ്മാര്‍ജ്ജനംചെയ്തു ശരിയായ നടവടി കൈക്കൊള്ളേണ്ടതുമാണ്.

ഇന്ന് ക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്തിവരുന്ന മതപാഠശാലകളും ഗീതാക്ലാസ്സുകളും കുറേക്കൂടെ വിശാലമായ അടിസ്ഥാനത്തില്‍ നടത്തുന്നപക്ഷം ആയത് ഓരോ ഹിന്ദുവിനും പ്രയോജകീഭവിക്കുന്നതും തന്നിമിത്തം മതപരമായും ആത്മീയമായും കൂടുതല്‍ ജ്ഞാനം സമ്പാദിക്കാന്‍ കാരണമാകുന്നതും ആണ്. ക്ലാസുകളില്‍ സംഘടനയില്‍പ്പെട്ടുവരുടെ ഹാജര്‍ നിര്‍ബന്ധമാക്കേണ്ടതുമാണ്. വിഹ്രരാധനയെപ്പറ്റി ഹൈന്ദവരും ഇതരമതസ്ഥരും പലപ്പോഴും എതിരായ അഭിപ്രായം പുറപ്പെടുവിപ്പിച്ചു കേട്ടിട്ടുണ്ട്. അവര്‍ പറയുന്നതെന്താണെന്ന് അവര്‍ക്കുതന്നെ നിശ്ചയമില്ല.വിതണ്ഡാവാദത്താല്‍ എതിരാളിയെ തോല്‍പിക്കുക എന്നതില്‍ കവിഞ്ഞ് ഈ വക വാദങ്ങളില്‍ വലിയ വിലയൊന്നും കല്പിക്കുവാന്‍ ഇല്ലതന്നെ. പഠിപ്പുള്ളവരെന്നും അറിവുള്ളവരെന്നും അറിയപ്പെട്ടുപോരുന്നവര്‍തന്നെ വിഗ്രഹാരാധനയെപ്പറ്റിയും ക്ഷേത്രങ്ങളെപ്പറ്റിയും അവജ്ഞയോടെ സംസാരിക്കാറുണ്ട്, ക്ഷേത്രങ്ങളും വിഗ്രരാധനയും ഹിന്ദുക്കള്‍ക്കു മാത്രമുള്ളതല്ല. എല്ലാവയെപ്പറ്റി ആരും ഒന്നും പറഞ്ഞുകാണുന്നില്ല. കാരണം അവര്‍ ആരാധനാകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള സംഘടനകളില്‍പ്പെട്ടവരാണ്. ആത്മീയമായും മതപരമായും വിദ്യാഭ്യാസപരമായും കലാപരമായുമുള്ള എല്ലാ ഉത്കര്‍ഷത്തിനും നിദാനം ആരാധനാകേന്ദ്രങ്ങളാണ്. കേരളത്തിലും പണ്ട് ഹിന്ദുക്കള്‍ ക്ഷേത്രവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിപ്പോന്നിരുന്നതായി ‘ക്ഷേത്രസന്നിധിയിലെ ജനക്കൂട്ടംകൂടി’ ദേശകാര്യങ്ങളും രാജ്യകാര്യങ്ങളും മറ്റും ജനകീയസമ്പ്രദായത്തില്‍ നിര്‍വ്വഹിച്ചുപോന്നിരുന്നതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ആ പഴയ നിലയില്‍ ഹിന്ദുക്കള്‍ ഒന്നായിച്ചെന്നു ചേര്‍ന്നാല്‍ മാത്രമേ നമ്മുടെ ആരാധനാകേന്ദ്രങ്ങള്‍ക്കൊണ്ടുള്ള മുഴുവന്‍ പ്രയോജനവും നമുക്ക് സിദ്ധിക്കയുള്ളൂ.ഹിന്ദുക്കള്‍ വിഗ്രഹാരാധനക്കാരാണെന്നുള്ളതാണ് മറ്റൊരാക്ഷേപം, യഥാര്‍ത്ഥത്തില്‍ വിഗ്രഹാരാധന ശരിയോ തെറ്റോ എന്നുള്ളതല്ല അവരുടെ ആക്ഷേപത്തിന്റെ അടിസ്ഥാനതത്ത്വം. അവരും വാസ്തവത്തില്‍ വിഗ്രഹാരാധകരാണ്.

പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സില്‍ ഒരു രൂപം നിശ്ചയമായും സങ്കല്പിക്കാതെ പറ്റില്ല. അതു മനോഹരമായ ഒരു വിഗ്രഹമായാല്‍ എന്താണ് തെറ്റുള്ളത്. ഏതേതു ദേവന്മാരെ ഉപാസിക്കുന്നുവോ അതാതു ദേവന്മാരെ മനസ്സില്‍ ഉറപ്പിക്കുന്നതിന് ധ്യാതാവ് വിഗ്രഹങ്ങളെ ആശ്രയിക്കുന്നത്. ആരുംതന്നെ ‘എന്റെ കല്ലേ’ എന്റെ മരമേ’ അല്ലെങ്കില്‍ ‘കൃഷ്ണന്റെ വിഗ്രമേ’ എന്നൊന്നും സങ്കല്പിക്കയോ പ്രാര്‍ത്ഥഇക്കയോ ചെയ്യുമെന്നു തോന്നുന്നില്ല. ഈശ്വരന്‍ സര്‍വ്വവ്യാപിയും നിരാകാരനുമാണെന്ന് ആരാധകന് നേരത്തേന്നെ അറിയാവുന്നതും അവന്‍ വിഗ്രഹത്തെ ദേവന്റെ പ്രതിരൂപമായിമാത്രം കരുതിവരുന്നതും തന്നിമിത്തം സങ്കല്പത്തിന് വിഗ്രഹങ്ങള്‍ അവന് സഹായകമായി ഭവിക്കുന്നതുമാണ്. മറ്റു ചിലര്‍ പറയുന്നത് ഈശ്വരന്‍ അന്തര്‍യ്യാമിയാണ്. നാം തന്നെയാണ് ഈശ്വരന്‍. എല്ലാത്തിലും ഈശ്വരനെ ദര്‍ശിക്കണം. ക്ഷേത്രത്തിനുള്ളില്‍ നട്ടിരിക്കുന്ന ശിലയിലല്ല ഈശ്വരനുള്ളത് എന്നും മറ്റുമാണ്. ഇതു ഒരു വൃദ്ധന്‍ ശൈശവത്തേയും യൗവ്വനത്തേയും തെറ്റെന്നു പറയുന്നതിന് തുല്യമാണ്.

‘യേ യഥാ മാം പ്രപദ്യന്തേ താം സ്തഥൈവ ഭജാമ്യഹം’

എന്നാണ് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍ വിഗ്രഹാരാധകനെ വിഗ്രഹധാരിയായി അനുഗ്രഹിക്കാനും ഭഗവാനു കഴിയും. വിഗ്രഹങ്ങള്‍ കൂടാതെ തന്നെ ആരാധനയ്ക്കു സാധിക്കുന്നവര്‍ ആ മാര്‍ഗ്ഗം ഉപയോഗിച്ചു കൊള്ളട്ടെ. അല്ലാതെ വിഗ്രഹം കൂടാതെ സങ്കല്പിക്കാന്‍ ശക്തിയില്ലാത്തവന്‍ വിഗ്രഹത്തെ ആശ്രയിക്കുന്നപക്ഷം അതിനെ എതിര്‍ക്കുന്നതും ആക്ഷേപിക്കുന്നതും തെറ്റാണ്. വിഗ്രഹാരാധനയില്‍കൂടെയല്ലാതെ സാധാരണക്കാരന് ആദ്ധ്യാത്മിക ഉന്നതി കൈവരുന്നതല്ലെന്നുള്ളതിന് ശ്രീരാമകൃഷ്ണദേവന്‍തന്നെ ഒന്നാംതരം തെളിവാണ്. വിഗ്രഹാരാധനയെപ്പറ്റി സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ചിക്കാഗോപ്രസംഗത്തില്‍ വളരെ അധികം പറയുന്നുണ്ട്. കൂടാതെ ഒരു പാതിരി വിഗ്രഹങ്ങളെപ്പറ്റി വളരെ അധികം ഭത്സിച്ചിട്ട് ‘നിങ്ങളുടെ വിഗ്രഹത്തെ ഈവടികൊണ്ട് അടിച്ചാല്‍ അതു എന്തുചെയ്യും. എന്നു ചോദിച്ചതായും അതിനു മറുപടിയായി ‘നിങ്ങളുടെ ദൈവത്തെ ഞാന്‍ നിന്ദിച്ചാല്‍ അതു എന്തുചെയ്യും’ എന്നൊരു മറുചോദ്യം ചോദിച്ചപ്പോള്‍ ‘നീ മരിക്കുമ്പോള്‍ എന്റെ വിഗ്രഹവും നിന്നെ ശിക്ഷിക്കും’ എന്ന് ഒരു ഹിന്ദു തിരിച്ചടിച്ചതായും വിവേകാനന്ദസ്വാമി പറഞ്ഞിട്ടുണ്ട്. വിഗ്രഹാരാധനയെപ്പറ്റിയും ക്ഷേത്രാപാസനയപ്പറ്റിയും ഓരോരുത്തര്‍ പറഞ്ഞുപരത്തിയ തെറ്റിദ്ധാരണ ജാതിപരമായ നിന്ദ്യവും വിനാശകരവുമായ സ്ഥിതിവിശേഷങ്ങളും അഭ്യസ്തവിദ്യരെന്നറിയപ്പെടുന്ന ചില പാശ്ചാത്യപ്രേമികളുടെ പെരുമാറ്റങ്ങളും നമ്മെ ക്ഷേത്രങ്ങളുമായി ബഹുദൂരം അകറ്റി നിര്‍ത്തുന്നതിന് കാരണമായിതീര്‍ന്നിട്ടുണ്ട്. മറ്റെല്ലാ തുറകളിലുമെന്നപോലെ ക്ഷേത്രങ്ങളിലും ശാന്തിക്കാരുടേയോ കഴകക്കാരുടേയോ മറ്റു സില്‍ബന്ധികളുടേയോ കൊള്ളരുതായ്കകൊണ്ട് എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിക്കൂടെന്നില്ല. അതിന് അങ്ങിനെയുള്ള അഴിമതിക്കാരെ കണ്ടുപിടിച്ചു മാതൃകാപരമായി ശിക്ഷിക്കാവുന്നതും അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ ക്ഷേത്രത്തിനുള്ളിലെ ക്രിയാദികളിലോ പെരുമാറ്റങ്ങളിലോ കാണുന്നപക്ഷം ആയവ നിര്‍മ്മാര്‍ജ്ജനം ചെയ്തു. ക്ഷേത്രസങ്കേതങ്ങളെ പരിശുദ്ധമാക്കാവുന്നതും ആണെന്നിരിക്കെ അതിനൊന്നിന്നും മുതിരാതെ ക്ഷേത്രങ്ങള്‍ നശിച്ചേ അന്ധവിശ്വാസം കുറയൂ എന്നും മറ്റും പറയുന്നത് വെറും ബുദ്ധിശൂന്യതമാത്രമാണ്. അതിനാല്‍ ക്ഷേത്രങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും അങ്ങിനെ നമ്മുടെ സംഘടനയെ വളര്‍ത്താനും തദ്വാരാ ആത്മീയവും ഭൗതികവുമായ എല്ലാ ശ്രേയസ്സുകളും കൈവരിക്കാനും എല്ലാ ഹിന്ദുക്കളും തയ്യാറാകണമെന്നുള്ള അപേക്ഷയോടുകൂടി തല്ക്കാലം നിര്‍ത്തുന്നു.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

കടപ്പാട് : കൊല്ലൂര്‍ പി. വേലുപ്പിള്ള


Tuesday 11 September 2012

ജലപുരാണം


താതസ്യ കുപോയം ഇതി ബ്രുവാന:
കാപുരുഷ ക്ഷാര ജലം പിബന്തി

അച്ഛന്‍ കുഴിച്ച കിണര്‍ ആണിതെന്ന് പറഞ്ഞു ഏത് മനുഷ്യനാണ് കിണറ്റില്‍ ഉപ്പു വെള്ളം ആണെങ്കില്‍ അത് കുടിക്കുക എന്നാണ് പ്രമാണം. എന്നാല്‍ അച്ഛന്‍ കുഴിപ്പിച്ച കിണറ്റില്‍ ഉപ്പു വെള്ളം അല്ലെങ്കിലോ? ഉപ്പില്ലാത്ത, വറ്റാത്ത കുളം കുഴിക്കാന്‍ ഇതാ ചില ഉപായങ്ങള്‍..

കിണറു കുഴിക്കാന്‍ ആദ്യം ചെയ്യേണ്ടത് നല്ല ഒരു ദിവസം കണ്ടെത്തുക എന്നുള്ളതാണ്.

ഹസ്തോ മഘാനുരാധാ
പുഷ്യധനിഷ്ടോത്തരാനി രോഹിണ്യ:
ശതഭിഷഗിത്യാരംഭെ
കൂപാനാം ശസ്യതെ ഭഗണ :

അത്തം, മകം, അനിഴം, പൂയം, അവിട്ടം, ഉത്രം, ഉത്രട്ടാതി, രോഹിണി, ചതയം എന്നീ നക്ഷത്രങ്ങള്‍ ആണ് കിണറു കുഴിക്കാന്‍ തുടങ്ങുന്നതിനുള്ള നല്ല നാളുകള്‍.

അതിനു ശേഷം നല്ല ഒരു കിണറു പണിക്കാരനെ കണ്ടെത്തുക.

ആര്‍ക്കം പയോ ഹുടു വിഷാണ മാഷീസമേതം
പാരാവതാ ഖുശകൃതാ ച യുത: പ്രലേപ:
ടാങ്കസ്യ തൈലമതിതസ്യതതോ/സ്യ പാനം
പശ്ചാച്ചിതാസ്യ ന ശിലാസു ഭാവെധ്വിഘാത :

എരുക്കിന്‍ പാല്, ആടിന്റെ കൊമ്പു ചുട്ട കറി, മാടപ്രാവ്, എലി ഇതുകളുടെ കാഷ്ടം, എന്നിവയെല്ലാം കൂട്ടി ചേര്‍ത്തു ആയുധത്തിന്മേല്‍ തേച്ചു എണ്ണയിട്ടു മൂര്‍ച്ച കൂട്ടിയ ആയുധം കൊണ്ട് പാരയിന്മേല്‍ വെട്ടിയാല്‍ കിണറു പണിയുമ്പോള്‍ ആയുധത്തിന് കേടു സംഭവിക്കുന്നതല്ല.

അത് മാത്രമല്ല,

ക്ഷാരെ കദള്യ മതിതേന യുക്തെ
ദിനോഷിതെ പായിതമായാസം യത്
സമ്യക്ചിതം ചാശ്പനി നൈതി ഭംഗം
നചാന്യ ലോഹെശ്വപി തസ്യ കൌന്ട്യം.

വാഴപ്പിണ്ടിയുടെ നീരില്‍ വെണ്ണീര് ചേര്‍ത്തു ഒരു ദിവസം വക്കുക. പിന്നെ അതില്‍ ആയുധം മുക്കി മൂര്‍ച്ച ഉണ്ടാക്കിയാല്‍ ആ ആയുധം കൊണ്ട് ഇതു പാറയിന്മേലും , ലോഹത്തിന്മേലും വെട്ടാം . ആയുധം കേടു വരില്ല.

അതിനു ശേഷം. കിണറിനു പറ്റിയ ദിക്ക് കണ്ടെത്തണം.

ആഗ്നേയ യദി കോനെ
ഗ്രാമസ്യ പുരസ്യ വാ ഭവേത് കൂപ:
നിത്യം സ കരോതി ഭയം
ദാഹം ച സമാനുഷം പ്രായ:

നിരൃതി കോണെ ബാല
ക്ഷയം ച വനിതാഭയം ച വായവ്യെ
ദിക്ത്രയമെതത് ത്യക്ത്വ
ശേഷാസു ശുഭാവഹാ: കൂപാ:

ഗ്രാമത്തിന്റെയോ, പുരത്തിന്റെയോ അഗ്നികോണില്‍ കിണരുണ്ടാക്കിയാല്‍ ആ ഗ്രാമത്തിലോ പുരത്തിലോ താമസിക്കുന്നവര്‍ക്ക് പ്രായേണ ഭയത്തെയും, പുര കത്തുക, പൊള്ളുക മുതലായ അഗ്നി ഭയത്തെയും ഉണ്ടാക്കുന്നു. നിരൃതി കോണില്‍ ആണെങ്കില്‍ കുട്ടികള്‍ക്കും വായു കോണില്‍ ആണെങ്കില്‍ സ്ത്രീകള്‍ക്കും നാശം ഫലം. അതിനാല്‍ ഈ മൂന്നു ദിക്കുകളെയും ഒഴിച്ച് ശേഷമുള്ള ദിക്കില്‍ ആണ് കിണര്‍ ഉണ്ടാക്കേണ്ടത്.

എവിടെ വേണം സ്ഥാനം ?

മീനെ കൂപമതീവ മുഖ്യ മുടിതം
സര്‍വാര്‍ത്ത പുഷ്ടിപ്രദം
മേഷേ ചാപി ഘടേ ച ഭൂതികൃദിദം
നക്രെ വൃഷേ/ര്ത്തപ്രദം
ആപേ കൂപ മതാപവത്സകപദേ
മുഖ്യം, തതൈവേന്ദ്രജിത്
കോശ്ടെ ദൃഷ്ട, മപാംപതു തു ശുഭാദം
നാരീക്ഷയം മാരുതെ:

മീനം രാശിയില്‍ കിണറു കുഴിക്കുന്നത് വളരെ മുഖ്യവും സകല സംപത്തുകള്‍ക്കും പുഷ്ടികരമാകുന്നു. മേടത്തിലും കുംഭത്തിലും കിണറു കുഴിക്കുന്നത് സംപല്‍ക്കരമാണ്. മകരത്തിലും ഇടവത്തിലും ഉണ്ടാക്കിയ കിണറു ധനത്തെ വര്‍ദ്ധിപ്പിക്കും. ആപന്‍ ആപവത്സന്‍ വരുണന്‍ ഇവരുടെ എല്ലാം പദങ്ങളും കിണര്‍ കുഴിക്കുന്നതിന് നല്ല സ്ഥാനങ്ങളാണ്. ഇന്ദ്രജിത്തിന്റെ പദത്തിലും കിണറു കുഴിക്കാം. മാരുതന്റെ പദത്തില്‍ കിണറു ഉണ്ടാക്കുന്നത്‌ സ്ത്രീകള്‍ക്ക് നാശകരമായിത്തീരുന്നു .

ഇങ്ങനെ പറ്റിയ സ്ഥാനവും ദിക്കും തീരുമാനിച്ചാല്‍ അവിടെ ജലം ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ധര്‍മ്യം യഷസ്യന്ച്ച വദാംയതോ /ഹം
ദകാര്ഗ്ഗലം യെന ജലോപലബ്ധി
പുംസാം യഥാംഗേഷു സിരാസ്തതൈവ
ക്ഷിതാവപി പ്രോന്ന തനിമ്നസമസ്താ

മനുഷ്യന്റെ അവയവങ്ങളില്‍ അധരൂത്തര ഭാവെനയുള്ള നാടികളില്‍ കൂടി ആണല്ലോ രക്തസഞ്ചാരം. അപ്രകാരം തന്നെ ആണ് ഭൂമിയുടെ ഉള്ളിലുള്ള നാഡികളുടെയും ആ നാഡികള്‍ വഴിയായ ജല സഞ്ചാരത്തിന്റെയും സ്ഥിതി. (ഇങ്ങനെ ഉള്ള ജല സഞ്ചാരത്തെ കാണാനും, ഗണിക്കാനും കഴിഞ്ഞാല്‍ ജലം ലഭിക്കും നിശ്ചയം).

എകേന വര്‍ണ്നെന രസേന ചാംഭ
ശ്ച്യുതം നഭാസ്തോ വസുട്ധാവിശേശാത്
നാനാരസത്വം ബഹുവര്ന്നതാം ച
ഗതം പരീക്ഷ്യം ക്ഷിതി തുല്യമേവ:

ആകാശത്തില്‍ നിന്ന് ഒരേ നിരമായും ഒരേ രസമായും ഇരിക്കുന്ന വെള്ളം ഭൂമിയില്‍ വീഴുന്നു. പിന്നീട് അത് ഭൂമി പല പ്രകാരത്തില്‍ ഇരിക്കുന്നത് കൊണ്ട് അതതു സ്ഥലത്തിനു അനുസരിച്ച് നിറത്തോടും സ്വാടോടും കൂടിയതായി തീരുന്നു. ഇങ്ങനെ നാനാ വര്‍ണ്ണ രസങ്ങളോട് കൂടിയ ആ ജലത്തെ ഭൂമിയെ പോലെ തന്നെ നല്ല വണ്ണം പരീക്ഷിച്ചു അറിയേണ്ടുന്നതാണ്.

ഇനി ഏതാനും ലക്ഷണങ്ങള്‍:

വല്മീകൊപചിതായതാം
നിര്‍ഗ്ഗുണ്ട്യാം ദക്ഷിനെന കതിതകരൈ:
പുരുഷദ്വയെ സപാദെ
സ്വാദ് ജലം ഭവതി ചാശോഷ്യം.

വെള്ളം കുറഞ്ഞ ദിക്കില്‍ പുറ്റൊട്‌ കൂടിയ കരുനൊച്ചി മരം നില്‍ക്കുന്നതായാല്‍ അതില്‍ നിന്ന് മൂന്നു കോല്‍ തെക്കോട്ട്‌ നീങ്ങി രണ്ടേകാല്‍ ആള്‍ക്ക് കുഴിക്കുക. എന്നാല്‍ അവിടെ ഒരു കാലത്തും വറ്റിപോകാത്തതും സ്വാടുള്ളതും ആയ വെള്ളം ലഭിക്കും.

-താന്നി മരത്തിനു അടുത്തു തെക്ക് ഭാഗത്ത് പുട്ടുണ്ടാകുക. എന്നാല്‍ ആ താനിമ്മരത്തില്‍ നിന്ന് രണ്ടു കോല്‍ കിഴക്ക് ഒന്നര ആള്‍ക്കാഴത്തില്‍ ഉറവു കാണാം.
-ഇതു വൃക്ഷമായാലും, അതിന്റെ ചുവട്ടില്‍ സദാ തവള നിവസിക്കുന്നുന്ടെങ്കില്‍ അവിടെ നിന്ന് വടക്കോട്ട്‌ ഒരു കോല്‍ അകലം കണ്ടു നാലര ആള്‍ക്ക് കുഴിച്ചാലും ജലം നിശ്ചയം.
-പുറ്റിനോട് ചേര്‍ന്ന് കര്‍മ്പനയോ, തെങ്ങോ എവിടെ കാണുന്നു, അതിന്റെ ചുവട്ടില്‍ നിന്ന് ആറ് കോല്‍ നീങ്ങി നാലാള്‍ക്കു കുഴിച്ചാല്‍ അവിടെ ജലം ലഭിക്കും.
-വെള്ളം കുറഞ്ഞ ദിക്കില്‍ രാമച്ചവും കരുകപ്പുല്ലുംനന്നായി വളര്‍ന്നു നില്‍ക്കുന്നു എന്ന് കണ്ടാല്‍ അവിടെ ഒരാള്‍ക്ക്‌ കുഴിച്ചാല്‍ വെള്ളം കാണുന്നതാണ്.
-എവിടെ ചവിട്ടിയാലും ഗംഭീര ശബ്ദമുണ്ടാകുന്നു, അവിടെ മൂന്നര ആള്‍ക്കടിയില്‍ വെള്ളമുണ്ടാകും. വടക്ക് നിന്നായിരിക്കും ഉറവ ഉണ്ടാകുക.
-വൃക്ഷത്തിന്റെ ഏതെങ്കിലുമൊരു കൊമ്പു ഏറ്റവും തനിരിക്കുകയും അത് നിറം മാറി കാണുകയും ചെയ്യുന്നു എങ്കില്‍ ആ കൊമ്പിന്റെ നേരെ ചുവട്ടില്‍ മൂന്നാള്‍ക്ക് കുഴിച്ചാല്‍ വെള്ളം ലഭിക്കും.
-ഏതെങ്കിലും ഭൂമിയില്‍ അതിയായ ചൂടോ, പുകയോ കാണുന്നുവോ അവിടെ രണ്ടാള്‍ക്കടിയില്‍ വെള്ളമുണ്ട്. അവിടുത്തെ ഉറവു ഏറ്റവും വലുതുമായിരിക്കും.

ഇനി ആര്‍ക്കെങ്കിലും ഉപ്പു വെള്ളം തന്നെ വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ വടക്ക് ഭാഗത്ത് പുറ്റുള്ള ഒരു കൊന്നമരം കണ്ടെത്തി അതിന്റെ ചുവട്ടില്‍ നിന്ന് രണ്ടു കോല്‍ തെക്ക്, പതിനഞ്ചു ആള്‍ക്ക് കുഴിച്ചാല്‍ ഉപ്പു വെള്ളം ലഭിക്കും.

ഇനി കിണറു കുഴിക്കാന്‍ തുടങ്ങാം. അതിനു മുമ്പ്

കൃത്വാ വരുണസ്യ ബലിം
വടവേതസകീലകം സിരാസ്ഥാനെ
കുസുമൈര്‍ഗ്ഗന്ധൈര്‍ ദ്ധൂപൈ:
സംപൂജ്യ നിധാപയെദ് പ്രഥമം:

വരുണന് ബലി കൊടുക്കുകയും, പേരാല്, വഞ്ചി ഇതുകളുടെ കുറ്റികള്‍ ജലഗന്ധപുശ്പ ധൂപാദീപങ്ങളെ കൂണ്ടു ജപിച്ചു ഉറവുള്ള ദിക്കില്‍ സ്ഥാപിക്കുകയും ചെയ്യണം.

കിണറു കുഴിക്കുമ്പോള്‍ പാറ കാണുക ആണെങ്കിലോ?

ഭേദം യദാ നൈതി ശില തടാനിം
പലാശകാഷ്ടൈ സഹതിന്ദുകാനാം
പ്രജ്വാലയിത്വാ നലമഗ്നി വര്‍ണ്ണ
സുധംബുസിക്താ പ്രവിദാരമെതി

പനചിയുടെയും പ്ലാശിന്റെയും വിരകിട്ടു കത്തിച്ചു പാറ അഗ്നിവര്‍ണമാക്കി അതിന്മേല്‍ പാലില്‍ വെള്ളം ചേര്‍ത്തു വീഴ്ത്തിയാല്‍ പൊളിയാത്ത പാറ എളുപ്പത്തില്‍ പോളിയുന്നതാണ്.

അതല്ലെങ്കില്‍.. മുള, പ്ലാശ്, എനീ വൃക്ഷത്തിന്റെ വിറകു കത്തിച്ച ചാരവും അമ ചുട്ട ചാരവും കൂടി വെള്ളത്തില്‍ കലക്കി തിളപ്പിച്ച്‌ മുകളില്‍ പറഞ്ഞ പോലെ പാറ ചുട്ടുപഴുപ്പിച്ച് അതിന്മേല്‍ വീഴ്ത്തുക. ഇങ്ങനെ ഏഴു പ്രാവശ്യം വീഴ്ത്തണം. എന്നാല്‍ ഇതു പാറയും അനായാസം പൊളിയും.

കിണര്‍ കുഴിച്ചു ആവശ്യത്തിനു ജലവും ലഭ്യമായി എങ്കില്‍...

അഞ്ജന മുസ്തോശീരി:
സരാജകൊശാത കാമലകചൂര്‍ന്നൈ
കതകഫലസമായുക്തൈ
ര്യോഗ: കൂപെ പ്രദാതവ്യ:

അഞ്ജനം, മുത്തങ്ങ, രാമച്ചം, കറിചീര, നെല്ലിക്ക, തെറ്റാമ്പരല്‍ ഇവകള്‍ എല്ലാം പൊടിച്ചു കിണറ്റില്‍ ഇടണം.

കലുഷം, കടുകം ലവണം വിരസം
സലിലം യദി വാ ശുഭാഗാന്ധി ഭവേദ്
തടനെന ഭാവ്യമാലം സുരസം
സുസുഗാന്ധി ഗുണൈര പരൈശ്ച്ച യുതം

കലക്കം, കയ്പ്പ്, ഉപ്പു, സ്വദില്ലായ്മ, ദുര്‍ഗന്ധം, ഇവകളെല്ലാം ഉള്ള വെള്ളമാണെങ്കില്‍ മേല്‍പ്പറഞ്ഞ പൊടികൊണ്ടു ആ വക ദോഷങ്ങളെല്ലാം തീര്‍ന്നു നന്നാവുന്നതിനു പുറമേ വേറെയും പല ഗുണങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ഇനി അഥവാ കിണറിനു പകരം കുളം ആണെങ്കില്‍..

കകുഭാവടാമ്രപ്ലക്ഷകദംബി
സനിച്ചുളജമ്ബുവേതസനീപൈ:
കുരബകതാളാശോകമധുകൈര്‍
ബ്ബകുളവിചിത്രൈശ്ചാവൃത തീരം.

കുളത്തിന്റെ വാക്ക് നീര്മ്മരുത്, പേരാല്, മാവ്, ഇത്തി, കടമ്പ്, ആറ്റുവഞ്ചി, ഞാവല്‍, വഞ്ചി, മലന്കടംപു, മൈലാഞ്ചി, കരിമ്പന, അശോകം, ഇരുപ്പ, എരിഞ്ഞി ഈ വക വൃക്ഷങ്ങള്‍ നാട്ടു പിടിപ്പിച്ചു അവൃതമാക്കണം.

ജലപുരാണം ശുഭം:


അഞ്ചാംഭാവവും ഇഷ്ടദേവതാ നിര്‍ണ്ണയവും

ജ്യോതിഷത്തില്‍ പന്ത്രണ്ട്‌ ഭാവങ്ങളില്‍ അഞ്ചാം ഭാവം, ഒന്‍പതാം ഭാവം, ലഗ്നം എന്നിവയ്ക്ക്‌ ഇഷ്ടദേവതാനിര്‍ണയത്തില്‍ സവിശേഷമായ പങ്കുണ്ട്‌. ഇതില്‍ തന്നെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട്‌ ഇഷ്ടദേവതയെ നിര്‍ണയിക്കുന്നതിന്‌ വളരെയേറെ പ്രാധാന്യമുണ്ട്‌. ദേവഭക്തി, മന്ത്രം, യന്ത്രം പുണ്യകര്‍മ്മങ്ങള്‍ എന്നിവ അഞ്ചാം ഭാവംകൊണ്ട്‌ വെളിപ്പെടുന്നു. അഞ്ചാം ഭാവാധിപന്‍, അഞ്ചില്‍ നില്‍ക്കുന്ന ഗ്രഹം, അഞ്ചില്‍ നോക്കുന്ന ഗ്രഹം എന്നിവയില്‍ ഏറ്റവും ബലമുള്ള ഗ്രഹം ആ വ്യക്തിയുടെ ഇഷ്ടദേവതയെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കുന്നു. ലഗ്നത്തിനോ ചന്ദ്രനോ ഏതിനാണ്‌ ബലമെന്ന്‌ സൂക്ഷ്മപ്പെടുത്തി അതിന്റെ അതിന്റെ അഞ്ചാംഭാവംകൊണ്ട്‌ ചിന്തിക്കുന്നതാണ്‌ ഉത്തമം. ഇതുപോലെ ഒന്‍പതാം ഭാവത്തെയും ലഗ്നത്തെയും കൂടി പരിശോധിക്കേണ്ടതാണ്‌. ഒരു വ്യക്തിയുടെ ആത്മീയതയിലേക്ക്‌ തുറക്കുന്ന ജാലകങ്ങളാണ്‌ മുന്‍പറഞ്ഞ ഭാവങ്ങള്‍. ഈ മൂന്ന്‌ ഭാവങ്ങളെയും സ്വാധീനിക്കുന്ന ഗ്രഹങ്ങളില്‍ ഏറ്റവും ബലമുള്ള ഗ്രഹത്തിന്‌ വിധിച്ചിട്ടുള്ള ദേവതയായിരിക്കും ആ വ്യക്തിയുടെ ഇഷ്ടദേവത. ലഗ്നാധിപന്‌ ആ ഗ്രഹവുമായി യോഗമേ, പരസ്പരദൃഷ്ടിയോ, മറ്റ്‌ തരത്തിലുള്ള പരസ്പരബന്ധമോ വന്നാല്‍ ഇഷ്ടദേവത അതു തന്നെയെന്ന്‌ തീര്‍ച്ചപ്പെടുത്താം. ലഗ്നാധിപന്‍ അഞ്ചില്‍, അഞ്ചാം ഭാവാധിപനോടൊപ്പം നില്‍ക്കുന്നുവെന്ന്‌ കരുതുക. ഒന്‍പതാം ഭാവാധിപന്‍, ഒന്‍പതില്‍ നില്‍ക്കുന്ന ഗ്രഹം എന്നിവയേക്കാള്‍ ബലം അഞ്ചാം ഭാവാധിപനുണ്ടെന്നും കരുതുക. അപ്പോള്‍ അഞ്ചാം ഭാവാധിപന്‌ വിധിച്ചിട്ടുള്ള ദേവതയായിരിക്കും ആ വ്യക്തിയുടെ ഇഷ്ടദേവത. മനസ്സ്‌, ബുദ്ധി എന്നിവയും അഞ്ചാം ഭാവംകൊണ്ട്‌ ചിന്തിക്കുന്നതിനാല്‍ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട്‌ ഇഷ്ടദേവതാ നിര്‍ണയും നടത്തുന്നതിന്‌ സവിശേഷ പ്രാധാന്യമുണ്ട്‌. നമ്മുടെ ഇഷ്ടദേവതയ്ക്ക്‌ നമ്മുടെ മാനസികഭാവങ്ങളുമായി എപ്പോഴും ഒരു ചേര്‍ച്ചയുണ്ടാവണമല്ലോ. ജാതകത്തില്‍ ഏറ്റവും പ്രബലമായ ഗ്രഹം ആ വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. എങ്കിലും ഭക്തിയുടെ അടിസ്ഥാനം തന്നെ മനസ്സായിരിക്കെ, അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട പ്രബലഗ്രഹത്തിന്റെ ദേവതയെതന്നെ ഇഷ്ടദേവതയായി തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. കഴിഞ്ഞ ജന്മങ്ങളില്‍ ഒരു വ്യക്തി ഉപാസിച്ചിരുന്ന ദേവതാ സങ്കല്‍പങ്ങള്‍ സംസ്കാര രൂപത്തില്‍ നമ്മുടെ ഉപബോധമനസ്സില്‍ ഉണ്ടാവുമെന്ന്‌ ഒരു സിദ്ധാന്തവുമുണ്ട്‌. ആ ദേവതാസങ്കല്‍പത്തോട്‌ ഈ ജന്മത്തില്‍ നമുക്ക്‌ ഒരു ചായ്‌വും ഉണ്ടാകാം. ജീവിതത്തില്‍ പെട്ടെന്നുണ്ടായേക്കാവുന്ന ചില അപകടങ്ങളിലും മറ്റും നാം അറിയാതെ വിളിച്ചുപോകുന്ന ചില ദേവതാനാമങ്ങളുണ്ട്‌. പെട്ടെന്ന്‌ അപകടമുണ്ടാകുമ്പോള്‍ ‘എന്റെ കൃഷ്ണാ’ എന്നായിരിക്കും ചിലര്‍ വിളിക്കുക. ചിലര്‍ ‘എന്റെ ദേവീ’ എന്നുവിളിക്കും. ഇത്‌ ആ വ്യക്തിയുടെ പൂര്‍വജന്മത്തിലെ ഉപാസനാമൂര്‍ത്തി ഏതെന്ന്‌ സൂചന നല്‍കുന്നതായിരിക്കാമെന്ന്‌ സ്വാമി ശിവാനന്ദ അഭിപ്രായപ്പെടുന്നുണ്ട്‌. ഇഷ്ടദേവതാ നിര്‍ണയം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നത്‌ ഉചിതമായിരിക്കും.
- ഡോ. ബാലകൃഷ്ണവാര്യര്‍

Friday 7 September 2012

തൈപ്പൂയം


മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്. താരകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്. സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണ് ഇതെന്നും വിശ്വാസമുണ്ട്.ഏന്നാല്‍ സുബ്രഹ്മണ്യന്‍റെ നാള്‍ വിശാഖമാണ് എന്നാണ് കരുീതുന്നത്. കാര്യമെന്തായാലും , കേരളത്തിലേയും തമിഴ്നാട്ടിലേയും ഭക്തജനങ്ങള്‍:ക്ക് ഇത് പുണ്യദിനമാണ്. സാക്ഷാല്‍ പരമശിവന്‍റെ പുത്രനായ സുബ്രഹ്മണ്യന്‍റെ ജനന ദിവസം മുരുക ക്ഷേത്രങ്ങളില്‍ ഏറെ പ്രധാനമാണ്. കാവടിയാട്ടവും മറ്റ് പ്രതേൃക
പൂജകളും ഈ ദിവസം മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്നു. പരമശിവന്‍റെ രണ്ടാമത്തെ പുത്രനായാണ് സുബ്രഹ്മണ്യനെ ഹിന്ദുപുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത് സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്കന്ദപുരാണം പറയുന്നു.

വേദഗോബ്രാഹ്മണരുടെ രക്ഷകര്‍ത്താവെന്നും ഈ പദത്തിനര്‍ഥമുണ്ട്.
അസുരരാജാവയ താരകാസുരനെ ജയിക്കാന്‍ ദേവന്മാര്‍ക്കാവില്ലായിരുന്നു. ബാല്യത്തിലേ തപസനുഷ്ഠിച്ച് ബ്രഹ്മാവില്‍ നിന്ന് അസുരരാജാവ് നേടിയ വരമായിരുന്നു അതിനു കാരണം.
വരപ്രകാരം താരകാസുരനെ വധിക്കാന്‍ ഏഴു നാള്‍ മാത്രമുള്ള കുട്ടിയെക്കൊണ്ടേ കഴിയുമായിരുന്നുള്ളൂ. വരസിദ്ധിയാല്‍ അഹങ്കാരിയായ താരകാസുരനാണ് അന്ന് ത്രിലോകങ്ങളും ഭരിച്ചിരുന്നത്. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന കുട്ടിക്ക് മാത്രമേ കഴിയൂയെന്ന് ദേവന്‍മാര്‍ മനസ്സിലാക്കുന്നു. എന്നാല്‍ സതി ആത്മഹത്യചെയ്ത വേദനയില്‍ എല്ലാം വെടിഞ്ഞ് തപസനുഷ്ഠിക്കുകയായിരുന്നു ഭഗവാന്‍. തുടര്‍ന്ന് ദേവന്മാരൊരുക്കിയ നാടകമാണ് സതിയുടെ പുനര്‍ജന്മമായ പാര്‍വ്വതിയുടെയും ശിവന്‍റെയും വിവാഹത്തിന് വഴിയൊരുക്കിയത്.

സ്കന്ദ പുരാണത്തിലെ ശിവരഹസ്യ ഖണ്ഡത്തിലുള്ള സംഭവ കാണ്ഡത്തിലാണ് സ്കന്‍ദോല്‍പ്പത്തിയെ പറ്റി വിവരിച്ചിട്ടുള്ളത്. താരകാസുരന്‍റെ നിഗ്രഹത്തിനായി ദേവന്മാര്‍ പ്രാര്‍ഥിച്ചതിന്‍റെ ഫലമായി പാര്‍വതീ പരിണയം നടക്കുന്നു. ശിവപാര്‍വതീ സംയോഗത്തില്‍ പുറത്തുവന്നരേതസ്സ് ഭൂമിയാകെ നിറഞ്ഞു. ഭൂമിദേവിക്ക് അത് താങ്ങാന്‍ കഴിയാതെ വന്നപ്പേള്‍ ദേവകള്‍ ആവശ്യപ്പെട്ടതനുസരിച്ച് അഗ്നി ആ രേതസ്സ് ഭക്ഷിച്ചു. പക്ഷെ, രേതസ്സിന്‍റെ ശക്തിയാല്‍ അഗ്നിയുടെ തേജസ്സ് കുറഞ്ഞു.
ഒടുവില്‍ ശിവരേതസ്സിനെ അഗ്നി ഗംഗയുടെ ഉല്‍ഭവസ്ഥാനത്തുള്ള ശരവണ പൊയ്കയില്‍ (ഞറുങ്ങണ പുല്ലുള്ള വനം) നിക്ഷേപിച്ചു. ആ ശിവബീജമാണ് കുഞ്ഞിന്‍റെ രൂപം പ്രാപിച്ച് സുബ്രഹ്മണ്യനായത്. ശരവണഭവന്‍ എന്ന് പേരുണ്ടായത് അങ്ങനെയാണ്. കൃത്തികകള്‍ എന്ന പേരുണ്ടായിരുന്ന ആറു ദേവിമാര്‍ സുബ്രഹ്മണ്യനെ കണ്ടെത്തി വളര്‍ത്തി, അങ്ങനെ കാര്‍ത്തികേയനായി.
കുഞ്ഞിനു മുല നല്‍കാനെത്തിയ ഈ അമ്മമാരെ പ്രസാദിപ്പിക്കാന്‍ കുഞ്ഞ് ആറു മുഖങ്ങള്‍ സ്വയം സൃഷ്ടിച്ചു. അങ്ങനെ അറുമുഖന്‍ അഥവാ ഷണ്മുഖനായി. ആറുമുഖങ്ങള്‍ യോഗ ശാസ്ത്രത്തിലെ ഷഡാധാരങ്ങളുടെ പ്രതീകമാണ്. പരാശക്തിയായ ശ്രീപാര്‍വതി ആറു തലകള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതോടെ കുഞ്ഞ് ഏകശിരസ്സ് സ്കന്ദനായി മാറി.

ജനനം ശരവണ കാട്ടില്‍

ഒരിക്കല്‍ ശിവനും പാര്‍വ്വതിയും രതീ ക്രീഡ നടത്തിയത് നൂറു സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും അവസാനിച്ചില്ല. ഇതു തുടര്‍ന്നാല്‍ ലോകാവസാനം മുന്നില്‍ കണ്ട ദേവന്മാര്‍ ക്രീഡ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ശിവനതിനു സമ്മതിക്കുകയും ചെയ്തഎന്നാല്‍ ശിവന്‍റെ രേതസ് എവിടെയെങ്കിലും ഉപേക്ഷിക്കണമെന്ന അവസ്ഥ വന്നു. തുടര്‍ന്ന് അത് ഭക്ഷിക്കാന്‍ അഗ്നി ദേവന്‍ സമ്മതിച്ചു. എന്നാല്‍ രേതസ് ചുമക്കുക അഗ്നിയെകൊണ്ടു പോലും സാധിക്കുമായിരുന്നില്ല.അഗ്നിയാകട്ടെ അതു പുണ്യ നദിയായ ഗംഗാ ദേവിക്ക് നല്‍കി.
ശിവന്‍റെ പുത്രനു ജന്മനല്‍കാന്‍ ഇതിലൂടെ കഴിയുമെന്ന് ഗംഗയെ വിശ്വസിച്ചായിരുന്നു രേതസിനെ നദിയില്‍ അഗ്നി ദേവന്‍ നിക്ഷേപിച്ചത്. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഗംഗയ്ക്കും അത് ഭാരമായി.
പിന്നീട് ബ്രമാവിന്‍റെ ഉപദേശപ്രകാരം രേതസിനെ ഗംഗ ഉദയപര്‍വ്വതത്തിലുള്ള ശരവണമെന്ന കാട്ടില്‍ നിക്ഷേപിച്ചു. പതിനായിരം വര്‍ഷം കഴിഞ്ഞാല്‍ അവിടെ ഒരു കുട്ടി ജനിക്കുമെന്നും ഗംഗാ ദേവിയോട് ബ്രഹ്മാവ് അന്ന് പറഞ്ഞിരുന്നു. ശരവണക്കാട്ടില്‍ ജനിച്ച കുട്ടിയാണ് സുബ്രഹ്മണ്യന്‍. ജനനശേഷം മലര്‍ന്ന് കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ് ദിവ്യകൃത്തിമാര്‍ കണ്ടു. അവര്‍ കുഞ്ഞിനെ മുലയൂട്ടനായി തര്‍ക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി. അങ്ങനെ ആറ് തലകളും അവനുണ്ടായി. കൃത്തികമാര്‍ മുലകൊടുത്തു വളര്‍ത്തിയതിനാല്‍ ആ കുട്ടി കര്‍ത്തികേയനുമായി. ഒപ്പം ആറു തലകള്‍ അവന് ഷണ്‍മുഖനെന്ന പേരും നേടിക്കൊടുത്തു.