നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Monday 30 July 2012

വീട് എവിടെ വയ്ക്കും?


കുറച്ചു വസ്തു വാങ്ങി ഒരു വീടുവയ്ക്കണം. എവിടെ വാങ്ങും? വില മാത്രം നോക്കിയിട്ട് കാര്യമില്ല. പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. വസ്തുവിനെ സംബന്ധിച്ച് ദിക്കുകള്‍ തമ്മില്‍ യോജിക്കുന്ന കോണുകള്‍ക്ക് ഓരോ പേരുണ്ട്. വടക്കുകിഴക്കേ കോണിന് ഈശാനകോണ്‍ എന്നും തെക്കുകിഴക്കേ കോണിന് അഗ്നികോണ്‍ എന്നും വടക്കുപടിഞ്ഞാറേ കോണിനു വായുകോണ്‍ എന്നും പറയുന്നു. തെക്കുപടിഞ്ഞാറെ നിരുതികോണിന് വാസ്തുശാസ്ത്രപ്രകാരം വളരെ പ്രാധാന്യമുണ്ട്. ഈ കോണാണ് കന്നിമൂല എന്ന് അറിയപ്പെടുന്നത്.
കിഴക്ക് താഴ്ന്നും പടിഞ്ഞാറ് പൊങ്ങിയുമുള്ള ഭൂമി അഭിവൃദ്ധി നല്‍കും. വടക്ക് താഴ്ന്നും തെക്ക് പൊങ്ങിയതുമായ വസ്തുവും നല്ലതാണ്. അത് പെരുമയും ഐശ്വര്യവും ഉണ്ടാക്കും. തെക്ക്, പടിഞ്ഞാറ് ഭാഗങ്ങള്‍ താഴ്ന്നും കിഴക്ക്, വടക്ക് ഭാഗങ്ങള്‍ പൊങ്ങിയും കിടക്കുന്ന വസ്തു നല്ലതല്ല. കൈവശമുള്ള വസ്തു അത്തരമൊന്നാണെങ്കില്‍ എന്തുചെയ്യും?

എങ്ങനെ ചരിവുള്ള വസ്തുവായാലും വീടുവെയ്ക്കാം. ആദ്യം വസ്തുവിനെ ബാലന്‍സ് ചെയ്യിക്കണമെന്നു മാത്രം. വസ്തുവില്‍ വടക്കുകിഴക്ക് തലയും, തെക്കുപടിഞ്ഞാറ് കാലുകളും, തെക്കുകിഴക്കും വടക്കുപടിഞ്ഞാറും കൈകളും വച്ചാണ് വാസ്തുപുരുഷന്‍ ശയിക്കുന്നത്. വസ്തുവിന്റെ രൂപഭേദങ്ങള്‍ ഈ കിടപ്പിന് ഭംഗം വരുത്തും. ഉദാഹരണത്തിന് ഒരു വസ്തുവിന്റെ തെക്കുകിഴക്ക് മൂല അകത്തേക്കു ചരിഞ്ഞാണ് കിടക്കുന്നതെങ്കില്‍ വാസ്തുപുരുഷന്റെ കൈവച്ചിരിക്കുന്ന ഭാഗത്ത് കോട്ടം വരും.

കിഴക്കും പടിഞ്ഞാറും നീളം കൂടിയും വടക്കും തെക്കും നീളം കുറഞ്ഞും ദീര്‍ഘചതുരത്തിലുള്ള വസ്തുവാണ് വീടുവയ്ക്കാന്‍ ഏറ്റവും അഭികാമ്യം. സമചതുരവും തരക്കേടില്ല. പലപ്പോഴും ഇത്തരത്തിലുള്ള വസ്തു ലഭിക്കണമെന്നില്ല. ലഭ്യമാകുന്ന വസ്തുവിനെ ശാസ്ത്രവിധിപ്രകാരം തയ്യാറാക്കി എടുക്കുക എന്നതാണ് പരിഹാരം.

വസ്തുവില്‍ 90 ഡിഗ്രിയില്‍ കുറഞ്ഞുവരുന്ന കോണ്‍ ഏതാണോ അതിനെ 90 ഡിഗ്രിയാക്കി മാറ്റുക. (കോണില്‍ ബാക്കിവരുന്ന സ്ഥലം ഒഴിച്ചിടാം) ഇതിനു വേണ്ടി മതില്‍കെട്ടിത്തിരിച്ച് വലിയൊരു ചെലവ് ആദ്യമേ തന്നെ ചെയ്യണമെന്നില്ല. അതിര്‍ത്തി തിരിച്ച് അടിസ്ഥാനം കെട്ടിയാല്‍ മതി. ഏത് ആകൃതിയിലുള്ള വസ്തുവിനെയും ഇതുപോലെ ചതുരമോ ദീര്‍ഘചതുരമോ ആക്കി വേര്‍തിരിക്കാവുന്നതാണ്. ഇതില്‍ വടക്കുകിഴക്കു നീണ്ടിരിക്കുന്ന വസ്തു കെട്ടിത്തിരിക്കേണ്ടതില്ല. വാസ്തുപുരുഷന്റെ മുഖമിരിക്കുന്ന സ്ഥലമായതിനാല്‍ അവിടെ കൂടുതല്‍ സ്ഥലമുള്ളത് അത്യുത്തമമാണ്.

രണ്ടു സെന്റു മാത്രമുള്ള വസ്തുവില്‍ എങ്ങനെയാണ് വാസ്തുശാസ്ത്രവിധിപ്രകാരം വീടുവയ്ക്കാനാവുക? സംശയം സ്വാഭാവികം. വസ്തു ഒരു സെന്റാണെങ്കില്‍പ്പോലും, അതില്‍ നിര്‍മ്മിക്കുന്നത് ഒരു മുറിയാണെങ്കില്‍പ്പോലും വാസ്തുപുരുഷസാന്നിദ്ധ്യമുണ്ടാവും.


കിടപ്പുമുറി എവിടെ വേണം?


ഇതാണോ മാസ്റ്റര്‍ ബെഡ്‌റൂം? പുതിയ വീടു കാണാനെത്തുന്നവരുടെ പ്രധാന ചോദ്യങ്ങളിലൊന്ന് ഇതായിരിക്കും. കിടക്കാനുള്ള മുറി എന്ന സങ്കല്പത്തില്‍ നിന്ന് സുഖദാമ്പത്യത്തിന്റെയും സ്വകാര്യതയുടെയും പര്യായമായി ബെഡ്‌റൂം മാറിക്കഴിഞ്ഞു. 'ബൃഹത് സംഹിത'യില്‍ ഈ മുറിയെ 'രതികക്ഷ' എന്ന പേരിലാണ് വിവരിച്ചിരിക്കുന്നത്. ഒരു ആയുസ്സിന്റെ ഏറ്റവും സന്തോഷകരവും അര്‍ത്ഥപൂര്‍ണ്ണവുമായ ദിനങ്ങള്‍ ചെലവിടേണ്ട സ്ഥലം. കുടുംബത്തിന്റെ സന്തോഷം നിയന്ത്രിക്കുന്നത് ഈ മുറിയാണ്. ദമ്പതികള്‍ തമ്മിലുള്ള ഐക്യവും സന്തോഷവുമാണല്ലോ കുടുംബത്തിന്റെ കെട്ടുറപ്പ്.

വസ്തുവിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് അഥവാ കന്നിമൂലയിലായിരിക്കണം പ്രധാന ശയനമുറി അഥവാ മാസ്റ്റര്‍ ബെഡ്‌റൂം. ഇതിനെ 'സംഗമമൂല' എന്നും പറയുന്നുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്കും ദമ്പതികള്‍ക്കും മാത്രമേ ഈ കിടപ്പുമുറി ഉപയോഗിക്കാന്‍ പാടുള്ളൂ. മുകളിലത്തെ നിലയിലാണെങ്കിലും കന്നിമൂലയിലെ മുറിതന്നെ ഉചിതം.

ഒരു കാരണവശാലും മാസ്റ്റര്‍ ബെഡ്‌റൂം വടക്കുകിഴക്കു ഭാഗത്തായിരിക്കരുത്. ഈശ്വരാരാധനയ്ക്കുള്ള സ്ഥലം ശയനമുറിയാക്കിയാലുണ്ടാകുന്ന വിപരീത തരംഗം മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളുണ്ടാക്കും. കന്നിമൂലയിലെ മുറിയുടെ തറ അല്പം ഉയര്‍ത്തിക്കെട്ടുന്നത് നല്ലതാണ്. മുറി ദീര്‍ഘചതുരത്തിലായിരിക്കണം. കിടപ്പുമുറി 'ഘ' ആകൃതിയില്‍ പണിയരുത്. ഭിത്തിയില്‍ നിന്ന് കുറച്ചു സ്ഥലം ഒഴിവാക്കിവേണം കട്ടിലിടാന്‍. തെക്കുപടിഞ്ഞാറു ഭാഗത്തായിരിക്കണം കട്ടിലിന്റെ സ്ഥാനം. തല കിഴക്കോട്ടു വച്ച് ഉറങ്ങണം. ഭൂമിയുടെ സഞ്ചാരഗതി പടിഞ്ഞാറുനിന്ന് കിഴക്കോട്ടായതുകൊണ്ടാണിത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ എതിര്‍ദിശയില്‍ നോക്കിയിരുന്നു യാത്ര ചെയ്യുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്നില്ലേ. അതേ തിയറിയാണ് ഇവിടെയും. കിഴക്കോട്ടു വയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ അനുകൂലമായത് തെക്കോട്ടാണ്. ഭൂമിക്കു ചുറ്റും ഒരു കാന്തിക വലയമുണ്ട്. തല വടക്കുഭാഗത്തു വച്ചാല്‍ വികര്‍ഷണമായിരിക്കും ഫലം. അപ്പോള്‍ കാന്തികവലയം പൂര്‍ണ്ണമാകില്ല. അത് രക്തസഞ്ചാരം തടസ്സപ്പെടുത്തും. മനസ്സിനും ശരീരത്തിനും അസ്വസ്ഥതയുണ്ടാക്കും.

മാസ്റ്റര്‍ ബെഡ്‌റൂം ദമ്പതികള്‍ക്കുവേണ്ടിയാണ്. കുട്ടികളെ കഴിയുന്നതും അവിടെ കിടത്തരുത്. വീട്ടിലെ പ്രധാന മുറിയിലേക്കു കടന്നു വരുമ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ കാണരുത്. ഇങ്ങനെ കണ്ടാല്‍ ദമ്പതികള്‍ തമ്മിലുള്ള ഐക്യം തകരുമെന്നാണ് പ്രമാണം.
കിടപ്പുമുറിയുടെ വാതില്‍ എവിടെയായിരിക്കും? ഓരോ മുറിക്കും ഉച്ചവും നീചത്വവും ഉണ്ട്. ഉച്ചസ്ഥാനത്തു കൂടിയായിരിക്കണം കിടപ്പുമുറിയില്‍ കയറേണ്ടത്. പക്ഷേ, കിടപ്പുമുറിയില്‍ ബാത്ത്‌റൂമുണ്ടെങ്കില്‍ അതിന്റെ വാതില്‍ നീചത്തിലായിരിക്കണം. മുറിയുടേതിനേക്കാള്‍ താഴ്ന്നതായിരിക്കണം ബാത്ത്‌റൂമിലെ തറ.

കിടപ്പുമുറിയില്‍ അലമാര വയ്ക്കുന്നുണ്ടെങ്കില്‍, തെക്കുഭാഗത്തെ ഭിത്തിയില്‍ പടിഞ്ഞാറുവശത്തേക്ക് നീക്കിവയ്ക്കണം. അലമാരയുടെ വാതില്‍ തുറക്കേണ്ടത് വടക്കോട്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വടക്കുനിന്നാണ് കുബേരന്‍ (പണത്തിന്റെ രാജാവ്) പ്രവേശിക്കുന്നതെന്നാണ് വിശ്വാസം. കിടപ്പുമുറിയില്‍ ഡ്രസ്സിംഗ് ടേബിള്‍ പാടില്ല. നിര്‍ബന്ധമാണെങ്കില്‍ വടക്കോ കിഴക്കോ ഭാഗത്തായിരിക്കണം. കിടപ്പുമുറിയില്‍ കണ്ണാടി വയ്ക്കരുതെന്നാണ്. അഥവാ വയ്ക്കുന്നെങ്കില്‍ കിടക്കയിലിരുന്നാല്‍ കാണാത്ത വിധത്തില്‍ വയ്ക്കുക. മൂന്നാമതൊരു കണ്ണിന്റെ സാന്നിദ്ധ്യമാണ് കണ്ണാടി. ജാരബന്ധം, തീരുമാനങ്ങളെടുക്കുന്നതില്‍ കുടുംബനാഥന് സംഭവിക്കുന്ന പിഴവ് തുടങ്ങിയവയാണ് കണ്ണാടിമൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍.

തുളസിക്കതിര്‍ ചൂടാമോ?


കവിയുടെ ഭാവനയില്‍ തുളസിക്കതിര്‍ തുമ്പു കെട്ടിയിട്ട പ്രണയിനിയുടെ ചുരുള്‍ മുടി തുമ്പില്‍ അലങ്കാരമാവുന്നു. ഇത്തരത്തില്‍ മുടിത്തുമ്പില്‍ സുഗന്ധവാഹിയായ ഒരു തുളസിക്കതിര്‍ ചൂടാന്‍ സ്ത്രീകള്‍ ആഗ്രഹിച്ചാലും തെറ്റുപറയാനില്ല.

എന്നാല്‍, ഹൈന്ദവാചാര പ്രകാരം മുടിയില്‍ തുളസിക്കതിര്‍ ചൂടുന്നത് തെറ്റാണ്. വിഷ്ണു പാദത്തില്‍ എത്തിച്ചേരാനാണ് തുളസി എപ്പോഴും ആഗ്രഹിക്കുന്നത്. അതിനാല്‍ മഹാവിഷ്ണുവിന്‍റെ പാദത്തില്‍ അര്‍പ്പിക്കപ്പെടാനാണ് എപ്പോഴും ആഗ്രഹിക്കുക.

വിഷ്ണുചരണങ്ങളില്‍ അര്‍പ്പിതമായ ശേഷം മുടിയില്‍ ചൂടുന്നത് കുഴപ്പമില്ല എന്നാണ് ആചാര്യമതം. അതല്ല എങ്കില്‍, തുളസീശാപം ഉണ്ടാവുമെന്നും അതുവഴി ചൂടുന്ന ആളിന് ദോഷമുണ്ടാവുമെന്നുമാണ് വിശ്വാസം.

ഭാരതീയ ആചാരപ്രകാരം സ്ത്രീകള്‍ക്ക് തലയില്‍ ദശപുഷ്പം ചൂടാം. കയ്യോന്നി, നിലപ്പന, കറുക, മുയല്‍ച്ചെവി, പൂവാംകുറുന്തല, വിഷ്ണുക്രാന്തി, ചെറുള, തിരുതാളി, ഉഴിഞ്ഞ,മുക്കൂറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍.

രാശികളും അനുയോജ്യമായ ഭാഗ്യരത്നങ്ങളും


ഭാഗ്യ രത്നങ്ങള്‍ ധരിക്കുന്നത് കാലം അനുകൂലമാക്കുമെന്ന വിശ്വാസം ശക്തമാവുകയാണ്. രാശി കണക്കാക്കിയാണ് ഭാഗ്യ രത്നങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ഓരോരാശിക്കാര്‍ക്കും അനുയോജ്യമായ ഭാഗ്യരത്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

മേടം :

ധൈര്യശാലികളും ഏതുകാര്യത്തിനും നല്ലമനസ്സോടെ മുന്നിട്ടിറങ്ങുന്നവരുമാണ് പൊതുവേ മേടം രാശിക്കാര്‍. ഈ രാശിക്കാരുടെ അധിപന്‍ ചൊവ്വയും ഭാഗ്യ രത്നം പവിഴവുമാണ്. സൗമ്യശീലവും മനശ്ശാന്തിയുമാണ് ഭാഗ്യരത്നമായ പവിഴം പ്രദാനം ചെയ്യുന്നത്.

എടുത്തുചാട്ടത്തിനും മറ്റും സമാധാനം ലഭിക്കാന്‍ പവിഴം മുത്തിനൊപ്പം ധരിക്കുന്നത് നല്ലതാണ്. മഞ്ഞകലര്‍ന്ന ഇന്ദ്രനീലക്കല്ല് ധരിക്കുന്നത് ഉദ്ദ്യോഗം സംബന്ധിച്ച് നല്ലതുവരാന്‍ ഈ രാശിക്കാരെ സഹായിക്കും. ധനപരമായ ഉയര്‍ച്ചകിട്ടാനും ഇത് സഹായിക്കും. ധനപരമായ ഉയര്‍ച്ചയ്ക്ക് മാണിക്യം ധരിക്കുന്നതും വളരെ നന്ന്

ഇടവം :

ശുക്രന്‍ അധിപനായുള്ള ഈ രാശിക്കാര്‍ പൊതുവേ സ്നേഹത്തിന്‍റെയും സമന്വയത്തിന്‍റെയും മനസ്സുകള്‍ക്കുടമകളായിരിക്കും. വൈരമാണ് ഇവര്‍ക്കുള്ള ഭാഗ്യരത്നം. ആത്മനിയന്ത്രണമുള്ളവരും ഉറച്ച തീരുമാനമെടുക്കുന്നവരുമായ ഇവര്‍ പൊതുവേ ശാന്തപ്രകൃതിയുള്ളവരായിരിക്കും. ആകര്‍ഷണീയമായ പ്രകൃതമുള്ളവരാണ്.

വൈറ്റ്മെറ്റലില്‍ വൈരം പിടിപ്പിച്ച ആഭരണങ്ങള്‍ അണിയുന്നത് ഭാഗ്യമാണ്. കഴിവതും ശുദ്ധമായ വൈരക്കല്ലുകള്‍ ധരിക്കുന്നത് കൂടുതല്‍ ഉത്തമം. തൊഴിലില്‍ അഭിവൃദ്ധിക്ക് മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിക്കുന്നതാണ് ഉത്തമം. മാണിക്യം ധരിക്കുന്നത് സുഖ-സമ്പല്‍സമൃദ്ധിക്കും ധനാഗമനത്തിനും വളരെ ഉത്തമം

മിഥുനം :

ഈ രാശിക്കാര്‍ പൊതുവേ ബുദ്ധിശാലികളാണെങ്കിലും അക്ഷമരായിരിക്കും. അധിപന്‍ ബുധനാണ്. ഇവരുടെ ഭാഗ്യരത്നം മരതകവും. ഒന്നിലും ഉറച്ചുനില്‍ക്കാതെ ഒരേ സമയം പല പ്രവൃത്തികളില്‍ വ്യാപരിക്കുന്നവരായിരിക്കും ഈ കൂറുകാര്‍. എന്നാലും പൊതുവേ ഇവര്‍ സാഹിത്യം, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ ശോഭിക്കുന്നവരാണ്.

ഉദ്യോഗരംഗങ്ങളില്‍ ശോഭിക്കാന്‍ കടുംപച്ചയോ ഇളംപച്ചയോ നിറമുള്ള മരതകക്കല്ലുകള്‍ പതിച്ച മോതിരങ്ങള്‍ അണിയുന്നത് വളരെ ഉത്തമം. കച്ചവടത്തിനും വിവാഹക്കാര്യങ്ങള്‍ക്കും മഞ്ഞകലര്‍ന്ന ഇന്ദ്രനീലവും സന്താനലബワിക്ക് വൈരവും ഉത്തമമാണ്.

കര്‍ക്കിടകം :

ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ മാറിമാറി വരുന്നതുപോലെയുള്ള മനോഭാവമുള്ള ഇവരുടെ ഭാഗ്യരത്നം മുത്താണ്. ഒറ്റനോട്ടത്തിന് പരുക്കരെന്നു തോന്നുമെങ്കിലും വളരെ വിശാലമനസ്കരായിരിക്കും പൊതുവേ ഇക്കൂറുകാര്‍.

ഇടയ്ക്കിടയ്ക്ക് ഉള്‍വലിയുക മുതലായ സ്വഭാവവൈചിത്യ്രങ്ങളെ നിയന്ത്രിക്കാന്‍ ഇവരുടെ ഭാഗ്യരത്നമായ മുത്ത് വളരെ നല്ലതാണ്. ഇത്തരക്കാരുടെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കാന്‍ പവിഴം ധരിക്കുന്നത് ഉത്തമമാണ്. തൊഴില്‍പരമായ ഉന്നമനത്തിനും ധനലബワിക്കും വൈരം ധരിക്കുകയാണ് നന്ന്. പൊതുവേയുള്ള ശ്രേയസ്സുകിട്ടാന്‍ മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിച്ചാല്‍ മതിയാകും.

ചിങ്ങം :

മാണിക്യമാണിവരുടെ ഭാഗ്യ രത്നം. ശാന്തചിത്തരും കുലീനരുമായ ഇവരുടെ അധിപന്‍ സൂര്യനാണ്. വിവിധനിറമുള്ള മാണിക്യക്കല്ലുകള്‍ - തുടുത്തുചുവന്നതു മുതല്‍ ഇളം പിങ്കുനിറമുള്ളവ വരെ ലഭ്യമാണ്.

കുടുംബസൗഭാഗ്യത്തിനും ഭാഗ്യത്തിനുമായി ഈ രാശിക്കാര്‍ സ്വര്‍ണ്ണത്തിലോ വെള്ളിയിലോ പതിച്ച മാണിക്യമുള്ള ആഭരണങ്ങള്‍ അണിയുന്നത് വളരെ ഉത്തമമാണ്. പവിഴം പതിച്ച ആഭരണങ്ങള്‍ ധരിക്കുന്നത് ചൊവ്വാ ദോഷമുള്ളവര്‍ക്ക് വളരെ നല്ലതാണ്. കട്ടിമാണിക്യം അഥവാ ഗാര്‍നെറ്റ് ധരിക്കുന്നതും വളരെ നന്ന്

കന്നി :

സൗമ്യശീലവും ആരെയും ആകര്‍ഷിക്കുന്നസ്വഭാവവുമുള്ള ഈ രാശിക്കാരുടെ ഭാഗ്യരത്നം മരതകമാണ്. ഈ രാശിക്കാരുടെ അധിപന്‍ ബുധനാണ്. പെട്ടൈന്നെടുത്ത തീരുമാനങ്ങള്‍മൂലം പിന്നീട് പരിതപിക്കുന്നവരാണീ കൂട്ടര്‍.

ഇവര്‍ക്ക് ഭാഗ്യദായകമായുള്ളത് പച്ചക്കലും മരതകവും പ്ളാറ്റിനത്തില്‍ പതിച്ച് ധരിക്കുന്നതാണ്. ധനയോഗത്തിന് മാണിക്യമാണ് ഉത്തമം. വൈരവും മരതകവും ഇടകലര്‍ത്തി ധരിക്കുന്നതും പൊതുവേ നല്ലതാണ്. പുഷ്യരാഗം ധരിക്കുന്നത് വിവാഹകാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും വളരെ നന്ന്

തുലാം :

സമാധാനകാംക്ഷികളായ ഇവര്‍ ജീവിതത്തിലുടനീളം സന്തുലിതാവസ്ഥ ഇഷ്ടപ്പെടുന്നു. വൈരമാണ് ഇവരുടെ ഭാഗ്യരത്നം. തമാശപ്രിയരും കാല്പനികസ്വഭാവവുമുള്ള ഇവരുടെ അധിപന്‍ ശുക്രനാണ്.

ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിവികാസത്തിനും വൈരരത്നം ധരിക്കുന്നത് വളരെ ഉത്തമം. ചഞ്ചലമായ മാനസികാവസ്ഥകള്‍ ഇല്ലാതാകാനും വൈരരത്നം ധരിക്കുന്നത് വളരെ നന്ന്. ചെമ്പ് ആഭരണങ്ങള്‍ ധരിക്കുന്നത് ബുധന്‍റെ അനുഗ്രഹത്തിന് വളരെ നന്ന്.

വൃശ്ചികം :

ചൊവ്വാ അധിപനായുള്ളതാണ് വൃശ്ഛികരാശി. പവിഴമാണ് ഇവരുടെ ഭാഗ്യരത്നം. ചടുലമായ സ്വഭാവവിശേഷമുള്ളവരായിരിക്കും വൃശ്ഛികക്കൂറുകാര്‍.

പവിഴം ധരിക്കുന്നതുകൊണ്ട് ശുഭാപ്തിവിശ്വാസം, ചുറുചുറുക്ക് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഉതകും. ഉദ്യോഗരംഗത്ത് അഭിവൃദ്ധിക്ക് മഞ്ഞകലര്‍ന്ന ഇന്ദ്രനീലം വളരെനന്ന്. പവിഴവും മഞ്ഞകലര്‍ന്ന ഇന്ദ്രനീലവും മുത്തുമായി ഇടകലര്‍ത്തി ധരിക്കുന്നത് അധികഫലം തരുന്നതായിരിക്കും. രാഹുദോഷമകറ്റാനും ഇതു നന്ന്.
ധനു :

വ്യാഴം അധിപനായുള്ള ധനുരാശിക്കാരുടെ ഭാഗ്യരത്നം മഞ്ഞകലര്‍ന്ന ഇന്ദ്രനീലമാണ്. കാര്യങ്ങള്‍ വളരെയേറെ ആലോചിച്ച് ആസൂത്രണം ചെയ്ത് ശ്രദ്ധയോടെ കര്‍മ്മം ചെയ്യുന്നവരും ഉത്സാഹശീലരുമാണീക്കൂട്ടര്‍.

ഭാഗ്യരത്നമായ മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിക്കുന്നതുമൂലം രാശിയുടെ അധിപനായ വ്യാഴത്തിന്‍റെ ഗുണങ്ങള്‍ ലഭിക്കാന്‍ കഴിയും. എല്ലാവിധ ഐശ്വര്യങ്ങളും ഇതുമൂലം സിദ്ധിക്കുന്നു. ഇക്കൂട്ടര്‍ക്ക് മാണിക്കവും ചിലസമയങ്ങളില്‍ സഹായം ലഭിക്കാന്‍ ഉപകരിക്കും.


മകരം :

വിവേകശാലിക്കാരും ശാലീനരുമായ ഈ രാശിക്കാരുടെ അധിപന്‍ ശനിയാണ്. ഇന്ദ്രനീലം ഭാഗ്യരത്നവും. പൊതുവേ സംയമനം പാലിക്കുന്നവരും സഹനശക്തിയുള്ളവരുമാണ് ഇക്കൂട്ടര്‍.

ഈ രാശിക്കാര്‍ക്ക് ശനി ഉച്ചത്തിലാണെങ്കില്‍ ഇന്ദ്രനീലം ധരിക്കുക മൂലം പലവിധത്തിലുമുള്ള അപൂര്‍വനേട്ടങ്ങള്‍ ലഭിക്കും. വൈരം ധരിക്കുന്നതുമൂലം ഉദ്യോഗസംബന്ധമായ ഉയര്‍ച്ച ഫലം. അത്ഭുതകരമായ പലതരത്തിലുമുള്ള ഫലങ്ങള്‍ ലഭിക്കുവാന്‍ വൈരവും ഇന്ദ്രനീലവും ചേര്‍ന്ന് ധരിക്കുക വളരെ നല്ലതാണ്. അതുപോലെതന്നെ വെള്ളക്കല്ലുകളും ഭാഗ്യദായകമാണീ രാശിക്കാര്‍ക്ക്
കുംഭം :

ശനി അധിപനായുള്ള കുംഭം രാശിക്കാര്‍ പൊതുവേ സ്വാതന്ത്രേച്ഛുക്കളും ഉത്പതിഷ്ണുക്കളുമായിരിക്കും. വൈരവും ഇന്ദ്രനീലവുമാണ് കുംഭരാശിക്കാര്‍ക്ക് ഭാഗ്യരത്നങ്ങള്‍. ഒറ്റനോട്ടത്തില്‍ പൊതുവേ ഇത്തരക്കാര്‍ അഹംഭാവികളാണെന്ന് തോന്നുമെങ്കിലും ശുദ്ധഗതിക്കാരായിരിക്കും. അനുതാപപൂര്‍ണ്ണമായ പെരുമാറ്റവും നയചാതുരതയും കാരണം സാധാരണകാണിക്കുന്ന തലതിരിഞ്ഞസ്വഭാവം വലിയ ദോഷം ചെയ്യാറില്ല.

ഇന്ദ്രനീലത്തില്‍ തന്നെ 'വാട്ടര്‍ബ്ളൂ' നിറമുള്ളവ ധരിക്കുന്നതാണ് ഈ രാശിക്കാര്‍ക്ക് വളരെ ഉത്തമമായുള്ളത്.


മീനം :

പുഷ്യരാഗമാണ് മീനം രാശിക്കാരുടെ ഭാഗ്യരത്നം. ഒന്നിലും പൊതുവേ ആസക്തിയില്ലാത്തവരും അലസജീവികളുമാണ് മീനരാശിക്കാര്‍. പൊതുവേ പാനീയങ്ങളോട് താത്പര്യമുള്ള ഇക്കൂട്ടര്‍ പെട്ടെന്നു വികാരഭരിതാവുകയില്ല.

പെട്ടെന്നു തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടാകുവാനും ശരിയായ വിശകലനശേഷിക്കും ഭാഗ്യരത്നമായ പുഷ്യരാഗം ധരിക്കുന്നത് വളരെ ഉത്തമമാണ്. മുത്തും പവിഴവും ധരിക്കുന്നതും പുഷ്യരാഗം ധരിക്കുന്നതുപോലെ ഉത്തമമാണ്.

ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും



ശനി ദോഷം അഥവാ ശനിബാധ പലരെയും ഒരു പോലെ കുഴയ്ക്കുന്ന ഒന്നാണ്. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും തിരിച്ചടി നേരിടുന്ന ഒരു സമയമാണ് ശനിയുടെ അപഹാര കാലം. ശനിദോഷം. അഷ്ടമശ്ശനി, കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍ ശനി ബാധയേല്ക്കാത്തവര്‍ വിരളമാണ്.എന്നാല്‍ ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. ജ്യോതിഷപ്രകാരം സൂര്യനാണ് പ്രാണന്‍. സൂര്യന്‍ പ്രാണനായി ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിനെ പഞ്ചവായുക്കളാക്കി ശരീരത്തെ നിലനിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും സൂര്യന്‍റെ മകനായ ശനിയാണ്. അതുകൊണ്ടാണ് ശനിയെ ആയുര്‍കാരകനായി കരുതുന്നത്. ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതിനെയാണ് കണ്ടകശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. ശനി 30 കൊല്ലം കൊണ്ട് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നതിനിടയില്‍ 22 1/2 വര്‍ഷം ഗുണവും 7 1/2 വര്‍ഷം ദോഷവും ചെയ്യുന്നു. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം, അനാരോഗ്യം, മന:പ്രയാസം, ദുരിതം, ദാരിദ്യ്രം, പാപം, കഠിനാദ്ധ്വാനം, പാപചിന്ത, മരണാനന്തര കര്‍മ്മങ്ങള്‍, കടം, ദാസ്യം, ബന്ധനം, കാര്‍ഷികായുധങ്ങള്‍ എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. പ്രധാന ശനിദോഷങ്ങള്‍ ഇവയൊക്കെയാണ്‌,

ഏഴരശ്ശനി:

ഓരോരുത്തരുടേയും കൂറിലും കൂറിന്റെ പന്ത്രണ്ട്, രണ്ട് ഭാവങ്ങളിലുമായ് ശനി സഞ്ചരിക്കുന്ന ഏഴര ക്കൊല്ലമാണ് ഏഴരശ്ശനി അഥവാ ഏഴരാണ്ടശ്ശനി എന്നറിയപ്പെടുന്നത്. ശനി പന്ത്രണ്ടിലും രണ്ടിലും നില്ക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുക ജന്മത്തില്‍ (കൂറില്‍) സഞ്ചരിക്കുന്ന രണ്ടരക്കൊല്ലമാണ്. അന്യദേശവാസം, പ്രവൃത്തികളില്‍ ഉദാസീനത, മേലധികാരികളുടെ അതൃപ്തി, സ്ഥാനചലനം, തൊഴില്‍ നഷ്ടം, രോഗം, അപകടങ്ങള്‍, അലച്ചില്‍, ധനനഷ്ടം, ദാരിദ്ര്യം, അപമാനം, നിരാശ, കേസുകള്‍, പോലീസ് നടപടി, ഭയം, തടസ്സങ്ങള്‍ തുടങ്ങി അനുകൂലമല്ലാത്ത ഒട്ടനവധി അനുഭവങ്ങള്‍ ഏഴരശ്ശനിക്കാലത്തു വന്നു ചേരാം. അതേസമയം ജീവിതഗതിയെത്തന്നെ മാറ്റി മറിച്ചേക്കാവുന്ന സംഭവങ്ങളും ഇക്കാലത്തുണ്ടാകും.

ജന്മശ്ശനി:

ഏഴരശ്ശനിയുടെ ഏറ്റവും ദുരിതം പിടിച്ച കാലം ജന്മശ്ശനിയുടെ സമയമാണ്. വേണ്ടപ്പെട്ടവരുടെ വേര്‍പാട്, രോഗദുരിതങ്ങള്‍, അകാരണ ഭയം, ഏകാന്തവാസം, അലച്ചില്‍, വിഷപീഡ, ആത്മഹത്യാപ്രവണത തുടങ്ങി അനേകപ്രകാരത്തിലുള്ള പ്രതികൂലാനുഭവങ്ങള്‍ നേരിടേണ്ടിവരും. കരുത്തുറ്റ യുവത്വത്തിന് ഇവയെ കുറെയൊക്കെ അതിജീവിക്കാനാകും. പ്രായമായവരെ സംബന്ധിച്ചിടത്തോളം ഇക്കാലം വളരെ മോശമാണ്.

കണ്ടകശ്ശനി:

കൂറിന്റെ കേന്ദ്ര (4-7-10) ഭാവങ്ങളില്‍ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശ്ശനി എന്നറിയപ്പെടുന്നത്. ‘കണ്ടകന്‍ കൊണ്ടേ പോകൂ’ എന്നൊരു ചൊല്ല് പ്രചാരത്തിലുണ്ട്. പല വിധത്തിലുള്ള കഷ്ടപ്പാടുകള്‍ വന്നുചേരും. രോഗം, ധനനഷ്ടം, ശസ്ത്രക്രിയ, മാനഹാനി മുതലായവ പ്രതീക്ഷിക്കാം.

നാലില്‍ ശനി:

 നാലില്‍ ശനി നില്ക്കുമ്പോള്‍ കുടുംബപരമായ ബുദ്ധിമുട്ടുകളാണ് പ്രധാനം. കുടുംബകലഹം, ബന്ധുജന വിരോധം, അന്യദേശവാസം, ഗൃഹനിര്‍മ്മാണം, അതുമായി ബന്ധപ്പെട്ട മനോവിഷമങ്ങള്‍, മാതാപിതാക്കള്‍ക്ക് ദുരിതം, ധനനഷ്ടം തുടങ്ങിയവ ഇക്കാലത്തുണ്ടാകും. കൂടാതെ വസ്തുവകകള്‍ക്ക് നാശം, ഉപകരണങ്ങള്‍ക്കു കേടുപാടു സംഭവിക്കല്‍, വാഹനദുരിതം, വീടു വില്ക്കല്‍, കുടുംബക്ഷേത്രത്തിന് അധഃപതനം മുതലായവയും സംഭവിക്കാം.
ഏഴില്‍ ശനി: ഏഴില്‍ ശനി നില്ക്കുമ്പോള്‍ ഭാര്യാഭര്‍ത്തൃബന്ധത്തിനും മറ്റു ബന്ധങ്ങള്‍ക്കും ഉലച്ചില്‍ തട്ടാം. ഭാര്യക്കോ ഭര്‍ത്താവിനോ രോഗം, ശസ്ത്രക്രിയ, അപവാദം കേള്‍ക്കല്‍, വിദേശയാത്ര, ധനനാശം മുതലായവ ഇക്കാലത്തുണ്ടാകാനാണ് സാദ്ധ്യത.
പത്തില്‍ ശനി: പത്തില്‍ ശനി നില്ക്കുമ്പോള്‍ തൊഴില്‍ രംഗത്തുള്ള കുഴപ്പങ്ങളായിരിക്കും കൂടുതല്‍ വിഷമിപ്പിക്കുക. തൊഴില്‍ നഷ്ടം, ദൂരദേശവാസം, ധനനഷ്ടം, കര്‍മ്മതടസ്സം തുടങ്ങിയ ദുരനുഭവങ്ങളും ഉണ്ടാകും.

അഷ്ടമശ്ശനി:

എട്ടില്‍ ശനി സഞ്ചരിക്കുന്ന കാലവും വളരെ കഷ്ടതകള്‍ നിറഞ്ഞതാണ്. സാമ്പത്തിക ബാദ്ധ്യതകള്‍, ബന്ധുജനവിരോധം, ഇടപെടുന്ന കാര്യങ്ങളിലൊക്കെ പരാജയം, പുത്രദുഃഖം എന്നിങ്ങനെ ഏതെല്ലാം തരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാകാമോ അതൊക്കെ പ്രതീക്ഷിക്കണം. അഷ്ടമം ആയുര്‍സ്ഥാനമാണെന്നു കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.
മകരം, കുംഭം, തുലാം ലഗ്നക്കാരെയും കൂറുകാരെയും ശനിദോഷങ്ങള്‍ വല്ലതെ വിഷമിപ്പിക്കില്ലെങ്കിലും ദോഷാനുഭവങ്ങളില്‍ നിന്ന് അവര്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടാറില്ല. സൂര്യന്റെ യോഗമോ വീക്ഷണമോ ഉള്ള ശനിയും ഏറെ കഷ്ടപ്പെടുത്തില്ല.

ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും

ശനിയുടെ ദേവനായ ധര്‍മ ശാസ്താവിനെ മനസറിഞ്ഞ് ധ്യാനിക്കുക മാത്രമാണ് ദോഷ പരിഹാരത്തിനുള്ള ഏക പോംവഴി. ശനിയാഴ്ച ദിവസങ്ങളില്‍ ഉപവാസ വ്രതാനുഷ്ഠാനങ്ങളോടെ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക, ധ്യാനമന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയവ നല്ലതാണ്‌. നീരാജനം വഴിപാട്‌ ശാസ്താവിന്‌ പ്രിയമാണ്‌. അതായത്‌ ശാസ്താവിനുമുന്നില്‍ നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ ഈ വഴിപാട്‌. എള്ളെണ്ണയുടെയും എള്ളിന്റേയും കാരകനാണ്‌ ശനിഭഗവാന്‍.

ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവം, തുലാം, മിഥുനം ലഗ്നങ്ങളില്‍ ജനിച്ചവരും ശാസ്താഭജനം ചെയ്യുന്നത്‌ ഭാഗ്യപുഷ്ടിക്കും ദുരിതശാന്തിക്കും ഉത്തമം.

ശനി ദോഷം അഥവാ ശനിബാധ ശനി ഏഴാം സ്ഥാനവുമായി ദൃഷ്ടി യോഗത്താണെങ്കില്‍ വിവാഹത്തിനു കാലതാമസം നേരിടാം. ഇതിന്‌ ശാസ്താക്ഷേത്രങ്ങളില്‍ പതിനെട്ട്‌, ഇരുപത്തിയൊന്ന്‌, നാല്‍പത്തിയൊന്ന്‌ ശനിയാഴ്ചകള്‍ മുടങ്ങാതെ ദോഷകാഠിന്യമനുസരിച്ച്‌ മനംനൊന്തു പ്രാര്‍ത്ഥിച്ച്‌ ദര്‍ശനം നടത്തണം. സമാപന ശനിയാഴ്ച ശാസ്താപൂജയും സ്വയംവര പൂജയും ചെയ്യുക. അങ്ങനെയുള്ളവര്‍ വിവാഹശേഷവും ഭാര്യാ-ഭര്‍ത്തൃസമേതം ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുന്നതുത്തമമാണ്‌.

ഭൂതനാഥ സദാനന്ദ സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേതുഭ്യം നമോനമഃ
ഭൂതനാഥമഹം വന്ദേസര്‍വ്വലോകഹിതേ രതം
കൃപാനിധേ സദാസ്മാകം ഗ്രഹപീഡാം സമാഹര


അലമാരകള്‍ എവിടെ വേണം?


വീട്ടില്‍ അലമാരകള്‍ എവിടെ വേണമെങ്കിലും വയ്ക്കാന്‍ സാധിക്കുമോ? വാസ്തു ശാസ്ത്ര വിദഗധര്‍ പറയുന്നത് അലമാരകള്‍ക്കും മുറികള്‍ക്കുള്ളില്‍ സാധനങ്ങള്‍ വയ്ക്കാനായി കെട്ടുന്ന കോണ്‍ക്രീറ്റ് തട്ടുകള്‍ക്കുമെല്ലാം പ്രത്യേക സ്ഥാനമുണ്ടെന്നാണ്.

ഇഷ്ടാനുസരണം വീടിനുള്ളില്‍ അലമാരകളും ഷെല്‍ഫുകളും സ്ഥാപിച്ചാല്‍ അത് കുടുംബത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും കുടുംബഭാരം വര്‍ദ്ധിപ്പിക്കും എന്നുമാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. വീടിനുള്ളില്‍ സാധനങ്ങള്‍ ചിട്ടയായി ക്രമീകരിക്കുന്നതിന് നിദ്ദേശം പാലിക്കുന്നത് സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു,

മുറികളുടെ വടക്ക് കിഴക്ക് ഭിത്തിയില്‍ തട്ടുകളോ ഷെല്‍ഫുകളോ നിര്‍മ്മിക്കരുത്. അലമാരകളും ഷെല്‍ഫുകളും തട്ടുകളും മറ്റും തെക്കു പടിഞ്ഞാറ് മൂലകളില്‍ വരുന്നതാണ് ഉത്തമം. വേണമെങ്കില്‍ അവ കിഴക്ക് ദിക്കിലും തെക്ക് ദിക്കിലും നിര്‍മ്മിക്കാമെന്ന് മാത്രം.

വീടിന്റെ വടക്ക് കിഴക്ക് ദിക്കില്‍ അലമാരകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആ ഭാഗത്ത് ഭാരം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടാവുമെന്നും അതുവഴി വീടിന്റെ ഐശ്വര്യം നശിക്കുമെന്നുമാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം.

കേരളീയ ക്ഷേത്രാചാരങ്ങള്‍


ക്ഷേത്രം മനുഷ്യശരീരത്തിന്‍റെ തന്നെ പ്രതീകമാണെന്നാണ് വിശ്വാസം. കേരളീയ ക്ഷേത്രങ്ങളില്‍ അകത്തെ ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പുറത്തെ പ്രദക്ഷിണവഴി, പുറം മതില്‍ എന്നിങ്ങനെ അഞ്ചു പ്രകാരങ്ങളുണ്ടാവും. 

ദേവന്‍റെ സ്ഥൂലശരീരത്തെയാണ് ക്ഷേത്ര ശില്‍പ്പം പ്രതിനിധാനം ചെയ്യുന്നത്. ശ്രീകോവിലിനുള്ളിലുള്ള ദേവ പ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാധാര പ്രതിഷ്ഠയും ദേവന്‍റെ സൂക്ഷ്മശരീരത്തെ സൂചിപ്പിക്കുന്നവയാണ്. സാധാരണ ഒരു ക്ഷേത്രത്തില്‍ ഉഷപൂജ , ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചു പൂജകളാണുണ്ടാവുക. 

ബ്രാഹ്മമ മുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷത്തോടും കൂടി പള്ളിയുണര്‍ത്തുമ്പോള്‍ ക്ഷേത്രത്തില്‍ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേല്‍ശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചു തളിച്ച്, തിരുനടയില്‍ വന്ന് അഭിവാദ്യം ചെയ്തും മണിയടിച്ച് നട തുറക്കുന്നു. 

അകത്തു കടന്നാല്‍ മേല്‍ശാന്തി ആദ്യം വിളക്കു തെളിയിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷᅲങ്ങളും മാറുന്നു. വിഗ്രഹത്തില്‍ നിന്നും ഇവ മാറ്റുന്നതിനു മുമ്പു നടത്തുന്ന ദര്‍ശനത്തിന് നിര്‍മ്മാല്യ ദര്‍ശനം എന്നാണ് പറയുന്നത്. നിര്‍മ്മാല്യ ദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു.

നിര്‍മ്മാല്യം മാറ്റിയതിനു ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചു കുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും ഏത്യത്തപൂജയും കഴിഞ്ഞാല്‍ ശീവേലി എന്ന ചടങ്ങു നടക്കുന്നു. ദേവന്‍റെ പാര്‍ഷദന്‍മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടു കൂടി രാവിലത്തെ പൂജകള്‍ അവസാനിക്കുന്നു.

പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യനവകവും അഞ്ചു പൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. നവകമെന്നത് ഒരു മന്ത്രമാണ്. ഒന്‍പത് സംഖ്യയുടെ കൂട്ടമെന്നാണിതിന്‍റെ അര്‍ഥം.
പിന്നെ ഉച്ചപൂജ. അതിനു ശേഷം ഉച്ചശീവേലിയോടു കൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകള്‍ സമാപിക്കുന്നു. 

വൈകുന്നേരം അഞ്ചു മണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകള്‍ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യക്ക് ശിവക്ഷേത്രങ്ങളില്‍ പ്രദോഷ പൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റു ദിവസങ്ങളില്‍ സന്ധ്യയ്ക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കു ശേഷം അത്താഴപൂജയും അതു കഴിഞ്ഞാല്‍ അത്താഴ ശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരു ദിവസത്തെ പൂജാക്രമം അവസാനിക്കുന്നു.


കാളിയൂട്ട്


കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴിച്ച നാളിൽ നടക്കുന്ന ഒരു അനുഷ്ഠാനകലയാണ് കാളിയൂട്ട്, കാളിനാടകം എന്നും പറയാറുണ്ട്. . കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഇതിന്റെ ഇതിവൃത്തം. കാളിയൂട്ട് മഹോത്സവമായി ആഘോഷിക്കുന്നു.


ഐതിഹ്യം


കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച ശാർക്കര ക്ഷേത്രത്തിൽ നടക്കുന്ന പ്രധാനപ്പെട്ട ഒരു ഉത്സവം ആണ് കാളിയൂട്ട്. ജനങ്ങൾക്ക്‌ ദുരിതങ്ങൾ സമ്മാനിച്ച്‌ ജനങ്ങളെ പൊരുതി മുട്ടിച്ചു കൊണ്ടിരുന്ന ധരുകനേ നിഗ്രഹിച്ച്, ജനങ്ങൾക്ക്‌ സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യുന്നതാണ് ഇതിന്റെ പൊരുൾ.


ചരിത്രം


തിരുവിതാംകൂർ ഭരണാധികാരി ആയിരുന്ന മാർത്താണ്ഡ വർമ്മ മഹാരാജാവ്, കായംകുളം രാജാവും ആയി യുദ്ധത്തിനു പുറപ്പെടും മുൻപ് ശർക്കര ക്ഷേത്രത്തിൽ വെച്ച് നേർച്ച ആയി നടത്താമെന്ന് ഏറ്റു പറഞ്ഞു തുടങ്ങിയതാണ് കാളിയൂട്ട്[. ആ യുദ്ധത്തിൽ ജയിച്ച് കായംകുളം കൂടി തിരുവിതംകൂറിനോട് ചേർത്തതിനു ശേഷം വർഷാവർഷം നടത്തി വരുന്ന ഒരു ഉത്സവമാണ് കാളിയുട്ട്.


ചടങ്ങുകൾ


കാളിയുട്ടിനു തലേദിവസം ധരുകനേ അനേഷിച്ചു ദേവി എല്ലകരകളിലും പോകുന്ന ചടങ്ങാണ് "മുടിയുഴിച്ചിൽ "എന്ന് അറിയപെടുന്നത്. അന്ന് ധരുകനേ നിലത്തിൽ പോരിനു വെല്ലുവിളികുകയും അതു അനുസരിച്ച് പിറ്റേന്ന് വെള്ളിയാഴിച്ച ശാര്കര മൈതാനത്ത് നിലത്തിൽ പോര് നടത്തുകയും അവസാനം പ്രതീകാത്മകമായി കുലവാഴയും കുംബളവും വെട്ടി വിജയാഹ്ലാധതോടെയ് നൃത്തം ചവുട്ടി ഈ സന്തോഷ വർത്തമാനം പരമശിവനെ അറിയിക്കാൻ കൈലാസത്തിലേക്ക് പോയി അവിടെ വെച്ച് ആനന്ത നൃത്തം ചവുട്ടി തീരുന്നതാണ് സങ്കൽപം.
ഒൻപതു ദിവസത്തെ ആചാരനുഷ്ടനഗലോടെയ് അതിയാധികം ആർഭാടമായാണ് ഇന്നും കാളിയൂട്ട് നടത്തുന്നത്. മതമൈത്രിക്കു ഒരു മഹുതോധഹരണം ആണ് ശ്രീ ശാർക്കരദേവീ ക്ഷേത്രം. മുടിയുഴിച്ചിൽ ദിവസം നാട്ടുകാർ ദേവിക്ക് അർപ്പിക്കുന്ന നെൽപ്പറ ശേഖരിക്കുന്നതിനുള്ള അവകാശം ഇന്നും ഒരു മുസ്ലിം കുടുംബത്തിനാണ്‌. അതുപോലെ മീനമാസത്തിലേ ഭരണി നാളിൽ നടക്കുന്ന ഗരുഡൻ തുകത്തിനു വില്ല് വലിക്കാൻ ഉപയോഗിക്കുന്ന കയർ നൽകുവാനുള്ള അവകാശം ഇപ്പോഴും ഒരു ക്രിസ്ത്യൻ കുടുംബത്തിനാണ്‌


Saturday 28 July 2012

ശിവാക്ഷരമാല


ശംഭോമഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം

അമ്പിനോടെന്നുടെ മുമ്പില്‍ വിളങ്ങണം
കുംഭീ മുഖഹരേ പാലയ മാം

ആരാഞ്ഞു വന്നിങ്ങു സേവിക്കൊന്നുര്‍ക്കെല്ലാ-
മായുസ്സു നല്‍കീടും വിശ്വനാഥന്‍

ഇക്കണ്ടാവര്‍ക്കെല്ലമീശനായ് പാലിപ്പാ-
നീശ നീയെന്നിയെ മറ്റാരുള്ളു?

ഈരെഴുലകിന്നു വേരായ് മരുവുന്ന
പാര്‍വതീവല്ലഭ പാലയ മാം.

ഉണ്ടൊരു സങ്കടമേന്നുള്ളിലെപ്പോഴും
ഗൌരീശ ശങ്കര പാലയ മാം

ഊനങ്ങള്‍ കൂടാതെ വന്നിടും മൃത്യുക്കള്‍
പാരാതോഴിക്കുന്നു നീലകണ്ഠന്‍

ഏറണാകുളം തന്നില്‍ വാണരുളീടുന്ന
ഗംഗാധര ജയ പാലയ മാം

ഏതൊരു കാര്യം തുടര്‍ന്നതിനെപ്പോഴും
മറ്റും തുണ പോറ്റി തമ്പുരാനെ

ഐവര്‍ക്കു വന്നതാം സങ്കടം പോക്കുവാന്‍
വേദരൂപം പൂണ്ട വിശ്വനാഥ

ഒരുമയായുള്ള ജലധാരയ്ക്കിന്നിപ്പോ-
ളുപമയായ്‌ ചൊല്ലുവാന്‍ മറ്റൊന്നുണ്ടോ

ഓരോതെയുള്ളോരുദരസന്താപത്തെ
നാശം വരുത്തുക വിശ്വനാഥ

ഔഷധമായുള്ള ധാരയെയെല്‍ക്കുവാന്‍
യുഷ്മല്‍കൃപ വന്നുദിച്ചിടെണം

അഞ്ചു സ്വയംഭൂനും വെവ്വേറെ കൂപ്പുവാ-
നയ്യോയെനിക്കു വരം തരേണം

അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
തുമ്പയും ചാമ്പലും ഭംഗിയോടെ

ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം

രാമായണം

രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനര്‍ത്ഥം. വാൽമീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്‍മീകീ രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്.

ബാലകാണ്ഡത്തിലെ പുത്രലാഭ ആലോചനാ മുതല്‍ പുത്രകാമേഷ്ടി വരെയും കൌസല്യാ സ്തുതിയും വായിക്കുന്നത്‌ ഫലപ്രാപ്തിക്ക്‌ ഇടനല്‍കും (സന്താന ഭാഗ്യത്തിനു)

ബാലകാണ്ഡത്തിലെ ശ്രീരാമാവതാരം വായിക്കണം (സുഖപ്രസവത്തിനും ബാലപീഡകള്‍ ഇല്ലാതാവുന്നതിനും)

ബാലകാണ്ഡത്തിലെ ബാല്യവും കൌമാരവും എന്ന ഭാഗം പാരായണം ചെയ്യണം (കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌)

ബാലകാണ്ഡത്തിലെ അഹല്യാമോക്ഷം പാരായണം ചെയ്യണം (പാപശന്തിക്ക്‌)

കിഷ്കിന്ധാകാണ്ഡത്തിലെ സ്വയംപ്രഭാ ഗതി പാരായണം ചെയ്യണം (ദുരിതശാന്തിക്ക്‌)

ആരണ്യകാണ്ഡത്തിലെ കബന്ധസ്തുതി പാരായണം ചെയ്യണം (രോഗശാന്തിക്ക്‌)

ബാലകാണ്ഡത്തിലെ സീതാസ്വയം വരം പാരായണം ചെയ്യണം (പ്രേമസാഫല്യത്തിനും ദാമ്പത്യ ഭദ്രതക്കും മംഗല്യദോഷത്തിനും)

യുദ്ധകാണ്ഡത്തിലെ ഔഷധാഹരണം പാരായണം ചെയ്യണം (ആയൂരാരോഗ്യത്തിനു)

ആരണ്യകാണ്ഡത്തിലെ ജടായു സ്തുതി പാരായണം ചെയ്യണം (ധനാഭിവൃദ്ധിക്ക്‌)


രാമായണം മുഴുവന്‍ പാരായണം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക്‌ സുന്ദരകാണ്ഡം മാത്രം വായിച്ചാല്‍ മതിയാകും.


നിലവിളക്കിന്‍റെ ഐശ്വര്യ മാഹാത്മ്യം

പ്രഭാതത്തിലും സന്ധ്യനേരത്തും വീടുകളില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കുന്നത് ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്. ക്ഷേത്രങ്ങളിലും ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് നിലവിളക്ക് എന്ന പേര് വന്നത്. ക്ഷേത്രത്തിന് വീടെന്നും അര്‍ത്ഥമുള്ളതിനാല്‍ ദേവാരാധനയ്ക്കായി സന്ധ്യാജപം വേണം. ദേവാരാധനയില്‍ അവശ്യം വേണ്ട പഞ്ചഭൂത സങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം-ചന്ദനാദികള്‍ (പൃഥ്വി) എന്നിവ വീട്ടിലെ അനുഷ്ഠാനങ്ങളില്‍ നിര്‍ബന്ധമാണ്. ഇതില്‍ പ്രധാനമായ നിലവിളക്ക് പ്രഭാത സന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതിവരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമാകയാല്‍ ഭദ്രദീപമായി. അതിനു ദിവസവും നിര്‍മ്മാല്യവും വിധിയുണ്ട്. വിളക്ക്, ശംഖ്, പൂജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താണ്ടില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിന് മുകളില്‍ പ്രതിഷ്ഠിക്കണം. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും. കഴുകി മിനുക്കിയതിനുശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും നെറ്റിയിലും ആദ്യം ഭസ്മം കൊണ്ട് മൂന്നു വരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ട് ഒരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം. നിലവിളക്കിന്റെ ശിരോഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കും പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമാണ്. ശനിദോഷമകറ്റാനും പിതൃപ്രീതിക്കായി എണ്ണെണ്ണയാണുത്തമം. ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടുതിരി ധനവൃദ്ധിയും മൂന്നു തിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. രണ്ടു തിരിയിട്ടു ഒരു ജ്വാല വരത്തക്കവണ്ണം പ്രഭാതസന്ധ്യയിലും നാലു തിരിയിട്ട് രണ്ടു ജ്വാലവരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തിവരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമേ വടക്കുകിഴക്കേ മൂലയിലേക്കും ജ്വാലവരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കില്‍ നിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമത്തിന് കൊളുത്തി ഏറ്റവും അവസാനം തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പുറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം നാമം ജപിക്കുന്നതും ഉത്തമമാണ്. നിലവിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ ചെയ്യരുത്. എണ്ണ മുഴുവന്‍ പറ്റി കരിന്തിരി കത്താതെ നിലവിളക്ക് അണയ്ക്കണം. കരിന്തിരി കത്തുന്നത് ലക്ഷണക്കേടാണ്. വിളക്കണയ്ക്കാന്‍ കിണ്ടിയിലെ പുഷ്പങ്ങള്‍ ഉപയോഗിക്കാം. ഊതി അണയ്ക്കുന്നതും കൈകൊണ്ട് തട്ടി അണയ്ക്കുന്നതും നിലവിളക്കിനെ നിന്ദിക്കലാണ്. നാരായണ ജപത്തോടെ വേണം നിലവിളക്ക് അണയ്‌ക്കേണ്ടത്. സ്ത്രീകള്‍ അല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും പറയുന്നു. എല്ലാ മതക്കാരും നിലവിളക്കിന് അതിന്റേതായ പ്രധാന്യം നല്‍കുന്നുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിലും നിലവിളക്ക് കൊളുത്തുന്നുണ്ട്. അതുപോലെ ഏതു മംഗളമുഹൂര്‍ത്തത്തിലും നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. നിലവിളക്ക് എപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കണം. അതുപോലെ കുടുംബിനികളെ നിലവിളക്കിനോട് ഉപമിക്കാറുണ്ട്. നിലവിളക്കിന് അഞ്ച് മുഖങ്ങള്‍ ഉണ്ട്. കുടുംബിനികള്‍ക്ക് ഉണ്ടായിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ ഇവയാണ്.സ്‌നേഹം, സമചിത്തത, സഹനശക്തി, മനോബലം, ക്ഷമ. നിലവിളക്ക് സാംസ്കാരികമായ മാനം മാത്രമല്ല അതിന് വിശ്വാസപരമായ ഒരു മാനം കൂടിയുണ്ട്. ഹിന്ദു മതസിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവന്‍) ഐക്യത്തിന്റെ പ്രതീകമാണ്. നിലവിളക്ക് കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ ഒരു മുസ്ലീംപള്ളിയാണ് ചേരമാന്‍ പള്ളി. പള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്‍കുകയും ചെയ്യുന്നു. കൊടുങ്ങല്ലൂരിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. അതുപോലെ ക്രിസ്ത്യാനികളുടെ മാര്‍ഗ്ഗംകളിയില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. ക്രിസ്തുദേവന്റെ സങ്കല്പത്തില്‍ ആണിത്. വാസ്തുവിധി പ്രകാരം ഓരോ ഗൃഹത്തിലും അഭിവൃദ്ധിയും ഐശ്വര്യവും പകര്‍ന്നു നല്‍കുന്നതില്‍ ദീപങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അഗ്നിയെ പ്രീതിപ്പെടുത്താനായി വീടിന്റെ തെക്കുകിഴക്കേ മൂലയില്‍ ദീപം സ്ഥാപിക്കണമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. വിളക്കിന്‍റെ തിരി മേല്‍ക്കൂരയ്ക്ക് അഭിമുഖമായി എരിയണം. കുളിച്ച് ഈറന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് പതിവായി വിളക്ക് കൊളുത്തേണ്ടത്. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നുള്ള നാമം ചൊല്ലല്‍ നടത്തുന്നത് പണ്ടുകാലത്ത് കൂട്ടുകുടുംബങ്ങളിലെ പ്രത്യേകതയായിരുന്നു. ദീപനാളം ഈശ്വരചൈതന്യത്തിന്‍റെ പ്രതീകമാണെന്നാണ് സങ്കല്പം. എല്ലാവിധമായ മംഗളമുഹൂര്‍ത്തത്തിലും നിലവിളക്ക് കത്തിച്ചുവയ്ക്കുന്നു. നിലവിളക്കുകള്‍ കത്തിച്ചുവയ്ക്കുന്നത് ഐശ്വര്യദായകമാണ്.

Tuesday 24 July 2012

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു;
“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “
ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.
ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.
കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.
മൂന്നു കോടി നാമം ജപിക്കുന്ന ആള്‍ക്ക് രോഗപീഡ ഉണ്ടാവില്ല. നാല് കോടി നാമം ജപിക്കുന്ന ആളിന് ദാരിദ്ര മുക്തി നേടാനാവും. അഞ്ചു കോടി നാമം ജപിക്കുന്ന ആള്‍ക്ക് അയാള്‍ ജ്ഞാനിയായി തീരും. ആറ് കോടി നാമം ജപിച്ചാല്‍ മനസ്സ് ശത്രു വിമുക്തമാവും (അനാവശ്യ ചിന്തകള്‍ അലട്ടാതിരിക്കും). ഏഴ് കോടി നാമം ജപിച്ചാല്‍ ആദ്ധ്യാത്മികമായി ഏറെ ഉയരെ എത്തുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ഒമ്പത് കോടി നാമം ജപിച്ചാല്‍ പവിത്രമായ മരണം സംഭവ്യമാവും പത്ത് കോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ ഭഗവല്‍ ദര്‍ശനമുണ്ടാവും എന്നും മുനിവര്യന്‍‌മാര്‍ ഉപദേശിക്കുന്നു.
നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു......

ഭദ്രകാളി ഭക്തര്‍ക്ക്‌ നിത്യജപത്തിനുള്ള മന്ത്രം.

ധ്യാനം

അഞ്ജനാചലനിഭാ ത്രിലോചനാ
സേന്ദുഖണ്ഡവിലസത് കപര്‍ദ്ദികാ
രക്തപട്ടപരിധായിനീ ചതു-
ശ്ചാരുദംഷ്ട്രപരിശോഭിതാനനാ
ഹാരനൂപുരമഹാര്‍ഹകുണ്ഡലാ-
ദ്വുജ്വലാ ഘുസൃണരജ്ഞിതസ്തനാ
പ്രതരൂഢഗുണസത് കപാലിനീ
ഖഡ്ഗചര്‍മ്മവിധൃതാസ്തു ഭൈരവീ.

ഈശ്വര ഋഷി:
പംക്തി ഛന്ദ:
ശക്തിഭൈരവീദേവതാ

ഓം ഐം ക്ലീം സൌ: ഹ്രീം ഭദ്രള്യൈ നമ:

ഷഷ്ഠിപൂര്‍ത്തിയുടെ പ്രാധാന്യം, ശതാഭിഷേകം

മനുഷ്യായുസ്സ് നൂറ്റിയിരുപതെന്ന് കണക്കാക്കിയിരുന്ന കാലത്ത് അറുപത് ഒരിടവേളയെ ഓര്‍മ്മിപ്പിക്കുന്നു. അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ജനനത്തെ ഓര്‍മ്മിക്കുന്നതുപോലെ വരാനുള്ള മരണത്തെകുറിച്ച് ഓര്‍ക്കാനുള്ള ഒരവസരവും. എന്നാല്‍ ജനനസമയത്ത് സംഭവിച്ചതുപോലെതന്നെ ജ്യോതിര്‍ ഗൃഹനില ഉണ്ടാവുകയെന്ന സ്ഥിതിവിശേഷം കൂടിയുണ്ട്. മനസ്സിനെ ഏകാഗ്രതയിലും ആത്മാവിലും ഉറപ്പിച്ചുനിര്‍ത്തി ശിഷ്ടകാലം ജ്ഞാനലബ്ധിയുടെ മോക്ഷദായകമായി മുന്നോട്ടു പോകാനും കഴിയുന്നു.

അറുപതുപോലെ എഴുപതും എണ്‍പതും തൊണ്ണൂറുമൊക്കെ ചിലര്‍ക്ക് കിട്ടിയെന്നുവരാം. എണ്‍പത്തിനാലില്‍ ശതാഭിഷേകം ആചരിക്കുന്നു. നൂറ് ശരത് ഋതുക്കള്‍ കടന്നുപോകുന്ന അസുലഭ സന്ദര്‍ഭം. ഒരു മനുഷ്യന്‍ ആയിരം പൌര്‍ണ്ണമികള്‍ പൂര്‍ത്തിയാക്കുന്ന കാലം. എണ്‍പത്തിമൂന്നു വയസ്സ് തികഞ്ഞ് പിന്നെയും മൂന്നരമാസം കഴിയുമ്പോള്‍ ശതാഭിഷേകമായി.

ശ്രീ നാരായണ ഗുരു

കേരളത്തില്‍ ആദ്ധ്യാത്മിക, സാമൂഹിക നവോത്ഥാനത്തില്‍ പ്രധാന പങ്ക്‌ വഹിച്ച മഹായോഗിയും, മഹാഗുരുവും, സാമൂഹ്യ പരിഷ്കര്‍ത്താവുമാണ്‌ ശ്രീ നാരായണ ഗുരു .

."ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌' എന്ന നാരായണഗുരു വാക്യമാണ്‌ പ്രസിദ്ധമെങ്കിലും, അദ്ധ്യാത്മിക സത്യത്തിന്‍െറ താക്കോലുകളായ അനേകം മൊഴികള്‍ അദ്ദേഹത്തിന്‍േറതായിട്ടുണ്ട്‌.

സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്ന നിലയില്‍ അദ്ദേഹത്തെ ഇനിയും അറിയാന്‍ ബാക്കിയുണ്ട്‌. കേരള സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌ .

.ആഗസ്ത് ‌20ന്‌ തിരുവനന്തപുരത്ത്‌ ചെമ്പഴന്തിയില്‍ ആണ്‌ ചിങ്ങത്തിലെ ചതയം നാളില്‍ ആണ് ഗുരു ജനിച്ചത്‌.


വഴിപാടുകള്‍

വഴിപാടുകളില്‍ മുഖ്യമായത് കാണിക്കയാണ്. കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ കൊടിമരച്ചുവട്ടിലാണ് കാണിക്കയര്‍പ്പിക്കേണ്ടത്. കൊടിമരമില്ലാത്ത ക്ഷേത്രത്തില്‍, ക്ഷേത്രത്തിനുള്ളില്ലേക്കുകടക്കുന്ന വാതിലിന്ടെ പടിയില്‍ കാണിക്കയര്‍പ്പിക്കണം.കാണിക്കയര്‍പ്പിക്കുന്നതിലൂടെ ഭക്തന്‍ ഭൌതികജീവിതമോഹം വെടിയുകയും അതിലൂടെ ദേവദര്‍ശനത്തിന് അനുമതി നേടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. കാണിക്ക കഴിഞ്ഞാല്‍ വിളക്ക് (എണ്ണ നല്‍കല്‍), മാല, പുഷ്പാഞ്ജലി (അര്‍ച്ചന), അഭിഷേകം, പായസം എന്നിവയാണ് പൊതുവേയുള്ള വഴിപാടുകള്‍.

എന്നാല്‍ ശിവന് പുറകില്‍ വിളക്കും ഭസ്മം, ജലം, ക്ഷീരം എന്നിവകൊണ്ടുള്ള ധാരയും പ്രത്യേക വഴിപാടുകളാണ്. ഗണപതിക്ക്‌ ഒറ്റയപ്പവും മോദകവും മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും പാല്‍പ്പായസവും വിശിഷ്ട വഴിപാടുകളാണ്. ദേവിക്ക് കൂട്ടുപായസവും സുബ്രഹ്മണ്യന് പഞ്ചാമൃതവും വിശേഷാല്‍ വഴിപാടുകളാണ്. ശാസ്താവിന് നീരാജനം പ്രത്യേക വഴിപാടായി കഴിക്കുന്നു. മഹാവിഷ്ണുവിന് കളഭം, പാല് ഇവകൊണ്ടും മുരുകന് പഞ്ചാമൃതം, പനിനീര്‍ ഇവകൊണ്ടുമുള്ള ധാരയും വിശേഷമാണ് .

വഴിപാടുകള്‍ കഴിക്കുന്നത്‌ ദേവപ്രീതിക്കും അതുവഴി ആയുരാരോഗ്യവര്‍ധനയ്ക്കും ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും അതുപോലെയുള്ള മറ്റു ഫലങ്ങള്‍ക്കുമാണ്.

യഥാശക്തി വഴിപാട് എന്നാണു പ്രമാണം. അത് കാണിക്ക, വിളക്ക്, മാല തുടങ്ങിയവായില്‍ ഒതുങ്ങുന്നു. എന്നാല്‍ കാലദോഷമകറ്റുന്നതിനും മറ്റുമായി ജ്യോതിഷപണ്ഡിതന്മാര്‍ വിശേഷാല്‍ വഴിപാടുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അവ അതതുകാലങ്ങളില്‍ മാത്രം കഴിച്ചാല്‍ മതിയാകും.

അദ്വൈത സിദ്ധാന്തം

വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.

വേദാന്തത്തിന്റെ എല്ലാ ദർശനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് പ്രസ്ഥാനത്രയിയാണ്. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സം‌യോജിപ്പിച്ച ആദ്യ വ്യക്തി ആദി ശങ്കരനാണ്. എന്നാൽ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്.

അദ്വൈതം വിശിഷ്ടാദ്വൈതവും ഒഴികെയുള്ള എല്ലാ സിദ്ധാന്തങ്ങളും ദ്വൈതമാണ്. ദ്വൈത സിദ്ധാന്തമനുസരിച്ച്‌ ദൈവം എന്ന ഒരു സ്രഷ്ടാവും സൃഷ്ടി എന്ന ഒരു ലോകവും ഉണ്ട്‌. സ്രഷ്ടാവ്‌ സൃഷ്ടിച്ചതിനാൽ ഇവ തമ്മിൽ സൃഷ്ടിക്കുക എന്ന പ്രക്രിയയിലൂടെ ഒരു കാര്യ കാരണ ബന്ധവുമുണ്ട്‌. ദൈവവും സത്യമാണ്‌, ലോകവും സത്യമാണ്‌. ഈ കാര്യകാരണ ബന്ധത്തെ അദ്വൈതം അംഗീകരിക്കുന്നില്ല. സത്യം എന്ന വാക്കിന്‌ തത്ത്വികമായി മൂന്നു കാലങ്ങളിലും മാറാതെ നിൽക്കുന്നത്‌ എന്നു കൂടി അർത്ഥമുണ്ട്‌. മാറ്റം എന്നത് മുമ്പത്തെ അവസ്ഥയുടെ മരണവും ഇപ്പോഴത്തെ അവസ്ഥയുടെ ജനവുമാണ്. അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമേ ജനന മരണത്തിന്ന് അതീത്മായിരിക്കൂ. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത്‌ ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്‌. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം.

കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. അതേ സമയം കയറിന്റെ സ്ഥാനത്ത് പാമ്പിനെ കണ്ടു കൊണ്ടിരുന്ന സമയമത്രയും അതു പാമ്പു തന്നെയാണ് എന്ന വിശ്വാസം എല്ലാ അർത്ഥത്തിലും രൂഢമൂലമായിരുന്നു താനും. ഇതാണ് ശ്രീ ശങ്കരന്റെ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണം. ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ്‌ ബ്രഹ്മം, ആത്മാവ്‌.

തത്വമസി എന്ന വേദ വാക്യത്തിലൂടെ തത്‌ എന്ന നീയും ത്വം എന്ന ബ്രഹ്മവും ഒന്നാകുന്നു എന്ന്‌ ഉപദേശിക്കപ്പെടുന്നു. ഈ ആശയത്തിണ്റ്റെ ഗഹനത കൊണ്ടാകണം ശ്രീ ശങ്കരൻ ഉദാഹരണസഹിതം വിശദീകരിക്കുന്നതിനു വേണ്ടി വാക്യവൃത്തി എന്ന ഒരു പ്രകരണ ഗ്രന്ഥം രചിച്ചത്‌. നേഹ നാനാസ്തി കിഞ്ചനഃ - രണ്ടാമതായി യാതൊന്നും തന്നെ ഇവിടെയില്ല, എന്ന്‌ പലതവണ ആവർത്തിക്കപ്പെടുന്നുണ്ട്‌.

ഈ വാക്യം പറയുന്നയാളും ഇതു കേൾക്കുന്നയാളും ദേശം കാലം എന്നീ ഉപാധികൾ മാത്രമല്ലാ, ശാരീരികമായ വലിപ്പച്ചെറുപ്പത്തേയും മാറ്റി നിർത്തി വ്യക്തിയെ മാത്രം തിരിച്ചറിയുന്നു. അദ്വൈതം ആത്മാവിനെ ബ്രഹ്മമെന്ന്‌ തിരിച്ചറിയുന്നതും ഇതു പോലെ എല്ലാ ഉപാധികളെയും മാറ്റി നിർത്തിയിട്ടാണ്‌. എന്നിലെ ഞാനാണ്‌ ആത്മാവ്‌. ആ എന്നെ ഉപാധികളെല്ലാം അഴിച്ച്‌ തിരിച്ചറിയുമ്പോൾ അതു തന്നെയാണ്‌ ബ്രഹ്മം.

കഠോപനിഷത്തിലും ഭഗവത്‌ ഗീതയിലും ഉള്ള ഒരു ശ്ളോകം നോക്കുക:
"ന ജായതേ മ്രിയതേ വാ വിപശ്ചി-
ന്നായം കുതശ്ചിന്ന ഭബൂവ കശ്ചിത്‌
അജോ നിത്യ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ"

ന ജായതേ മ്രിയതേ വാ - ജനിക്കുന്നുമില്ലാ മരിക്കുന്നുമില്ലാ വിപശ്ചിത്‌ - ആത്മാവ്‌ ന ആയം കുതശ്ചിത്‌ - എവിടെ നിന്നും വന്നതല്ല ന ഭബൂവ കശ്ചിത്‌ - ഒന്നും ഇതിൽ നിന്നും ഉണ്ടായിട്ടില്ല അജം - ജനിക്കാത്തത്‌ നിത്യം ശാശ്വതം (അതേ അർത്ഥം) പുരാണൻ - വളരെ മുമ്പുള്ളത്‌ ന ഹന്യതേ - ഹനിക്കപ്പെടുന്നില്ല ഹന്യമാനേ ശരീരേ - ശരീരം ഹനിക്കപ്പെട്ടാലും

ശ്രീ ശങ്കരൻ സത്യത്തിൽ അദ്വൈതം പുനഃസ്ഥാപിക്കുകയായിരുന്നു ചെയ്തത്‌. ന്യായം, വൈശെഷികം, പൂർവ്വ മീമാംസ, ചാർവാകം ശൂന്യവാദം സാംഖ്യം എന്നിങ്ങനെ വിവിധ തത്ത്വശാസ്ത്രങ്ങൾ ഭാരതത്തിൽ പ്രബലമായിരുന്നു. അദ്വൈതം ഏറെക്കുറെ മങ്ങിത്തുടങ്ങിയ ഒരു കാലഘട്ടത്തിലാണ്‌ ശ്രീ ശങ്കരന്റെ ആഗമനം. തന്റെ സ്വതസ്സിദ്ധമായ വാക്‌ ചാതുരിയിലൂടെ തർക്കങ്ങളിൽ വിജയിച്ച്‌ അദ്വൈത സിദ്ധാന്തം വീണ്ടും അംഗീകരിപ്പിക്കുകയായിരുന്നു ശ്രീ ശങ്കരൻ ചെയ്തത്‌. ഇതര സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നവർ ശങ്കരശിഷ്യൻമാരായതോടെ അദ്വൈതം അതിന്റെ പഴയ നിലയിലേക്ക്‌ തിരിച്ചു വന്നു.

ഗായത്രി മന്ത്രം

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.
ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്


ഓം ഭൂര്‍ ഭുവ : സ്വ:

തത് സവിതുര്‍ വരേണ്യം

ഭര്‍ഗോദേവസ്യ ധീമഹി

ധീയോയോന: പ്രചോദയാത്




ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂ - ഭൂമി

ഭുവസ് - അന്തരീക്ഷം

സ്വർ - സ്വർഗം

തത് - ആ

സവിതുർ - ചൈതന്യം

വരേണ്യം - ശ്രേഷ്ഠമായ

ഭർഗസ് - ഊർജപ്രവാഹം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു


ധിയോ യോ ന - ബുദ്ധിയെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ


വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.


സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.

ബലിക്കല്ലില്‍ ചവുട്ടുന്നത് ദോഷമോ?

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ബലിക്കല്ലില്‍ ചവുട്ടാതെ നോക്കേണ്ടത് ഭക്തന്റെ കടമയാണ്. ക്ഷേത്രശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അവയില്‍ അറിയാതെ ചവുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ ഒരു കാരണവശാലും വീണ്ടും അതില്‍ തൊട്ട് ശിരസ്സില്‍ വയ്ക്കാന്‍ പാടില്ലെന്ന് ആചാര്യന്മാര്‍ വിലക്കിയിട്ടുണ്ട്. ബലിക്കല്ലില്‍ ചവുട്ടുന്നത് വലിയ തെറ്റായിരിക്കെ അതില്‍ വീണ്ടും കൈ കൊണ്ട് തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണ്. അറിയാതെ ബലിക്കല്ലില്‍ ചവുട്ടിപ്പോയാല്‍ പ്രായശ്ചിത്തമായി താഴെക്കാണുന്ന മന്ത്രം മൂന്നുപ്രാവശ്യം ജപിക്കണം.

"കരചരണകൃതം വാ കായജം കര്‍മ്മജം വാ
ശ്രവണ നയനജം വാ, മാനസം വ്യാപരാധം
വിഹിതമവിഹിതം വാ സര്‍വ്വമേതത്ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവശംഭോ"

ഈ മന്ത്രം ജപിച്ചാല്‍ അറിയാതെ ചെയ്ത അപരാധം നീങ്ങുമെന്നാണ് വിശ്വാസം.

ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്‍ത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്‍പ്പിക്കുന്നത്. ഒരു കല്ലില്‍ നിന്നും ശക്തി മറ്റൊരു ബലിക്കല്ലിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ ദേവവിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാന്‍ ഒരിക്കലും ഇടവരാന്‍ പാടില്ല. എന്നാല്‍ നടവഴിയിലൂടെ ഭക്തര്‍ക്ക്‌ സഞ്ചരിക്കാം. കാരണം നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പൂച്ച കുറുകെ ചാടിയാല്‍ ദോഷമോ?

പൂച്ചയോട് ആര്‍ക്കും അത്രയ്ക്ക് വിരോധമില്ല; സ്നേഹവും വാത്സല്യവും അല്പം കൂടുതലുമാണ്. എന്നാല്‍ അതിന്റെ ശകുനത്തിന് അമിതപ്രാധാന്യമാണ് കല്‍പിച്ചുകാണുന്നത്. പൂച്ച കുറുകെ ചാടിയാല്‍ ആ വഴി പോകണ്ട എന്നൊരു വിശ്വാസവും ഇന്നും ചിലരെങ്കിലും പാലിക്കുന്നുണ്ടുതാനും. പൂച്ച വലതുവശത്തുനിന്ന് ഇടത്തേക്ക് പോകുന്നതിനെ ശുഭശകുനമെന്നും ഇടത്തുനിന്ന് വലത്തേക്ക് പോകുന്നതിനെ ദുശകുനമെന്നുമാണ് വിളിക്കുന്നത്. ഇതിന് ഒരു അടിത്തറയുണ്ടെന്നതാണ് വാസ്തവം. ആറാം ഇന്ദ്രിയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ ഒരു പ്രധാനപ്പെട്ട ജീവിയാണ് പൂച്ചയെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

പൂച്ച ഓടിവരുന്ന ഭാഗത്തേയ്ക്ക് പോകരുതെന്നായിരിക്കാം ആദ്യകാലത്ത് പറഞ്ഞു വന്നിരുന്നത്. കാരണം ശത്രുഭയത്താലാണ് പൂച്ച ഓടി വരുന്നത്. എന്നാല്‍ ക്രമേണ വലതു വശത്ത് നിന്ന് ഇടത്ത് വശത്തേക്കായാല്‍ നല്ല ശകുനമെന്നും മറിച്ചായാല്‍ മോശമെന്നുമൊരു സങ്കല്‍പം ഉണ്ടായത്.

മരണവീട്ടില്‍പ്പോയി വന്നാല്‍ അടിച്ചുനനച്ചു കുളിക്കണമോ?



മരണവീട്ടില്‍ അന്വേഷണം നടത്തി തിരികെ വരുന്ന ആളിനെ അടിച്ചുനനച്ച് കുളിക്കാതെ സ്വന്തം വീട്ടില്‍ കയറ്റാത്ത കാലമുണ്ടായിരുന്നു. ഇപ്പോളതൊക്കെ മാറി.

ഇക്കഥ ആരോടെങ്കിലും ഇപ്പോള്‍ പറഞ്ഞാല്‍ അതൊക്കെ വെറും പഴഞ്ചന്‍ ആചാരങ്ങള്‍ എന്ന് പറയാനാണ് യുവതലമുറയ്ക്ക് താല്പര്യം.

മരിച്ച ആളിന്‍റെ പ്രേതം, മരണമന്വേഷിച്ചു ചെല്ലുന്ന ആളില്‍ ആവേശിക്കുമെന്നും അതൊഴിവാക്കാനാണ് സ്വഭവനത്തില്‍ കയറുന്നതിനുമുമ്പ് ഇട്ടിരിക്കുന്ന തുണികള്‍ സഹിതം നനച്ച് കുളിക്കുന്നതെന്നുമായിരുന്നു ചിലരുടെ വിശ്വാസം. എന്നാല്‍ ഇത്തരത്തില്‍ ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് അന്ധവിശ്വാസം തന്നെയാണ്.

പക്ഷേ ഇതിന്‍റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്.

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മൃതമായ ശരീരത്തില്‍ നിന്നും ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയാണ് പതിവ്. മൃതശരീരത്തില്‍ തൊടുകയോ മൃതദേഹത്തിന്‍റെ സമീപം ചെല്ലുകയോ ചെയ്യുന്നവരില്‍ ഈ വിഷാണുക്കള്‍ സ്വാഭാവികമായും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ബാധിക്കുന്ന അണുക്കളെ ശരീരത്തില്‍ നിന്നും തുരത്തേണ്ടതാണ്. ഇവയെ തുരത്തുന്നതിന് ശരീരത്തിന് സ്വയം പ്രതിരോധശക്തിയുണ്ടാക്കാനാണ് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത്.

ശരീരത്തില്‍ വെള്ളം വീണ് തണുക്കുമ്പോള്‍ മസ്തിഷ്ക്കത്തില്‍ നിന്നും വൈദ്യുതി തരംഗങ്ങള്‍ പുറപ്പെട്ട് ശരീരമാസകലം ഊര്‍ജ്ജം പുനസ്ഥാപിക്കും. ഈ ഇലക്ട്രിക് ഷോക്കില്‍ വിഷാണുക്കളാകട്ടെ നശിപ്പിക്കപ്പെടുകയും ചെയ്യും. വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാണുക്കള്‍, നനയ്ക്കുകയും ശരീരത്തില്‍ തോര്‍ത്തുകയും ചെയ്യുന്നതോടെ നശിക്കുകയാണ് ചെയ്യുന്നത്.

ഇക്കാരണത്താലാണ് മരണവീട്ടില്‍ പോയി വന്നാല്‍ വീട്ടില്‍ കയറുന്നതിനു മുമ്പ് അടിച്ചു നനച്ച് കുളിക്കണമെന്നു പറയുന്നത്.

തേങ്ങാമുറി എന്ന നാട്ടാചാരം (ശബരിമല)



ഭാരതീയാചാരപ്രകാരം ഗണപതിപ്രീതിക്കു ശേഷമാണെല്ലാം. വിഘ്നങ്ങള്‍ മാറുവാനും സര്‍വ്വ സമ്പല്‍സമൃദ്ധിക്കും ഗണപതിയെ വണങ്ങി ഏതുകാര്യവും തുടങ്ങുന്നു. പമ്പാസ്നാനം കഴിഞ്ഞു മലചവിട്ടാന്‍ തുടങ്ങുന്ന ഭക്തന്‍ ആദ്യം കാണുന്നത് പമ്പാഗാണപതിയെയാണ്. സന്നിധാനത്തില്‍ ഭഗവാന്റെ കന്നിമൂലയില്‍ സകലകല്യാണമൂര്‍ത്തിയായി ഗണപതി ഇരിക്കുന്നു. അയ്യപ്പദര്‍ശനത്തിനൊരുങ്ങുന്ന ഭക്തന്‍ സ്വഭവനത്തിലും ഗണപതി പ്രീതിവരുത്തേണ്ടതുണ്ട്. മാലയിട്ട് ഇരുപത്തിയൊന്നാമത്തെ ദിവസം 'തേങ്ങാമുറി' എന്നൊരാചാരമുണ്ട്. മാലയിടുമ്പോള്‍ അയ്യപ്പമന്ത്രം ചൊല്ലികൊടുത്ത ഗുരുസ്വാമിക്കാണിതിന്റെ അവകാശം. മുറ്റത്ത് പന്തലിട്ട് കുരുത്തോല, മാവില, ആലില എന്നിവ തോരണം ചാര്‍ത്തി കന്നിരാശിഭാഗത്ത് ഗണപതിപീഠവും വയ്ക്കണം. മിഥുനം രാശിയിലോ ഇടവം രാശിയിലോ ശാസ്താപീഠവും വയ്ക്കണം. ഗണപതിപീഠത്തില്‍ ഗണപതിയെ വിധിപ്രകാരം ആവാഹിച്ചിരുത്തി നിവേദ്യം കൊടുത്തതിനുശേഷം ശാസ്താവിനേയും ആവാഹിച്ചിരുത്തി നിവേദ്യം കൊടുക്കുന്നു. തുടര്‍ന്ന് ഗുരുസ്വാമി ഒരു ദൈവജ്ഞന്റെ സാന്നിദ്ധ്യത്തില്‍ ഗണപതിക്ക്‌ മുന്നില്‍ സര്‍വ്വവിഘ്ന പരിഹാരാര്‍ത്ഥംനാളികേരം മുറിക്കുന്നു. ഈ ചടങ്ങാണ് 'തേങ്ങാമുറി'. ശേഷം മുറികള്‍ ഗണപതിപീഠത്തിനു മുമ്പില്‍ മലര്‍ത്തിവെച്ച് വീണ്ടും അതില്‍ വെള്ളമൊഴിച്ച് നിറച്ച് അതില്‍ ചെത്തിപ്പൂവിട്ട് ചുറ്റിച്ച് പൂവടുക്കുന്ന ദിക്കുനോക്കി ഫലം മനസ്സിലാക്കി തടസ്സങ്ങളുണ്ടെങ്കില്‍ അതിനുള്ള പൂജകള്‍ നടത്തുന്നു. ഇവിടെ ഗണപതിക്കുടച്ച നാളികേരവും നിവേദ്യം വച്ച മലരും ഉണക്കി മലയാത്രയ്ക്കുനേദ്യമായി കൊണ്ടുപോകുന്നു. തേങ്ങാമുറിക്കുശേഷം ഒരു നല്ല കരിങ്കല്ലുകഴുകി പന്തലിനുമുന്നില്‍ സ്ഥാപിക്കുന്നു. ഈ കല്ലില്‍ ഗണപതിയെ സങ്കല്‍പ്പിച്ച് നാളികേരമുടക്കുന്നു. ഓരോ അയ്യപ്പന്മാരുടെ ഭവനത്തിലും ഇത്തരം ചടങ്ങുകള്‍ നടത്തുകയും അവിടെയെല്ലാം നാടും നഗരവും ഒന്നുചേരുകയും ചെയ്യും. വ്രതം 30 ദിവസങ്ങള്‍ കഴിയുമ്പോള്‍ സന്നിധാനത്തിലേയ്ക്കുള്ള യാത്രയ്ക്ക് തുടക്കമാകുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പച്ച നെല്ലുകുത്തി എടുത്ത അരി ഉണക്കി അതാണ്‌ കെട്ടിലിടുന്നത്. കൂടാതെ മുദ്രയും നിറയ്ക്കുന്നു. നാളികേരത്തില്‍ ശുദ്ധമായ പശുവിന്‍നെയ്യാണ് മുദ്രയായി നിറയ്ക്കുന്നത്. ഈ നെയ്യ് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുവാനാണ് നമ്മള്‍ കൊണ്ടുപോകുന്നത്. വ്രതശുദ്ധികൊണ്ട് പവിത്രീകരിച്ച ആത്മാവിനെ ആചാരനിഷ്ഠകൊണ്ട് ശുദ്ധമാക്കിയ നാളികേരത്തില്‍ നിറച്ച് ഭഗവാനെ അടിമുടി അഭിഷേകം ചെയ്യുന്നതിനായി സമര്‍പ്പിക്കുമ്പോള്‍ മോക്ഷം എന്ന അനന്തമായ സമാധാന ലക്ഷ്യം നമ്മള്‍ സാക്ഷാത്ക്കരിക്കുന്നു.

വിദ്യാരംഭം


ഹരിശ്രീ കുറിക്കുക്ക, വിദ്യാരംഭം നടത്തുക എന്നത് വളരെ പാവനമായ ഒരു സരസ്വതി പൂജയാണ്. ഇതിന് പല നിയമങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. മൂന്ന് വയസ്സില്‍ വിദ്യാരംഭം നടത്തണം. തിരുവാതിര, ഊണ്‍ നാളുകളായ അശ്വതി, രോഹിണി, മകീര്യം, പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നാളുകള്‍ വിദ്യാരംഭത്തിന് അനുയോജ്യമാണ്. സരസ്വതിയോഗമുള്ള സമയം വിദ്യാരംഭത്തിന് യോജ്യമാണ്. വിദ്യാരംഭം നടത്തുന്ന കുട്ടിക്ക് ഒറ്റവയസ്സ് മാത്രമേ പാടുള്ളൂ. (ഉദാഹരണം 3 വയസ്സ്, 5 വയസ്സ് ), സ്ഥിരരാശികളും മീനം രാശിയും ബുധന് മൌഡ്യം ഉള്ള കാലവും വിദ്യാരംഭത്തിന് ശുഭമല്ല. ചൊവ്വ, ശനി എന്നീ ദിവസങ്ങളിലും ജന്മനക്ഷത്രം വരുന്ന ദിനങ്ങളിലും വിദ്യാരംഭം നടത്തരുത്. സരസ്വതി പ്രീതിയുള്ള ബുധനാഴ്ച വിദ്യാരംഭത്തിന് ഏറെ ഉത്തമമാണ്. തിങ്കളാഴ്ചയും വിദ്യാരംഭത്തിന് ഉത്തമമാണ്.

ക്ഷേത്രാങ്കണത്തില്‍ വെച്ചും മറ്റ് പാവനമായ സന്നിധികളിലും വിദ്യ നല്‍കാം. കൊല്ലൂര്‍ മുകാംബിക, തിരുവുള്ളക്കാവ്, ചോറ്റാനിക്കര, പറവൂര്‍ മൂകാംബിക, പനച്ചിക്കാട് എന്നീ ക്ഷേത്രങ്ങളില്‍ വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ഉണ്ട്.

വിദ്യ നല്‍കാന്‍ ഏറ്റവും ഉത്തമന്‍ ദക്ഷിണാമൂര്‍ത്തിയാണ് എന്ന് പലര്‍ക്കും അറിയില്ല. കാരണം സതി വിയോഗത്തിനുശേഷം ധ്യാനനിരതനായി കല്‍പവൃക്ഷച്ചുവട്ടില്‍ തെക്കോട്ട്‌ തിരിഞ്ഞിരിക്കുന്ന ദക്ഷിണാമൂര്‍ത്തിക്കുമുന്നില്‍ നിന്നാണ് ദേവഗുരു ബ്രുഹസ്പതിയും, ദേവി മൂകാംബികയും വിദ്യ ഗ്രഹിച്ചത് എന്നാണ് ഐതീഹ്യം. അതിനാലാണ് ദക്ഷിണാമൂര്‍ത്തി വിദ്യാദായകന്‍ ആകുന്നത്. ശിവന്റെ സന്യാസരൂപമാണ് ദക്ഷിണാമൂര്‍ത്തി. വൈക്കം ക്ഷേത്രത്തില്‍ രാവിലെ ശിവന് ദക്ഷിണാമൂര്‍ത്തി രൂപമാണ്. കണ്ടിയൂര്‍ ശിവക്ഷേത്രം, ചേന്ദമംഗലം പുതിയ തൃക്കോവില്‍ എന്നിവടങ്ങളിലും വിദ്യാരംഭം കുറിയ്ക്കാന്‍ ഉത്തമാങ്ങളാകുന്നു.

ആചാര്യന്‍, പിതാവ്, അമ്മാവന്‍ തുടങ്ങി സരസ്വതി പ്രീതിയുള്ള ആര്‍ക്കുവേണമെങ്കിലും വിദ്യാരംഭം നല്‍കാനാവും. വിദ്യനല്‍കുന്ന വ്യക്തിയും കുട്ടിയും തമ്മില്‍ അഷ്ടമരാശികൂറു (ജനിച്ച നക്ഷത്രം അടങ്ങിയ നക്ഷത്രകൂറിന്റെ എട്ടാമത്തെ നക്ഷത്രകൂറില്‍ ഉള്ള നക്ഷത്രത്തില്‍ ജനിച്ചവര്‍ പരസ്പരം) വരാതിരിക്കുന്നത് ഉത്തമം . വിദ്യനല്‍കുന്നയാള്‍ കുട്ടിയെ മടിയിലിരുത്തി ദേവതയ്ക്ക് അഭിമുഖമായി ഇരുന്ന് കുഞ്ഞിന്റെ നാക്കില്‍ സ്വര്‍ണ്ണം കൊണ്ട് ഹരിശ്രീ ഗണപതയെ നമഃ എന്നെഴുതണം. ശേഷം ഉരുളിയില്‍ നിരത്തിയിട്ടിരിക്കുന്ന ഉണക്കലരിയില്‍ ഹരിശ്രീ തുടങ്ങിയ അക്ഷരങ്ങള്‍ കുട്ടിയുടെ മോതിരവിരല്‍ കൊണ്ട് എഴുതിപ്പിക്കണം. കുട്ടിയെ എഴുതിക്കാന്‍ ഉപയോഗിച്ച ഉണക്കലരി പൊടിച്ച് അപ്പം ഉണ്ടാക്കി പ്രസാദമാക്കി കുടുംബത്തിലുള്ളവര്‍ കഴിക്കണമെന്നും ആചാരം നിലനില്‍ക്കുന്നുണ്ട്. സരസ്വതിവ്രതദിനങ്ങളായ നവരാത്രിയിലെ അവസാനദിനമായ വിജയദശമി വിദ്യാരംഭം നടത്തുന്നത് ഏറെ ഉത്തമമാണ്. വിദ്യാരംഭം നടന്നതിനു ശേഷം ദിവസവും സരസ്വതി കീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് ഗുണം വര്‍ദ്ധിപ്പിക്കുന്നതാണ്.


‎' നമസ്തേ ' പറയുന്നത് എന്തിന്?

ഭാരതീയപാരമ്പര്യത്തിലെ ആണികല്ലാണ് ബഹുമാനം. മുതിര്‍ന്നവരോടും ബഹുമാന്യരോടും " നമസ്തേ " പറയുന്നതും നമുക്ക് ലഭിച്ച പാരമ്പര്യസ്വത്താണ്.

ഒരാളിനെ ദിവസത്തില്‍ ആദ്യമായി കാണുമ്പോഴും കുറച്ചു നാളുകള്‍ക്കുശേഷം കാണുമ്പോഴുമൊക്കെ "നമസ്തേ " പറഞ്ഞ് അഭിവാദ്യം ചെയ്താണ് സ്വീകരിച്ചിരുന്നത്. മാത്രമല്ല സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ നിന്ന്, അതിഥിയെ ഇരുത്തിയശേഷമേ ആതിേഥയന്‍ ഇരിക്കാറുള്ളു. അതിഥി മടങ്ങുമ്പോഴും വാതില്‍പ്പടിവരെ കൊണ്ടുചെന്നാക്കാനും നാം മറന്നിരുന്നില്ല. എന്നാല്‍ കാലമൊക്കെ മാറി ഇന്നതിനെ തള്ളിക്കളയാനും പുച്ഛിക്കാനുമാണ് ഇളമുറക്കാര്‍ക്കേറെ താല്‍പ്പര്യം.

രണ്ടു കൈപ്പടങ്ങളും ചേര്‍ത്ത് തലകുനിച്ചാണ് നമസ്തേ പറയുന്നത്. ന = അല്ല, മ = എന്റെ, തേ = അങ്ങയുടേത്‌ എന്നിങ്ങനെ ആണ് നമസ്തേ എന്ന വാക്കിന്റെ അക്ഷരങ്ങളുടെ അര്‍ത്ഥം. താന്റെതായി ഈ കാണുന്ന ശരീരം തന്റെ സ്വാര്‍ത്ഥലാഭത്തിനുള്ളതല്ലെന്നും അങ്ങയുടെ സേവനത്തിന് താന്‍ സദാ ഒരുക്കമാണെന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍, താന്‍ മുന്നില്‍ക്കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍നിന്നും നമുക്ക് വായിച്ചെടുക്കാം.

നാലമ്പല ദര്‍ശനം


കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്‌. അതിലും വിശേഷമാണ്‌ നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ്‌ നാലമ്പലങ്ങള്‍ എന്നുപറയുന്നത്‌. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്‌. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്‌.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്‌. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ്‌ ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക്‌ അവ ലഭിച്ചുവെന്നുമാണ്‌ ഐതിഹ്യം. മുക്കുവര്‍ ആ നാല്‌ വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക്‌ സമ്മാനിക്കുകയും അദ്ദേഹമാകട്ടെ അവയെ യഥാവിധി പ്രതിഷ്ഠിച്ച്‌ ആരാധിക്കുകയും ചെയ്തു.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ്‌ ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്‌, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ്‌ ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്‌. ആറാട്ട്‌ പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത്‌ തൃപ്രയാറപ്പനാണ്‌. ബാധാ ഉപദ്രവങ്ങളില്‍നിന്ന്‌ മുക്തി സിദ്ധിക്കുന്നതിന്‌ തൃപ്രയാറപ്പനെ ഉപാസിക്കുന്നത്‌ ഉത്തമാണെന്നാണ്‌ വിശ്വാസികള്‍ പറയുന്നത്‌.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം
തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത്‌ തപസ്സനുഷ്ഠിക്കുന്ന ഭരതനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട്‌ വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ്‌ ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്‌. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്‌. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച്‌ നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ്‌ ഐതിഹ്യം. ഇതിനുശേഷമാണ്‌ കൂടല്‍മാണിക്യം എന്ന പേരുണ്ടായത്‌. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക്‌ കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്‌. ആണ്‍കുട്ടിയുണ്ടാകുന്നതിന്‌ കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന്‌ വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക്‌ വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന്‌ നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്‌ മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്‌. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ്‌ വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം
ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. നൂറ്റിയെട്ട്‌ തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്‌വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്‌. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്‌, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ്‌ ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ്‌ ഇവിടെ വസിക്കുന്നതെന്നാണ്‌ ഐതിഹ്യം. അതുകൊണ്ട്‌ ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്‌.

പായമ്മല്‍ ശത്രുഘ്നക്ഷേത്രം
കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ്‌ കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ്‌ ശത്രുഘ്നന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ്‌ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്‌ ഉത്തമമാണെന്ന്‌ കരുതപ്പെടുന്നു.

ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത്‌ പാപപരിഹാരമാണെന്ന്‌ കരുതുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത്‌ മറ്റ്‌ മൂന്ന്‌ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക്‌ തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത്‌ വളരെ പുണ്യപ്രദമാണെന്ന്‌ കരുതുന്നു. ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്‌.

രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത്‌ തെക്കേടത്ത്‌ മനയില്‍ ശത്രുഘ്ന ക്ഷേത്രം ഇവയാണ്‌ മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.

ധ്യാനം ജീവിതത്തിനു ഗുണം ചെയ്യുന്നതെങ്ങനെ?

ധ്യാനം ജീവിതത്തിനു ഗുണം ചെയ്യുമെന്നാണ് പഴയ തലമുറ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

ശാന്തമായിരുന്ന്, ഏകാഗ്രതയോടെ, തന്നിലും സര്‍വ്വചരാചരങ്ങളിലും കുടി കൊള്ളുന്ന ചൈതന്യം പരമമായ ഈശ്വര ചൈതന്യത്തിന്റെ സ്ഫുരണമാണെന്ന് സങ്കല്‍പ്പിച്ചുകൊണ്ടുള്ള ഉപാസനയത്രേ ധ്യാനം.

യുഗങ്ങള്‍ കൊണ്ട് മാത്രം നടക്കാനിടയുള്ള മനസ്സംസ്ക്കരണം ത്വരിതപ്പെടുത്തി, ഈ ജന്മത്തില്‍ തന്നെ പരിണാമം സാക്ഷാത്ക്കരിക്കാനുള്ള സാധനയാണെന്നും ധ്യാനത്തിന് വിശേഷണങ്ങളുണ്ട്‌.

ധ്യാനത്തിന്റെ ഗുണങ്ങളെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. മനസ്സിന്റെയും ബുദ്ധിയുടേയും ശക്തി നേടിയെടുക്കുവാന്‍ ഒരൊറ്റ മാര്‍ഗ്ഗം മാത്രമേ ആധുനിക ശാസ്ത്രം ഉപദേശിക്കുന്നുള്ളു. അത് ധ്യാനത്തിന്റെ മാര്‍ഗ്ഗമാണ്. മനസ്സിനെ ഏകാഗ്രമാക്കി ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിച്ച് ധ്യാനിച്ചാല്‍ മനസ്സിനെ മറ്റെല്ലാ ചിന്തകളില്‍ നിന്നും മോചിപ്പിക്കും.

ധ്യാനത്തിന്റെ അഗാധതലത്തിലെത്തുമ്പോള്‍ മസ്തിഷ്ക്കത്തിലെ ബീറ്റാ തരംഗങ്ങള്‍, ആല്‍ഫാ, ഗാമാ, ഡല്‍റ്റ, തീറ്റ എന്നീ തരംഗങ്ങളായി മാറുന്നുവെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഇവയ്ക്ക് മസ്തിഷ്ക്കത്തെ അനേകം മടങ്ങ്‌ വലിപ്പത്തില്‍ പ്രവര്‍ത്തനനിരതമാക്കാനാകുമത്രേ!. 'ഇ. ഇ. ജി' പഠനത്തിലൂടെ ഇതു തെളിയിച്ചിട്ടുണ്ട്.

വൈദേശിക സര്‍വ്വകലാശാലകള്‍ തങ്ങളുടെ അംഗീകൃത മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ ധ്യാനത്തിന് അര്‍ഹമായ സ്ഥാനമാണ് ഇപ്പോള്‍ നല്‍കിവരുന്നത്.

വെള്ളമോതുന്നത് ശാസ്ത്രീയമോ?

പ്രായോഗികമായോ ശാസ്ത്രീയമായോ ഒരു ഗുണവുമില്ലെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ഒത്തിരി വിശ്വാസങ്ങള്‍ നാം ഇപ്പോഴും വച്ച് പുലര്‍ത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളമോതല്‍. നാട്ടിന്‍പുറങ്ങളില്‍ പലയിടത്തും ഇന്നും ഇതു കാണുന്നുണ്ട്. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍. ഒരു വ്യക്തിയില്‍ മറ്റാരുടെയെങ്കിലും കരിങ്കണ്ണ് ഏറ്റാല്‍ അയാള്‍ക്ക്‌ ഉണ്ടാകുന്ന അസ്വാസ്ഥങ്ങള്‍ മാറികിട്ടാനാണ് വെള്ളമോതുന്നത്. പച്ചവെള്ളത്തില്‍, തുളസിയിലയോ തെറ്റിപ്പൂവോ ഇട്ടശേഷം അതെടുത്ത് പ്രസ്തുത വ്യക്തിക്കഭിമുഖമായി ഇരുന്ന് ചില മന്ത്രങ്ങള്‍ ഉരുവിട്ടശേഷം തലയില്‍ ഇടുന്നതിനേയാണ് വെള്ളമോതുകയെന്നു പറയുന്നത്. തനിക്കേറ്റിരുന്ന കരിങ്കണ്ണ് ഈ വെള്ളമോതലിലൂടെ മാറിക്കിട്ടിയെന്ന് വ്യക്തി മനസ്സില്‍ തറപ്പിക്കുന്നതോടെ അയാളുടെ അസ്വാസ്ഥങ്ങള്‍ മാറിക്കിട്ടുന്നത് സ്വാഭാവികം. ഇത് ഒരുതരം മാനസിക ചികിത്സാസമ്പ്രദായമാണ്. എന്നാല്‍ ഇതിനാകട്ടെ ഭക്തിയുടെയും മന്ത്രത്തിന്‍റെയുമൊക്കെ പരിവേഷം നല്‍കിയിരുന്നു എന്നുമാത്രം. മാത്രമല്ല, തുളസിയിലയുടെയും തെറ്റിപ്പൂവിന്‍റെയുമൊക്കെ ഔഷധഗുണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. രക്തശുദ്ധി വരുത്തി ദുര്‍മേദസ്സ് കുറയ്ക്കാന്‍ തെറ്റിപ്പൂവ് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നു.

സ്ത്രീകളുടെ അശുദ്ധി - പുലവാലായ്മകള്‍

ശരീരം അശുദ്ധമാകുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തരുത്. മൂന്നു ദിവസം വീട്ടില്‍ മാറിയിരിക്കണം. നാലാംനാള്‍ മുങ്ങികുളിച്ച് ശുദ്ധമായ ശേഷമേ അടുക്കളയില്‍ പ്രവേശിക്കാനും മറ്റുള്ളവരുമായി ഇടപെടാനും പാടുള്ളൂ. മൂന്ന് ദിവസം ഉപയോഗിച്ച വസ്ത്രങ്ങളും കിടന്നിരുന്ന പായും ശുദ്ധിവരുത്തണം.

ക്ഷേത്രദര്‍ശനത്തിന്, ശിവക്ഷേത്രത്തിലോഴികെ, ഏഴുനാള്‍ കഴിയണം. ഏഴുദിവസം അശുദ്ധി പാലിച്ച് എട്ടാം നാള്‍ മുങ്ങികുളിച്ച് ക്ഷേത്രദര്‍ശനം നടത്താം. അന്നുമുതല്‍ക്കെ പ്രസാദമണിയാവു. എന്നാല്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് പത്തു ദിവസം അശുദ്ധി പാലിച്ച് പതിനൊന്നാം ദിവസമേ പാടുള്ളൂ. അശുദ്ധിദിനം മുതല്‍ ഇരുപതു ദിവസം കഴിഞ്ഞാല്‍ ശിവക്ഷേത്ര ദര്‍ശനം പാടില്ല. 23 ദിവസം കഴിഞ്ഞാല്‍ മറ്റു ക്ഷേത്രങ്ങളിലും പോകരുത്. 

പ്രസവിച്ച ശേഷം ആറുമാസത്തേക്ക് ഒരു ക്ഷേത്രത്തിലും ദര്‍ശനം നടത്തരുത്. ആറാം മാസത്തില്‍ കുഞ്ഞിനു ചോറ് കൊടുക്കണം. അതിനുശേഷം കുഞ്ഞിനോടൊപ്പം ക്ഷേത്രദര്‍ശനം നടത്താം.

പുലവാലായ്മകള്‍ 

മരിച്ചയളിന്ടെ ഉറ്റബന്ധുക്കളും പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കളും പാലിക്കുന്ന ആശുദ്ധിയാണ് പുലവാലായ്മകള്‍.

പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കള്‍ പതിനൊന്നുദിവസത്തേക്ക് ക്ഷേത്രദര്‍ശനം പാടില്ല. നാലമ്പലത്തില്‍ കടക്കരുതെന്നാണ് നിബന്ധന. പതിനോന്നുരാത്രിക്ക് ശേഷം കുളിച്ച് ശുദ്ധമായി നാലമ്പലത്തില്‍ കടന്ന്‍ ദേവ ദര്‍ശനം നടത്താം. ഈ ആശുദ്ധിക്ക് ചില സ്ഥലങ്ങളില്‍ പെറ്റപുലയെന്നും ചില സ്ഥലങ്ങളില്‍ വാലായ്മയെന്നും പറയും. വര്‍ണഭേദമനുസരിച്ച് ഉറ്റബന്ധുക്കളുടെ പട്ടികയ്ക്ക് വ്യത്യാസമുണ്ട്. 

ഒരാള്‍ മരിച്ചാല്‍ ഉറ്റബന്ധുക്കള്‍ പാലിക്കുന്ന ആശുദ്ധിക്കു പുല എന്നു പറയുന്നു. പതിനഞ്ചുദിവസം മരണാനന്തരകര്‍മങ്ങള്‍ കഴിച്ച് പതിനാറാം ദിവസം പിണ്ഡം വച്ച് പതിനേഴാം നാള്‍ പിതൃവിനെ സ്വര്‍ഗലോകത്തെക്ക് ഉദ്വസിച്ചശേഷമേ ക്ഷേത്രദര്‍ശനം പാടുള്ളൂ. പതിനാറുരാത്രി കഴിഞ്ഞാല്‍ പുലവീടും.

ദേഹത്തില്‍നിന്നു വേര്‍പെടുന്ന ജീവാത്മാവ് സൂക്ഷ്മശരീരിയാണ്. ഷോഡശപിണ്ഡദാനംകൊണ്ട് പരേതാല്‍മാവിനു അവയവ പൂര്‍ത്തിവരുത്തിയാണ് സ്വര്‍ഗലോകത്തെക്ക് ഉദ്വസിക്കുന്നത് എന്നു വിധി. പിതൃഗതി വരുത്തിന്നു എന്നും ഇതിനു പറയും. യഥാവിധി പിതൃഗതി വരുത്തുന്നില്ലെങ്കില്‍ പരേതാത്മാവ് ഗതികിട്ടാതെ പ്രേതമായി അലയുമെന്നും അനുശാസിക്കുന്നു.

ഗൃഹശുദ്ധി

പുലവാലായ്മകള്‍ കഴിഞ്ഞാല്‍ പുണ്യാഹം തളിച്ച് ഗൃഹത്തില്‍ ശുദ്ധിവരുത്തെണ്ടാതാണ്. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമേ പുണ്യ സ്ഥാനങ്ങളില്‍ കടക്കാവു. 

ഇതുകൂടാതെയും നിത്യേനയുള്ള ഗൃഹശുദ്ധി ആവശ്യമാണ്‌. ഉദയത്തിനു മുന്‍പ് മുറ്റം അടിച്ച് വെള്ളം തളിച്ച് ശുദ്ധമാക്കണം. രാവിലെ മുറ്റമടിച്ച് വാരിക്കൂട്ടുന്ന ചപ്പുചവറുകള്‍ മുട്ടത്തു കൂട്ടിയിടാതെ അപ്പോള്‍ത്തന്നെ വാരിക്കളയണം. 

ഗൃഹത്തിനുള്ളിലും രാവിലെ തൂത്തു വൃത്തിയാക്കി വെള്ളം തളിക്കുകയും ഉമ്മറപ്പടി കഴുകുകയും വേണം. ചില വടക്കന്‍ ജില്ലകളില്‍ ഉമ്മറപ്പടി കഴുകാതെ ആരും യാത്രപോകില്ല.

വൈകുന്നേരവും ഗൃഹവും മുറ്റവും തൂത്തു വൃത്തിയാക്കി വെള്ളം തളിക്കണം. വൈകുന്നേരം മുറ്റമടിച്ചു വാരികൂട്ടുന്ന ചപ്പുചവറുകള്‍ മുറ്റത്തിന്ടെ മൂലയില്‍ കൂട്ടിവയ്ക്കുകയോ ചെയ്യാവു. വാരികളയരുത്. സന്ധ്യക്കു മുന്‍ബായിട്ടു വേണം ഇതു ചെയ്യുവാന്‍. ഈ സമയം വീടിനു മുന്‍വശമുള്ള മുറ്റം മാത്രമാണ് തൂക്കുക. കുറ്റിചൂലുകൊണ്ടാണ് മുറ്റം തൂക്കെണ്ടത്.

രാവിലെ കിഴക്കോട്ടും വൈക്കുന്നേരം പടിഞ്ഞാട്ടും സൂര്യന് അഭിമുഖമായി മുറ്റമടിക്കരുത്. മുറ്റമടിച്ച ശേഷം കാലും മുഖവും കൈകളും കഴുകിയിട്ടെ ഗൃഹത്തില്‍ കടക്കാവു

മഹാ മൃത്യുഞ്ജയ മന്ത്രം

മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.

ധ്യാനം :

നമ: ശിവാഭ്യാം
നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ട
വപുര്‍ധരാഭ്യാംനാഗേന്ദ്രകന്യാം
വൃഷകേതനാഭ്യാം നമോനമ:
ശങ്കര പാര്‍വതിഭ്യാം.

മന്ത്രം :

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.


മന്ത്രാര്‍ത്ഥം :

വെള്ളരി വള്ളിയില്‍ നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ, ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌. , അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

വാകച്ചാര്‍ത്ത് നടത്തുന്നത് എങ്ങനെ?

നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷമാണ് വാകച്ചാര്‍ത്ത് നടത്തുന്നത്. ഭഗവാന്‍റെ നിത്യകൃത്യങ്ങള്‍ വാകച്ചാര്‍ത്തോടെയാണ് ആരംഭിക്കുന്നത്. നിര്‍മ്മാല്യ ദര്‍ശനത്തിനുശേഷം പൂജാരി നിര്‍മ്മാല്യം വാരി വടക്ക് ഭാഗത്തിട്ട് കൈ കഴുകി വൃത്തിയാക്കി ബിംബത്തെ ശുദ്ധജലംകൊണ്ട് കഴുകി എണ്ണ (തൈലം) ആടുന്നു. ഈ എണ്ണ ഏറ്റവും വിശേഷപ്പെട്ട ഒന്നാണ്. ഔഷധഗുണവും ദൈവീക മൂല്യവും ഇതിനുണ്ട്. എണ്ണയാടിക്കഴിഞ്ഞാല്‍ എണ്ണമയം പോയാല്‍ വാകച്ചാര്‍ത്തായി. അതിനുശേഷം പുണ്യാഹം, സപ്തശുദ്ധി, പുരുഷസൂക്തം, അതാത് ദേവസൂക്തങ്ങള്‍ എന്നിവയില്‍ അഭിഷേകം ചെയ്ത് പൂവും ചന്ദനവും ചാര്‍ത്തുന്നു. ഈ സമയം ഉദയസൂര്യനെപ്പോലെ പ്രകാശിക്കുന്ന തേജോമയമായ ദേവബിംബത്തെ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്നു.

അഭിഷേകം

ബ്രാഹ്മണങ്ങള്‍, പുരാണങ്ങള്‍ എന്നീ ആധികാരിക ഗ്രന്ഥങ്ങളില്‍ അഭിഷേകത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.പ്രതിഷ്ഠാകാലം, ഉത്സവകാലം, ആപത്കാലം എന്നീ പ്രത്യേകാവസരങ്ങളിലും നിത്യമെന്നോണവും ദേവതകള്‍ക്ക് ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താറുണ്ട്. അഭിഷേകസാമഗ്രികള്‍ ദേവതാഭേദം, സന്ദര്‍ഭഭേദം എന്നിവയനുസരിച്ച് വിധിക്കപ്പെട്ടിരിക്കുന്നു. ക്രമങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

വെള്ളം- മനസ്സമാധാനം ഉണ്ടാകും.

നാരങ്ങ- മരണഭീതി മാറും.

എണ്ണ,നെല്ല്- വിഷജ്വരം ഇല്ലാതാകും.

പാല്‍ പഞ്ചാമൃതം- ധനലാഭം.

വാഴപ്പഴം- കൃഷി അഭിവൃദ്ധി.

പാല്‍- ആയുസ്സ് വര്‍ധിപ്പിക്കും.

ഭസ്മം- ത്രിലോക നന്മ.

തൈര്- സന്താന ഭാഗ്യം.

തേന്‍- ശബ്ദ സൌദര്യം.

ചന്ദനം- ഔനിത്യം.

പതയാന്‍ ശര്‍ക്കര, ശര്‍ക്കര- ശത്രുജയം, ദുഃഖം മാറും.

അന്നം- സര്‍വ്വസൌഭാഗ്യം ലഭിക്കും.

മാമ്പഴം- വിജയം നേടും.

ചന്ദനാദിതൈലം- ശരീര ആരോഗ്യം.

കലാശാഭിഷേകം- പ്രതീക്ഷകള്‍ നടക്കും.

വലമ്പിരിശാഖാഭിഷേകം- നന്മ.

സ്വര്‍ണ്ണാഭിഷേകം - ലാഭം.

സഹസ്രധാര- ലാഭം.

പനിനീര്- സരസ്വതീ കടാക്ഷം.

കരിമ്പുനീര്- ആരോഗ്യം.

നെയ്യ്- വീട് ഉണ്ടാക്കും.

പഞ്ചാമൃതം- ആരോഗ്യം.

തിരുമഞ്ജനപ്പൊടി- കട ബാധ്യതകള്‍ തീരും.