നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday 13 September 2012

മഹാകാളി


ആദിമകാലങ്ങളിൽ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടേയും കാലക്രമേണ ഹിന്ദുക്കളുടേയും ആരാധനാമൂർത്തിയായിത്തീർന്ന ദേവതയാണ്‌ കാളി ..ഭദ്രകാളി സംഹാരത്തിന്റെ ദേവതയായാണ് അറിയപ്പെടുന്നത്. സൃഷ്ടിയുടെ കാരണം സ്ത്രീയാണ്‌ എന്ന കാഴ്ചപ്പാടിൽനിന്നാണ്‌ ശാക്തേയർ ശക്തിയുടെ പ്രതീകമായി കാളിയെ സ്വീകരിച്ചതെങ്കിലും പിന്നീട് അത് പാർ‌വ്വതിയുടെ പര്യായമായിത്തീരുകയായിരുന്നു.

സംഘകാലത്ത് മറവരുടെ ദൈവമായിരുന്നു കൊറ്റവൈ. ചേരരാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് കൊറ്റവൈക്ക് ബലി അർപ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. കൊറ്റവൈയാണ് പിന്നീട് കാളിയായി രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു ... ജൈനരുടെ ദേവതകളായ മംഗളാ ദേവിയും അംബികയും പലയിടങ്ങളിൽ കാളിയായും ദുർഗ്ഗയായും രൂപാന്തരപ്പെട്ടിട്ടുണ്ട്...

ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ മൂന്നാം‍ കണ്ണിൽ നിന്ന് ദേവി പിറന്നു.ഇന്ന് മേർഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേർഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കാർഷികഗ്രാമങ്ങളിൽ നിന്നാണ് ഇന്ത്യയിൽ ആദ്യമായി അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകൾ ലഭിക്കുന്നത്.

ദ്രാവിഡരുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്,(ശിവൻ‍) മാതാവ്(കാളി) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) ആര്യന്മാർക്ക് അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം. ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
ഋഗ്വേദത്തിൽ ദേവിമാർ പൊതുവിൽ ദേവന്മാരേക്കാൾ വളരെ പ്രാധാന്യം കുറഞ്ഞവരാണ്‌.മനുസ്മൃതിയിൽ മരണമടഞ്ഞ പിതാക്കന്മാർക്കായി ബലിയർപ്പിക്കേണ്ടതിനെപ്പറ്റി പറയുന്നു. നിത്യേനയുള്ള വൈശ്വദേവ ഭക്ഷണ തർപ്പണത്തെക്കുറിച്ച് പരാമർശിക്കുന്നതിൽ ഒരുരുള പിതൃബലിയായി പ്രത്യേകം നൽകണം. അവസനത്തെ ഉരുള മുജ്ജന്മ പാപത്താൽ മാറാരോഗം ബാധിച്ചവർക്കും മതഭ്രഷ്ടരായവർക്കും പട്ടികൾക്കും വേണ്ടി വെറും തറയിലാണ് വെക്കേണ്ടത്. എന്നാൽ ഇതിലെങ്ങും പിതൃക്കൾക്കൊപ്പം സഞ്ചരിക്കേണ്ട അമ്മമാരെപ്പറ്റി പരാമർശമില്ല. മാതൃദായകക്കാരായിരുന്ന ദ്രാവിഡരിൽ നിന്ന് പിതൃദായ സമ്പ്രദായത്തിലേക്കുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു. അമ്മമാർ വെറും ഭാര്യമാരാവാനായി നുഴഞ്ഞുകയറിയവർ മാത്രമായിത്തീരുന്നു. അഷ്ടകങ്ങൾ എന്നറിയപ്പെടുന്ന വാർഷികമായ ശ്രാദ്ധമൂട്ടിലും അമ്മമാർക്കവകാശമില്ല. വേദസമ്പ്രദായം അനുവദിക്കുന്നില്ലെങ്കിലും പിന്നീട് ബ്രാഹ്മണമതം ദേവിമാരെന്ന നിലയിൽ അമ്മമാർക്ക് വേണ്ടിയുള്ള ബലി തർപ്പണങ്ങൾ ഇന്ത്യയിലെ അനാര്യൻ അംശങ്ങളിൽ നിന്നും കടം കൊള്ളുന്നു. ഇത്തരത്തിൽ മുൻതലമുറയിലെ അമ്മമാരല്ലാത്ത മറ്റേതോ ദേവിമാർക്കായി (പൊതുവായ മാതൃത്വം-ത്രയംബക-മൂന്നുപേർ) വഴിയരികിൽ ശ്രാദ്ധമൂട്ടുന്ന രീതി പഴയകാലത്തെ ഇന്ത്യൻ സാഹിത്യകൃതികളിൽ കാണുന്നുണ്ട്..

മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു. .ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍

ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.

അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം.

No comments:

Post a Comment